ടോസ് നേടുക, ഫീൽ‌ഡിങ് തിരഞ്ഞെടുക്കുക, പിന്തുടർന്നു കീഴടക്കുക! ലോകകപ്പിൽ പത്തിൽ ഒൻപത് കളിയും ടീമുകൾ ജയിച്ചത് ഇങ്ങനെ

ടോസ് നേടുക, ഫീൽ‌ഡിങ് തിരഞ്ഞെടുക്കുക, പിന്തുടർന്നു കീഴടക്കുക! ലോകകപ്പിൽ പത്തിൽ ഒൻപത് കളിയും ടീമുകൾ ജയിച്ചത് ഇങ്ങനെ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടങ്ങൾ പുരോ​ഗമിക്കവേ ടീമുകളുടെ വിജയ സമവാക്യം വളരെ ലളിതമാണ്. ടോസ് നേടുക, ഫീൽ‌ഡിങ് തിരഞ്ഞെടുക്കുക, പിന്തുടർന്നു കീഴടക്കുക. സൂപ്പർ 12ലെ ഇതുവരെ നടന്ന പത്തിൽ ഒൻപത് മത്സരങ്ങളിലും വിജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾ. അതിൽ എട്ട് മത്സരങ്ങളിലും ടോസ് നേടിയ ടീം എതിരാളികളെ ആദ്യം ബാറ്റിങ്ങിനയച്ചു വിജയിക്കുകയായിരുന്നു.  യോഗ്യതാ റൗണ്ടിലടക്കം ഈ ലോകകപ്പിൽ ഇതുവരെ നടന്ന 22 മത്സരങ്ങളിൽ 16 ലും ചെയ്സിങ് ടീമാണ് വിജയിച്ചത്. 

യുഎഇയിൽ വൈകീട്ടുണ്ടാകുന്ന മഞ്ഞു വീഴ്ചയെത്തുടർന്നു പിച്ചും ഔട്ട്ഫീൽഡും നനയുന്നതാണ് ടി20 ലോകകപ്പിൽ രണ്ടാമതു ഫീൽഡിങ്ങിനിറങ്ങുന്ന ടീമിന്റെ ബൗളിങ് ദുഷ്കരമാക്കുന്നത്. സ്വിങ്ങും ടേണും ലഭിക്കാതെ ബൗളർമാർ വലയുന്നതോടെ ചെയ്സിങ് ടീമിനു ബാറ്റിങ് എളുപ്പമാകുന്നു. ഈ സാഹചര്യം മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടോസ് നേടുന്ന ക്യാപ്റ്റൻ മറ്റൊന്നും ആലോചിക്കാതെ ഫീൽഡിങ് തിരഞ്ഞെടുക്കുന്നത്. 

നനഞ്ഞ ഔട്ട്ഫീൽഡിലെ ബൗളിങ്

നനഞ്ഞ ഔട്ട്ഫീൽഡിൽ പന്തിനു മിനുസം വർധിക്കുന്നു. ഇതു ബൗളർമാർക്കു പന്തിലെ ഗ്രിപ്പ് നഷ്ടമാക്കും. കൈവിരൽ കൊണ്ടു പന്തു തിരിക്കാനും പിച്ചിൽ നിന്നു ടേൺ കണ്ടെത്താനും കഴിയില്ലെന്നതാണു സ്പിന്നർമാർക്കുള്ള വെല്ലുവിളി. യോർക്കർ, ഫുൾലെങ്ത് പന്തുകൾ എറിയാൻ പേസർമാരും ബുദ്ധിമുട്ടും. പന്തിന്റെ മിനുസമുള്ള പ്രതലം കാരണം സ്വിങും ലഭിക്കില്ല. സ്വിങും ടേണും നഷ്ടപ്പെട്ട്, നേരേ ബാറ്റിലേക്കെത്തുന്ന പന്തുകളിൽ അനായാസം സ്കോർ ചെയ്യാൻ ബാറ്റർമാർക്കു കഴിയുന്നു.

