

ദുബായ്: ലോകകപ്പ് വേദിയിൽ ഇന്ത്യ ആദ്യമായി പാകിസ്ഥാന് മുന്നിൽ തോൽവി വഴങ്ങി. ക്രിക്കറ്റ് ലോകം അത്യാവേശത്തോടെ നോക്കിക്കണ്ട ടി20 ലോകകപ്പിലെ പോരാട്ടത്തിൽ ഇന്ത്യയെ പത്ത് വിക്കറ്റിനാണ് പാകിസ്ഥാൻ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സംഭവ ബഹുലമായ ഇന്നിങ്സിനൊടുവിൽ നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ അനായാസം വിജയ ലക്ഷ്യം മറികടന്നു. അതും 13 പന്തുകൾ ബാക്കി നിൽക്കെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ആധികാരിക വിജയം.
ടോസ് മുതൽ കാര്യങ്ങളെല്ലാം പാക് വരുതിയിൽ
ലോകകപ്പ് വേദികളിൽ ഇന്നേവരെ ഇന്ത്യയോടു ജയിക്കാനാകാത്തതിന്റെ വിഷമമെല്ലാം ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഈ ഒറ്റ മത്സരത്തിലൂടെ പാകിസ്ഥാൻ മായ്ച്ചു കളഞ്ഞു. മികച്ച ബൗളിങും ഫീൽഡിങും ബാറ്റിങും പുറത്തെടുത്ത പാക് താരങ്ങൾ ഇന്ത്യക്ക് ഒരു പഴുതും അനുവദിച്ചില്ല.
മികച്ച പ്രകടനങ്ങൾക്കൊപ്പം ടോസ് മുതൽ ഭാഗ്യവും പാകിസ്ഥാന് ഒപ്പം നിന്നതോടെ ഇന്ത്യക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. തികച്ചും ഏകപക്ഷീയ വിജയം. തുടക്കത്തിൽ തന്നെ രോഹിത് ശർമയെ ഗോൾഡൻ ഡക്കിൽ മടക്കിയതടക്കം നിർണായക മൂന്ന് വിക്കറ്റുകൾ പിഴുത ഷഹീൻ ഷാ അഫ്രീദി കളിയിലെ താരമായി.
ആധികാരികം ബാബർ, റിസ്‌വാൻ
ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയ ലക്ഷ്യം അർധ സെഞ്ച്വറികളുമായി പുറത്താകാതെ നിന്ന ഓപ്പണർമാരായ ക്യാപ്റ്റൻ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവരുടെ കിടയറ്റ ഇന്നിങ്സിലൂടെ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. തകർപ്പൻ ബൗളിങ്ങിലൂടെ ബോളർമാർ സമ്മാനിച്ച മേധാവിത്തം ഇന്നിങ്സിലുടനീളം കാത്തു സൂക്ഷിച്ചാണ് ഇരുവരും ചേർന്ന് പാകിസ്ഥാനെ വിജയ തീരത്തെത്തിച്ചത്.
ബാബർ അസം 52 പന്തിൽ ആറ് ഫോറുകളും സിക്സും സഹിതം 68 റൺസുമായി പുറത്താകാതെ നിന്നു. മുഹമ്മദ് റിസ്‌വാൻ 55 പന്തിൽ ആറ് ഫോറുകളും മൂന്ന് സിക്സും സഹിതം 79 റൺസോടെയും പുറത്താകാതെ നിന്നു. ഈ വർഷം ടി20യിൽ അസം – റിസ്‌വാൻ സഖ്യത്തിന്റെ നാലാം സെഞ്ച്വറി കൂട്ടുകെട്ടാണിത്. ടി20യുടെ ചരിത്രത്തിൽ ഒരു കലണ്ടർ വർഷം രണ്ട് സെഞ്ച്വറി കൂട്ടുകെട്ടിലധികം നേടിയ മറ്റു താരങ്ങളില്ല.
യുഎഇയിലെ പിച്ചുകൾ ഹോം ഗ്രൗണ്ട് പോലെ സുപരിചിതമാണെന്ന് മത്സരത്തലേന്നു പറഞ്ഞത് വെറുതെയല്ലെന്ന് തെളിയിച്ചാണ് ബാബർ അസവും സംഘവും ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ വിജയക്കൊടി പാറിച്ചത്. യുഎഇയിൽ ഏറ്റവുമൊടുവിൽ കളിച്ച തുടർച്ചയായ 12–ാം ടി20 മത്സരത്തിലാണ് പാക്കിസ്ഥാൻ ജയിച്ചുകയറുന്നത്.
