വേഗത്തിനൊപ്പം കുതിക്കും! ഖത്തര്‍ ലോകകപ്പില്‍ വല നിറയ്ക്കാന്‍ 'അല്‍ റിഹ്‌ല'; പന്തിനെക്കുറിച്ച് അറിയാം

ഫിഫ ലോകകപ്പിനായി അഡിഡാസ് നിര്‍മിക്കുന്ന 14ാമത്തെ പന്താണിത്. ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പന്തിന്റെ നിര്‍മാണമെന്ന് കമ്പനി അവകാശപ്പെട്ടു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദോഹ: ഖത്തര്‍ ലോകകപ്പിനുള്ള ഔദ്യോഗിക ബോള്‍ പുറത്തിറക്കി. സ്‌പോര്‍ട്‌സ് വെയര്‍ ഭീമന്‍മാരായ അഡിഡാസാണ് പന്തിന്റെ നിര്‍മാതാക്കള്‍. ഇത്തവണ 'അല്‍ റിഹ്‌ല' എന്നാണ് പന്തിന് പേര് നല്‍കിയിരിക്കുന്നത്. 

ഫിഫ ലോകകപ്പിനായി അഡിഡാസ് നിര്‍മിക്കുന്ന 14ാമത്തെ പന്താണിത്. ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പന്തിന്റെ നിര്‍മാണമെന്ന് കമ്പനി അവകാശപ്പെട്ടു. കളിയുടെ വേഗതയെ പിന്തുണയ്ക്കുന്ന തരത്തിലാണ് പന്തിന്റെ രൂപകല്‍പ്പനയെന്നും കമ്പനി വ്യക്തമാക്കി. 

'അല്‍ റിഹ്‌ല' എന്ന അറബി വാക്കിന്റെ അര്‍ഥം 'യാത്ര' എന്നാണ്. ഖത്തറിന്റെ സാംസ്‌കാരിക പാരമ്പര്യം വാസ്തുവിദ്യ, ഐക്കണിക് ബോട്ടുകള്‍, ഖത്തര്‍ പതാക എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പന്തിന്റെ നിര്‍മാണം.

തീര്‍ത്തും പരിസ്ഥിതി സൗഹാര്‍ദ പന്താണ് ഇത്തവണ ലോകകപ്പില്‍ തട്ടുന്നതെന്ന സവിശേഷതയും ഇതിനുണ്ട്. ജലം അടിസ്ഥാനമാക്കിയുള്ള മഷികളും പശകളും മാത്രം ഉപയോഗിച്ച് നിര്‍മിച്ച ആദ്യത്തെ ലോകകപ്പ് പന്ത് എന്ന അപൂര്‍വ നേട്ടവും 'അല്‍ റിഹ്‌ല'ക്ക് സ്വന്തം. 

കമ്പനിയുടെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് പന്ത് പുറത്തിറക്കിയിരിക്കുന്നത്. പന്തിന്റെ ഉപരിതല ഘടന ഉയര്‍ന്ന കൃത്യതയും വേഗവും നല്‍കുന്നു. പരമാവധി വായു നിലനിര്‍ത്തുന്ന തരത്തിലുള്ള നിര്‍മിതി സ്ഥിരത ഉറപ്പാക്കുന്നു.

പന്തിന്റെ മൊത്തം വില്‍പ്പനയുടെ ഒരു ശതമാനം കോമണ്‍ ഗോള്‍ എന്ന പ്രസ്ഥാനത്തിന് നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. ടൂര്‍ണമെന്റിന്റെ 92 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ലോകകപ്പില്‍ തട്ടുന്ന പന്തിന്റെ വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com