കത്തിക്കയറി അസലങ്ക; ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം; ബംഗ്ലാദേശിനെ വീഴ്ത്തിയത് അഞ്ച് വിക്കറ്റിന്

കത്തിക്കയറി അസലങ്ക; ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം; ബംഗ്ലാദേശിനെ വീഴ്ത്തിയത് അഞ്ച് വിക്കറ്റിന്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാര്‍ജ: ടി20 ലോകകപ്പില്‍ വിജയത്തുടക്കമിട്ട് ശ്രീലങ്ക. ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ലങ്ക ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ നാലിന് 171റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ബംഗ്ലാദേശ് ഉയര്‍ത്തിയ 172 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക ഏഴ് പന്തുകള്‍ ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 

ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയില്‍ പരുങ്ങിയ ലങ്കയെ അര്‍ധ സെഞ്ച്വറി നേടിയ ചരിത് അസലങ്ക, ഭനുക രജപക്‌സ എന്നിവര്‍ ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. അസലങ്ക 49 പന്തുകളില്‍ നിന്ന് അഞ്ച് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 31 പന്തുകളില്‍ നിന്ന് മൂന്ന് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 53 റണ്‍സെടുത്താണ് രജപക്‌സ ക്രീസ് വിട്ടത്.   

172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. വിശ്വസ്തനായ കുശാല്‍ പെരേരയെ ആദ്യ ഓവറില്‍ തന്നെ ടീമിന് നഷ്ടമായി. ഒരു റണ്‍ മാത്രമാണ് താരത്തിന് നേടാനായത്. 

പെരേരയ്ക്ക് പകരം ചരിത് അസലങ്ക ക്രീസിലെത്തി. രണ്ട് സിക്‌സുകള്‍ നേടിക്കൊണ്ട് അസലങ്ക വരവറിയിച്ചു. ബാറ്റിങ് പവര്‍പ്ലേയില്‍ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്തു. എട്ടോവറില്‍ നിസ്സങ്കയും അസലങ്കയും ചേര്‍ന്ന് ടീം സ്‌കോര്‍ 71ല്‍ എത്തിച്ചു. എന്നാല്‍ ഒന്‍പതാം ഓവറില്‍ ഷാകിബ് അല്‍ ഹസന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്ത നിസ്സങ്കയെ ക്ലീന്‍ ബൗള്‍ഡാക്കി ഷാക്കിബ് ശ്രീലങ്കയയ്ക്ക് പ്രഹരമേല്‍പ്പിച്ചു. 

നിസ്സങ്കയ്ക്ക് പകരം ക്രീസിലെത്തിയ ആവിഷ്‌ക ഫെര്‍ണാണ്ടോയെ അതേ ഓവറില്‍ തന്നെ ക്ലീന്‍ ബൗള്‍ഡാക്കി ഷാക്കിബ് ശ്രീലങ്കയെ ഞെട്ടിച്ചു. റണ്‍സൊന്നുമെടുക്കാതെ ഫെര്‍ണാണ്ടോ മടങ്ങി. പിന്നാലെ വന്ന ഹസരംഗയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ആറ് റണ്‍സ് മാത്രമെടുത്ത താരത്തെ മുഹമ്മദ് സെയ്ഫുദ്ദീന്‍ നയീമിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ശ്രീലങ്ക 79 ന് നാല് എന്ന നിലയിലേക്ക് വീണു. 