ടോസ് നഷ്ടപ്പെട്ട് രണ്ടാമതു ബൗൾ ചെയ്യേണ്ടി വന്നതാണ് പാകിസ്ഥാനെതിരെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ തോൽവിയിലേക്ക് ഇന്ത്യയെ തള്ളിയിട്ടത്.  പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്കും അനുഭവിക്കേണ്ടി വന്നു. യോർക്കറുകൾ കണ്ടെത്താനാകാതെ ബുമ്റയും സ്വിങ് ലഭിക്കാതെ ഭുവനേശ്വർ കുമാറും നിരാശപ്പെട്ടു. വരുൺ ചക്രവർത്തിക്കും ജഡേജയ്ക്കും പന്തു കൊണ്ട് മികവ് കാണിക്കാൻ സാധിക്കാത്തതും ഈർപ്പമുള്ള പിച്ച് കാരണമാണ്. പാകിസ്ഥാൻ ഓപ്പണർമാർ ലെഗ്‌സൈഡ‍ിലൂടെ അനായാസം റൺസ് വാരിയത് ഈർപ്പമുള്ള പിച്ചിൽ ഇന്ത്യൻ ബൗളിങ് ദുർബലമായതിന്റെ പ്രത്യക്ഷ തെളിവാണ്. 

സൂപ്പർ 12 മത്സര ഫലങ്ങൾ

1 ദക്ഷിണാഫ്രിക്ക– ഓസ്ട്രേലിയ, ടോസ്: ഓസ്ട്രേലിയ, ബൗളിങ് തിരഞ്ഞെടുത്തു, ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് ജയിച്ചു. 

2 ഇംഗ്ലണ്ട്– വെസ്റ്റിൻഡീസ്, ടോസ്: ഇംഗ്ലണ്ട്, ബൗളിങ് തിരഞ്ഞെടുത്തു, ഇംഗ്ലണ്ടിന് ആറ് വിക്കറ്റിന് ജയിച്ചു. 

3 ബംഗ്ലദേശ്– ശ്രീലങ്ക, ടോസ്: ശ്രീലങ്ക, ബൗളിങ് തിരഞ്ഞെടുത്തു, ശ്രീലങ്ക അഞ്ച് വിക്കറ്റിന് ജയിച്ചു. 

4 ഇന്ത്യ– പാകിസ്ഥാൻ, ടോസ്: പാകിസ്ഥാൻ, ബൗളിങ് തിരഞ്ഞെടുത്തു, പാകിസ്ഥാന് 10 വിക്കറ്റിന് ജയിച്ചു. 

5 അഫ്ഗാനിസ്ഥാൻ– സ്കോട്‍ലൻഡ്, ടോസ്: അഫ്ഗാനിസ്ഥാൻ, ബാറ്റിങ് തിരഞ്ഞെടുത്തു, അഫ്ഗാനിസ്ഥാൻ 130 റൺസിന് ജയിച്ചു.

6 ദക്ഷിണാഫ്രിക്ക– വെസ്റ്റിൻഡീസ്, ടോസ്: ദക്ഷിണാഫ്രിക്ക, ബൗളിങ് തിരഞ്ഞെടുത്തു, ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന് ജയിച്ചു. 

7 പാകിസ്ഥാൻ– ന്യൂസിലൻഡ്, ടോസ്: പാകിസ്ഥാൻ, ബൗളിങ് തിരഞ്ഞെടുത്തു, പാകിസ്ഥാൻ അഞ്ച് വിക്കറ്റിന് ജയിച്ചു. 

8 ഇംഗ്ലണ്ട്– ബംഗ്ലദേശ്, ടോസ്: ബംഗ്ലദേശ്, ബാറ്റിങ് തിരഞ്ഞെടുത്തു, ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയിച്ചു

9 സ്കോ‍ട്‌ലൻഡ്– നമീബിയ, ടോസ്: നമീബിയ, ബൗളിങ് തിരഞ്ഞെടുത്തു, നമീബിയ നാല് വിക്കറ്റിന് ജയിച്ചു.  

10 ഓസ്ട്രേലിയ– ശ്രീലങ്ക, ടോസ്: ഓസ്ട്രേലിയ, ബൗളിങ് തിരഞ്ഞെടുത്തു, ഓസ്ട്രേലിയ ഏഴ് വിക്കറ്റിന് ജയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com