പിന്നിലുപേക്ഷിക്കുന്ന ഈ പാരമ്പര്യത്തില്‍ അഭിമാനമുണ്ടോ? അതിന് ഞാന്‍ ഇപ്പോഴും വിട്ടുപോയിട്ടില്ലല്ലോ! ആരാധകരെ ത്രില്ലടിപ്പിച്ച് ധോനിയുടെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th October 2021 11:54 AM  |  

Last Updated: 16th October 2021 11:54 AM  |   A+A-   |  

ms_dhoni_chennai_super_kings_ipl

വീഡിയോ ദൃശ്യം

 

ദുബായ്: ഐപിഎല്‍ കിരീടം ഉയര്‍ത്തിയാല്‍ ധോനി വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ മടങ്ങുമ്പോള്‍ 12 സീസണുകളില്‍ ചെന്നൈയെ നയിച്ച് സൃഷ്ടിച്ച് പാരമ്പര്യത്തില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കി വിരമിക്കല്‍ സാധ്യതകള്‍ ധോനി തള്ളി...

ഞാന്‍ ഇപ്പോള്‍ പിന്നിലേക്ക് മാറിയിട്ടില്ല എന്നായിരുന്നു ധോനിയുടെ മറുപടി. ഞാന്‍ നേരത്തെ പറഞ്ഞിരുന്നു, ബിസിസിഐയുടെ നിലപാട് അനുസരിച്ചായിരിക്കും കാര്യങ്ങള്‍. രണ്ട് ടീമുകള്‍ പുതുതായി  വരുന്നു. ചെന്നൈക്ക് എന്താണ് ഗുണം ചെയ്യുക എന്നത് നോക്കിയാണ് തീരുമാനിക്കുക, ധോനി പറഞ്ഞു. 

ടോപ് മൂന്നിലോ നാലിലോ ഞാന്‍ ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം. ഫ്രാഞ്ചൈസി പ്രയാസപ്പെടുന്നില്ലെന്ന് ഉറപ്പിച്ച് ഒരു കരുത്തുറ്റ ടീമിനെ സൃഷ്ടിക്കുകയാണ്. അടുത്ത 10 വര്‍ഷത്തേക്ക് ടീമിനായി സംഭാവന നല്‍കാന്‍ സാധിക്കും വിധം ടീമിന്റെ ഹൃദയ ഭാഗത്തെ സൃഷ്ടിക്കാനാണ് നോക്കുന്നത് എന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ പറഞ്ഞു. 

ഓരോ കളിയിലും ഓരോ മാച്ച് വിന്നര്‍മാരാണ്. എല്ലാ ഫൈനലും സ്‌പെഷ്യലാണ്. കണക്ക് നോക്കിയാല്‍ ഫൈനലില്‍ തോല്‍ക്കുന്നതിലും ഞങ്ങള്‍ക്ക് സ്ഥിരതയുണ്ട്. കരുത്തോടെ തിരിച്ചുവരിക എന്നതാണ് പ്രധാനം, പ്രത്യേകിച്ച് നോക്കൗട്ടുകളില്‍. 

ചെന്നൈ ക്യാംപിനുള്ളില്‍ അധികം മീറ്റിങ്ങുകള്‍ ഉണ്ടാവില്ല. വണ്‍ ഓണ്‍ വണ്‍ ആയാണ് കാര്യങ്ങള്‍. പരിശീലന സെഷനുകളാണ് ഞങ്ങളുടെ മീറ്റിങ് സെഷനുകള്‍. ചെന്നൈയുടെ ആരാധകരോട് നന്ദി പറയുകയാണ്. സൗത്ത് ആഫ്രിക്കയില്‍ കളിച്ചപ്പോള്‍ പോലും ഞങ്ങള്‍ക്ക് പിന്തുണയുമായി ഏറെ ആരാധകരെത്തി. അതാണ് നമ്മള്‍ ആഗ്രഹിക്കുന്നത് എന്നും ധോനി പറഞ്ഞു.