പിന്നീട് അസലങ്ക- രജപക്‌സ സഖ്യം തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ ശ്രീലങ്ക വിജയ പ്രതീക്ഷ പുലര്‍ത്തി. അതിനിടെ അസലങ്കയെയും രജപക്‌സയെയും പുറത്താക്കാനുള്ള അവസരം ലിട്ടണ്‍ ദാസ് പാഴാക്കി. രണ്ട് ക്യാച്ചുകളും താരം കൈവിട്ടു. മത്സരത്തിന്റെ ഗതി നിര്‍ണയിച്ചതും ഈ അബദ്ധങ്ങളായിരുന്നു. സെയ്ഫുദ്ദീന്‍ എറിഞ്ഞ 16ാം ഓവറില്‍ രണ്ട് സിക്‌സും രണ്ട് ഫോറുമടിച്ച് രജപക്‌സ കൊടുങ്കാറ്റായി മാറി. ഈ ഓവറില്‍ 22 റണ്‍സാണ് പിറന്നത്. ഈ ഓവര്‍ കളിയുടെ ഗതി മാറ്റി. തൊട്ടടുത്ത ഓവറില്‍ ശ്രീലങ്ക 150 മറികടന്ന് വിജയമുറപ്പിച്ചു.

പിന്നാലെ രജപക്‌സ അര്‍ധശതകം നേടി. 28 പന്തുകളില്‍ നിന്നാണ് താരം അര്‍ധ സെഞ്ച്വറി കുറിച്ചത്. പക്ഷേ രജപക്‌സയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നസും അഹമ്മദ് എറിഞ്ഞ 19ാം ഓവറില്‍ താരം ക്ലീന്‍ ബൗള്‍ഡായി. പിന്നാലെ നായകന്‍ ദസുന്‍ ഷനക ക്രീസിലെത്തി. ഷനകയെ കൂട്ടുപിടിച്ച് അസലങ്ക ശ്രീലങ്കയെ വിജയത്തിലെത്തിച്ചു. ഷനക ഒരു റണ്‍സെടുത്തു.

ബംഗ്ലാദേശിനായി നസും അഹമ്മദ്, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സെയ്ഫുദ്ദീന്‍ ഒരു വിക്കറ്റ് നേടി. 

അര്‍ധ സെഞ്ച്വറികളുമായി മുഹമ്മദ് നയീം, മുഷ്ഫിഖുര്‍ റഹിം 

നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ മുഹമ്മദ് നയീം 62, മുഷ്ഫിഖുര്‍ റഹിം 57 എന്നിവരാണ് ബംഗ്ലദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

52 പന്തില്‍ നിന്നാണ് നയീം 62 റണ്‍സെടുത്തത്. ഇതില്‍ ആറു ഫോറുകളും ഉള്‍പ്പെടുന്നു. മുഷ്ഫിഖുര്‍ റഹിം 37 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും സഹിതം 55 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ലിട്ടണ്‍ ദാസ്  16, ഷാക്കിബ് അല്‍ ഹസന്‍ 10, അഫീഫ് ഹുസൈന്‍ 7 എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ ബാറ്റിങ് പ്രകടനം. ക്യാപ്റ്റന്‍ മഹ്മൂദുല്ല അഞ്ച് പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 10 റണ്‍സോടെയും പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്കായി മൂന്ന് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ചാമിക കരുണരത്‌നെയുടെ പ്രകടനം ശ്രദ്ധേയമായി. ബിനൂര ഫെര്‍ണാണ്ടോ മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങിയും ലഹിരു കുമാര നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. ദുഷ്മന്ത ചമീര നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങി.

നേരത്തേ, മത്സരത്തിനിടെ ശ്രീലങ്കന്‍ താരം ലഹിരു കുമാരയും ബംഗ്ലദേശ് താരം ലിട്ടണ്‍ ദാസും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. ആറാം ഓവറില്‍ ലിട്ടണ്‍ ദാസിനെ പുറത്താക്കിയ ലഹിരു കുമാര പ്രകോപനപരമായതെന്തോ പറഞ്ഞതാണ് പ്രശ്‌നമായത്. ഇരുവരും തമ്മില്‍ കയ്യാങ്കളിയുടെ വക്കിലെത്തിയെങ്കിലും ഓടിയെത്തിയ മറ്റു ശ്രീലങ്കന്‍ താരങ്ങള്‍ ഇരുവരെയും പിടിച്ചുമാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com