പാകിസ്ഥാൻ എല്ലാ കളിയും ജയിക്കണം, ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാകണം; അത് ഇന്ത്യയെ സെമിയിലെത്തിക്കുമെന്ന് ബ്രയാൻ ലാറ 

സൂപ്പർ 12ലെ രണ്ട് മത്സരങ്ങൾ ജയിച്ച് മികച്ച ഫോമിലാണ് പാകിസ്ഥാൻ ടി20 ലോകകപ്പിൽ മുന്നേറുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടി20 ലോകകപ്പ് പോരാട്ടത്തിൽ സൂപ്പർ 12ൽ ജയത്തോടെ പാകിസ്ഥാൻ ഗ്രൂപ്പ് 2ലെ ഒന്നാം സ്ഥാനക്കാരാകുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് വിൻഡിസ് ഇതിഹാസ താരം ബ്രയാൻ ലാറ. പാകിസ്ഥാൻ ഒന്നാമതെത്തുന്നത് ഇന്ത്യ സെമി ഫൈനലിൽ എത്താനുള്ള സാധ്യത കൂടുമെന്നാണ് ലാറയുടെ വിലയിരുത്തൽ. സൂപ്പർ 12ലെ രണ്ട് മത്സരങ്ങൾ ജയിച്ച് മികച്ച ഫോമിലാണ് പാകിസ്ഥാൻ ടി20 ലോകകപ്പിൽ മുന്നേറുന്നത്. 

'ഞാൻ ഒരു ക്യാപ്റ്റനായിരുന്ന ആളാണ്. ഒരു ടൂർണമെന്റിൽ നമ്മളെ തോൽപ്പിക്കുന്ന ടീം തുടർന്നുള്ള എല്ലാ മത്സരങ്ങളും ജയിക്കണമെന്നാണ് നമ്മൾ ആഗ്രഹിക്കുക. ഇന്ത്യയ്ക്കിപ്പോൾ ന്യൂസിലൻഡിനെ തോൽപ്പിക്കണം. പാകിസ്ഥാൻ ഒന്നാം സ്ഥാനക്കാരാകുന്നത് ഗ്രൂപ്പിൽ രണ്ടാം സ്ഥാനമുറപ്പിക്കാൻ ഇന്ത്യയെ സഹായിക്കും', ലാറ പറഞ്ഞു. 

ഇനി ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം

ഇന്ത്യക്കെതിരെ നേടിയ തകർപ്പൻ ജയത്തിന് പിന്നാലെ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ രണ്ടാം ജയം നേടിയത്. ഇതോടെ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. ഇരു ടീമുകളും പാകിസ്ഥാനോട് പരാജയപ്പെട്ടതോടെ സെമി ഫൈനൽ സാധ്യത ഉറപ്പിക്കുന്നതാകും ഈ മത്സരം. തോൽക്കുന്ന ടീം അവസാന നാലിലേക്ക് കടക്കില്ലെന്നത് ഏറെക്കുറെ ഉറപ്പായതിനാൽ ജയം രണ്ട് പേർക്കും അനിവാര്യമാണ്. 

ശ്രദ്ധനേടി അഫ്ഗാനിസ്ഥാൻ

ഗ്രൂപ്പ് ബിയിൽ ശ്രദ്ധനേടിയ മറ്റൊരു ടീമാണ് അഫ്ഗാനിസ്ഥാൻ. സ്‌കോട്‌ലൻഡിനെ 130 റൺസെന്ന റെക്കോർഡ് മാർജിനിൽ തോൽപ്പിച്ച് മികച്ച തുടക്കമാണ് ടീം കുറിച്ചത്. എന്നിരുന്നാലും പാകിസ്ഥാൻ, ഇന്ത്യ, ന്യൂസിലൻഡ് എന്നിവരിൽ രണ്ടുപേരാകും സെമിഫൈനലിലേക്ക് എത്തുകയെന്നതിൽ സംശയമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com