പരമ ദയനീയം വിന്‍ഡീസ്; ആദില്‍ റഷീദിന്റെ പന്തുകള്‍ക്ക് മുന്നില്‍ മൂക്കും കുത്തി വീണ് ബാറ്റിങ് നിര

പരമ ദയനീയം വിന്‍ഡീസ്; ആദില്‍ റഷീദിന്റെ പന്തുകള്‍ക്ക് മുന്നില്‍ മൂക്കും കുത്തി വീണ് ബാറ്റിങ് നിര
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ടി20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡിസിന് ആദ്യ പോരാട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച. കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമായ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്റെ കൂറ്റനനടിക്കാരായ താരങ്ങളെല്ലാം ചേര്‍ന്നിട്ടും ബാറ്റിങ് പരമ ദയനീയമായി. വിന്‍ഡീസിന്റെ പോരാട്ടം വെറും 55 റണ്‍സില്‍ അവസാനിച്ചു. 

2.2 ഓവറില്‍ 2 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍

2.2 ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുത ആദില്‍ റഷീദിന്റെ കറങ്ങിത്തിരിഞ്ഞ പന്തുകള്‍ക്ക് മുന്നില്‍ വിന്‍ഡീസ് പട അടിതെറ്റി വീഴുകയായിരുന്നു. ഹാട്രിക്കിന്റെ വക്കില്‍ വരെയെത്തിയ താരം മാരകമായി പന്തെറിഞ്ഞു. 

രണ്ടക്കം കടന്നത് ഗെയ്ല്‍ മാത്രം

13 റണ്‍സെടുത്ത വെറ്ററന്‍ താരം ക്രിസ് ഗെയ്ല്‍ മാത്രമാണ് രണ്ടക്കം കടന്ന ഏക താരം. ഗെയ്ല്‍ 13 റണ്‍സെടുത്ത് മടങ്ങി. ലെന്‍ഡല്‍ സിമ്മണ്‍സ് (3), എവിന്‍ ലൂയീസ് (6), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (9), ഡ്വെയ്ന്‍ ബ്രാവോ (5), നിക്കോളാസ് പൂരന്‍ (1), ക്യാപ്റ്റന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ് (6), ആന്ദ്ര റസ്സല്‍ (പൂജ്യം), ഒബെഡ് മകോയ് (പൂജ്യം), രവി രാംപോള്‍ (മൂന്ന്) എന്നിവരെല്ലാം വന്നതും പോയതും എല്ലാം വളരെ പെട്ടെന്നായിരുന്നു. ആറ് റണ്‍സുമായി അകെല്‍ ഹൊസൈന്‍ പുറത്താകാതെ നിന്നു. 

മാരകമായി പന്തെറിഞ്ഞ് ഇംഗ്ലീഷ് ബൗളര്‍മാര്‍

ടോസ് നേടി ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിങിന് വിടുകയായിരുന്നു. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ തീരുമാനം ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞ് ശരിവച്ചതോടെ വിന്‍ഡീസ് താരങ്ങള്‍ക്ക് നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയായി. 

ആദില്‍ റഷീദ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മൊയീന്‍ അലി, ടൈമല്‍ മില്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com