ആറാം ശ്രമത്തിൽ പാകിസ്ഥാൻ, ഇംഗ്ലണ്ടും
ടി20 ലോകകപ്പിൽ ആറ് തവണ മുഖാമുഖമെത്തിയതിൽ ഇംഗ്ലണ്ട് ആദ്യമായി വെസ്റ്റിൻഡീസിനെ തോൽപ്പിച്ചത് കഴിഞ്ഞ ദിവസം ഇതേ വേദിയിലായിരുന്നു. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം അതേ വേദിയിൽ വച്ച് ആറാമത്തെ ശ്രമത്തിൽ ആദ്യമായി പാകിസ്ഥാൻ ഇന്ത്യയേയും തോൽപ്പിച്ചത് കൗതുകമായി. ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ നാലാമത്തെ മാത്രം 10 വിക്കറ്റ് വിജയമാണിത്. ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്നു നേടുന്ന 10 വിക്കറ്റ് വിജയം ഇതുതന്നെ.
തുടക്കത്തിൽ തകർന്ന ഇന്ത്യയെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ഋഷഭ് പന്ത് എന്നിവരുടെ അവസരോചിത ബാറ്റിങാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. കോഹ്‌ലി അർധ സെഞ്ച്വറി നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രോഹിതിനെയും രാഹുലിനേയും ക്ഷണത്തിൽ മടക്കി ഷഹീൻ ഷാ അഫ്രീദിയാണ് ഇന്ത്യയെ ഞെട്ടിച്ചത്. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
രോഹിത് ശർമ (0), കെഎൽ രാഹുൽ (3), സൂര്യകുമാർ യാദവ് (11), ഋഷഭ് പന്ത് (39), രവീന്ദ്ര ജഡേജ (13), വിരാട് കോഹ്‌ലി (57), ഹർദ്ദിക് പാണ്ഡ്യ (11) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാൻമാർ.
ക്യാപ്റ്റന്റെ ഇന്നിങ്‌സ്
ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് ദുബായിൽ കോഹ്‌ലി പുറത്തെടുത്തത്. 49 പന്തുകൾ നേരിട്ട് അഞ്ച് ഫോറുകളും ഒരു സിക്‌സും പറത്തിയാണ് കോഹ്‌ലി 57 റൺസ് കണ്ടെത്തിയത്. അന്താരാഷ്ട്ര ടി20യിലെ നായകന്റെ 29ാം അർധ ശതകമാണ് ഇത്.
ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോൾ കോഹ്‌ലി അക്ഷോഭ്യനായി നിന്ന് പൊരുതിയതാണ് ഇന്ത്യക്ക് തുണയായത്. ഷഹീൻ അഫ്രീദിയാണ് കോഹ്‌ലിയെ മടക്കിയത്.
തുടക്കത്തിൽ തന്നെ ഞെട്ടി ഇന്ത്യ
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഷഹീൻ അഫ്രീദി രോഹിത് ശർമയെ (0) വിക്കറ്റിന് മുന്നിൽ കുടുക്കി. നേരിട്ട ആദ്യ പന്തിലാണ് രോഹിത് പുറത്തായത്. പിന്നാലെ മൂന്നാം ഓവറിൽ ഷഹീൻ കെഎൽ രാഹുലിനെയും (3) പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചു.
പിന്നാലെ എത്തിയ സൂര്യകുമാർ യാദവ് മികച്ച ഷോട്ടുകളുമായി തുടങ്ങിയെങ്കിലും ആറാം ഓവറിൽ താരത്തെ ഹസൻ അലി പുറത്താക്കി. എട്ട്
പന്തിൽ ഒരു സിക്‌സും ഫോറുമടക്കം 11 റൺസായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം.
നാലാം വിക്കറ്റിൽ ഒന്നിച്ച നായകൻ വിരാട് കോഹ്‌ലി ഋഷഭ് പന്ത് സഖ്യം 53 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ കൂടുതൽ നഷ്ടങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോയി. തുടരെ രണ്ട് സിക്‌സുകൾ പറത്തി ഋഷഭ് പന്ത് ആവേശം നിറച്ചു. എന്നാൽ 13ാം ഓവറിൽ പന്തിനെ മടക്കി ഷദബ് ഖാൻ ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. 30 പന്തിൽ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 39 റൺസെടുത്താണ് പന്ത് മടങ്ങിയത്.
പിന്നീടെത്തിയ ജഡേജയ്ക്കും അധികം ആയുസുണ്ടായില്ല. താരത്തെ ഹസൻ അലിയാണ് മടക്കിയത്. 13 റൺസായിരുന്നു ജഡേജയുടെ സമ്പാദ്യം. ഹർദ്ദിക് പാണ്ഡ്യയും തിളങ്ങിയില്ല. താരം എട്ട് പന്തിൽ 11 റൺസുമായി മടങ്ങി.
അഞ്ച് റൺസുമായി ഭുവനേശ്വർ കുമാറും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷമിയും പുറത്താകാതെ നിന്നു.
ഇന്ത്യയെ പ്രതിരോധത്തിലാക്കി ഷഹീൻ
പ്രതീക്ഷിച്ചത് പോലെ ഷഹീൻ അഫ്രീദി ഇന്ത്യയെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കി. താരം നിർണായകമായ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഹസൻ അലി രണ്ടും ഷദബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates