തോറ്റാല്‍ സാധ്യതകള്‍ അടയും; ഇന്ത്യയ്ക്ക് ജീവന്‍മരണ പോരാട്ടം; കോഹ്‌ലിയും സംഘവും ഇന്ന് കിവികൾക്കെതിരെ

തോറ്റാല്‍ സാധ്യതകള്‍ അടയും; ഇന്ത്യയ്ക്ക് ജീവന്‍മരണ പോരാട്ടം; കോഹ്‌ലിയും സംഘവും ഇന്ന് കിവികൾക്കെതിരെ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ടി20 ലോകകപ്പിലെ അതി നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായ ജീവന്‍മരണ പോരാട്ടമാണ് ദുബായില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നത് എന്നതിനാല്‍ ആരാധകരെ കാത്ത് ആവേശപ്പോരാണ് ഒരുങ്ങുന്നത്. വലിയ സ്‌റ്റേജുകളില്‍ ഇന്ത്യക്ക് എക്കാലത്തും വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ള ടീമാണ് ന്യൂസിലന്‍ഡ് എന്നതിനാല്‍ തന്നെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഇന്ത്യക്ക് പുറത്തെടുക്കേണ്ടി വരുമെന്ന് ചുരുക്കം. 

ടീമില്‍ മാറ്റത്തിന് സാധ്യതയില്ല

പാകിസ്ഥാനോടേറ്റ പത്ത് വിക്കറ്റ് തോല്‍വിയ്ക്ക് പിന്നാലെ ടീമില്‍ അഴിച്ചു പണി നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് വിക്കറ്റിന്റെ തോല്‍വിയില്‍ നിന്ന് ഒരാഴ്ച നീണ്ട ഇടവേളയില്‍ ഇന്ത്യ മോചനം നേടിയിരിക്കണം. തോല്‍ക്കുന്നവര്‍ക്ക് സെമി പ്രതീക്ഷകള്‍ അവസാനിപ്പിക്കാം. ഫിറ്റല്ലാത്ത ഹര്‍ദിക്കിനെ ടീമിലെടുത്തതിന് വിമര്‍ശനം തുടരുമ്പോഴും ഇലവനില്‍ മാറ്റം വേണ്ടെന്ന നിലപാടിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റെന്നാണ് റിപ്പോര്‍ട്ടുകള്‍. തോറ്റാലും ടീം കോംപിനേഷനില്‍ മാറ്റം വരുത്താത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അനുകരിക്കുകയാണ് ടീം ഇന്ത്യ. ഇതിലൂടെ കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. 

ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ശാര്‍ദുല്‍ ഠാക്കൂര്‍ എത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശാര്‍ദുലിനെ ഏഴാം നമ്പറില്‍ ഇറക്കുന്നതിനും ആത്മവിശ്വാസമില്ലെന്നാണ് സൂചന. വിക്കറ്റെടുക്കുമെങ്കിലും റണ്‍സ് വാരിക്കോരി വിട്ടുകൊടുക്കുന്നത് ശാര്‍ദുലിന് തിരിച്ചടിയാണ്. പാണ്ഡ്യ നെറ്റ്‌സില്‍ പന്തെറിയാന്‍ തുടങ്ങിയതിനാല്‍ ന്യൂസിലന്‍ഡിനെതിരെ നിലനിര്‍ത്താനാണ് സാധ്യത. 

ബൗളിങില്‍ ഭുവനേശ്വര്‍ കുമാറിന്റെ ഫോമില്ലായ്മയും ഇന്ത്യക്ക് തിരിച്ചടിയാണ്. ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനത്തിനനുസരിച്ചിരിക്കും ഇന്ത്യന്‍ ടോട്ടല്‍. വിരാട്‌കോഹ്‌ലിയും ഋഷഭ് പന്തും ഫോമിലാണെന്നത് ആശ്വാസം.

ചരിത്രം ഇന്ത്യക്ക് അനുകൂലമല്ല

മേജര്‍ ടൂര്‍ണമെന്റുകളില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡല്ല ഉള്ളത്. ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വേദിയിലും കിവികള്‍ക്ക് മുന്നില്‍ ഇന്ത്യ അടിയറവ് പറഞ്ഞിട്ടുണ്ട്. 2003ലെ ഏകദിന ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമാണ് അവസാനമായി ഐസിസിയുടെ മേജര്‍ ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെ കീഴടക്കിയത്. അതിന് ശേഷം ന്യൂസിലന്‍ഡ് ഇന്ത്യക്ക് ബാലി കേറാ മലയാണ്. ഇന്ന് ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് സാരം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ വിജയവും ബ്ലാക് ക്യാപ്‌സിന് മാനസിക ആധിപത്യം നല്‍കുന്ന ഘടകമാണ്. 

അഞ്ചില്‍ നാല് തോല്‍വി

മേജര്‍ ടൂര്‍ണമെന്റുകളില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 2003ലെ ലോകകപ്പ് ജയം മാത്രമാണ് ഇന്ത്യക്കുള്ളത്. പിന്നീട് നാല് തവണയും ഇന്ത്യ കിവികള്‍ക്ക് മുന്നില്‍ വീണു. 

2007 ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ് പത്ത് റണ്‍സിന് ജയിച്ചു.

2016 ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ് 47 റണ്‍സിന് ജയിച്ചു.

2019 ഏകദിന ലോകകപ്പ്: ന്യൂസിലന്‍ഡ് 18 റണ്‍സിന് ജയിച്ചു.

2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് ജയിച്ചു.

ടി20യിലെ നേര്‍ക്കുനേര്‍ 

ഇതുവരെ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ 16 ടി20 മത്സരങ്ങളാണ് കളിച്ചത്. ഇവിടെയും നേരിയ മുന്‍തൂക്കം കിവികള്‍ക്ക് തന്നെ. എട്ട് മത്സരങ്ങള്‍ ന്യൂസിലന്‍ഡ് വിജയിച്ചപ്പോള്‍ ആറ് വിജയങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടില്‍ ഉള്ളത്. വിജയ ശതമാനം 56.25. ഇന്ത്യക്കെതിരെ ഈ ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച വിജയ റെക്കോര്‍ഡും ന്യൂസിലന്‍ഡിനാണ്. 

കിവികളുടെ തന്ത്രം ഇങ്ങനെ

ടോപ് ഓര്‍ഡര്‍ വേഗത്തില്‍ വീണാല്‍ ഇന്ത്യയെ വേഗത്തില്‍ തളര്‍ത്താനാകുമെന്ന് നന്നായി അറിയാവുന്ന ആളാണ് കെയ്ന്‍ വില്യംസന്‍. അതിന് തന്നെയാകും കിവികള്‍ പരമാവധി ശ്രമിക്കുക. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ വീഴ്ത്തിയത് ഉദാഹരണം. 

പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് വരുത്തിയ നാശമാണ് ആദ്യ പോരാട്ടത്തിലെ തോല്‍വിയില്‍ നിര്‍ണായകമായത്. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, കെയ്ല്‍ ജാമിസന്‍ എന്നിവരാണ് കിവികളുടെ പേസ് ബാറ്ററി. ഇവരെ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, കോഹ്‌ലി എന്നിവര്‍ എങ്ങനെ പ്രതിരോധിക്കുന്നു എന്നതിനെ ആശ്രയിച്ചാവും ഇന്ത്യയുടെ മുന്നേറ്റവും. 

ടോസ്

ടോസ് നേടുന്നവര്‍ ചേസ് ചെയ്യാന്‍ തീരുമാനിക്കും. ചേസ് ചെയ്യുന്നവരാണ് ഈ ലോകകപ്പില്‍ വിജയിച്ചവരില്‍ ഏറെയും. വിരാട് കോഹ്‌ലിയെ ഇക്കുറിയെങ്കിലും ടോസ് ഭാഗ്യം പിന്തുണയ്ക്കുമോയെന്ന ആകാംഷയിലാണ് ആരാധകര്‍. രാത്രി ഏഴരയ്ക്കാണ് മത്സരം. 

മുന്നോട്ടുള്ള സാധ്യത

ഇന്ത്യയും ന്യൂസിലന്‍ഡും ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റാണ് നില്‍ക്കുന്നത്. അട്ടിമറികളോ അത്ഭുതങ്ങളോ സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരത്തിലെ വിജയിയാകും ഗ്രൂപ്പ് രണ്ടില്‍  പാകിസ്ഥാനൊപ്പം സെമിയിലെത്തുക. ഇന്നത്തെ പോര് കഴിഞ്ഞാല്‍ ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും എതിരാളികള്‍ താരതമ്യേന ദുര്‍ബലരാണ്. അഫ്ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ ടീമുകളാണ് ഇരു സംഘത്തേയും കാത്തിരിക്കുന്നത്. പാകിസ്ഥാന്‍ സെമി ബര്‍ത്ത് ഏതാണ്ട് ഉറപ്പാക്കിയതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്കും ന്യൂസിലന്‍ഡിനും മുന്നില്‍ ഇല്ല.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com