മാരകമായി പന്തെറിഞ്ഞ് ഉമേഷ് യാദവ്; പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം 138 റണ്‍സ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 138 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 18.2 ഓവറില്‍ 137 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ മത്സരത്തില്‍ 200 മുകളില്‍ സ്‌കോര്‍ ചെയ്‌സ് ചെയ്ത് വിജയം പിടിച്ച പഞ്ചാബ് ബാറ്റിങ് നിരയ്ക്ക് ഇത്തവണ അടിതെറ്റി. നാല് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് പഞ്ചാബിനെ തകര്‍ത്തത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാള്‍ പുറത്തായി. ഒരു റണ്ണെടുത്ത മായങ്കിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി. 

രണ്ടാമനായി ക്രീസിലെത്തിയ ഭനുക രജപക്‌സ അടിച്ചുതകര്‍ത്തതോടെ പഞ്ചാബ് സ്‌കോര്‍ കുതിച്ചു. വെറും ഒന്‍പത് പന്തില്‍ നിന്ന് രജപക്‌സ 31 റണ്‍സെടുത്തു. ശിവം മവി എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ ലങ്കന്‍ താരം പിന്നീടുള്ള മൂന്ന് പന്തുകളില്‍ സിക്‌സടിച്ച് കൊടുങ്കാറ്റായി. പക്ഷേ അഞ്ചാം പന്തില്‍ രജപക്‌സയെ ടിം സൗത്തിയുടെ കൈയ്യിലെത്തിച്ച് മവി പകരം വീട്ടി.

രജപക്‌സയ്ക്ക് പകരമെത്തിയ ലിയാം ലിവിങ്സ്റ്റണും നന്നായി കളിക്കാന്‍ തുടങ്ങിയതോടെ പഞ്ചാബ് സ്‌കോര്‍ കുതിച്ചു. പക്ഷേ ആറാം ഓവറിലെ അഞ്ചാം പന്തില്‍ ശിഖന്‍ ധവാന്‍ പുറത്തായത് ടീമിന് തിരിച്ചടിയായി. 15 പന്തുകളില്‍ നിന്ന് 16 റണ്‍സെടുത്ത ധവാനെ സൗത്തി മടക്കി. ബാറ്റിങ് പവര്‍പ്ലേയില്‍ പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തു.

ധവാന് പകരം യുവതാരം രാജ് ബവയാണ് ക്രീസിലെത്തിയത്. ബാവയെ കൂട്ടുപിടിച്ച് ലിവിങ്സ്റ്റണ്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 78ല്‍ നില്‍ക്കേ ലിവിങ്സ്റ്റണും അടിതെറ്റി. 16 പന്തുകളില്‍ നിന്ന് 19 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവ് ടിം സൗത്തിയുടെ കൈയിലെത്തിച്ചു. തൊട്ടുപിന്നാലെ ബവയും മടങ്ങി. 11 റണ്‍സെടുത്ത യുവതാരത്തെ സുനില്‍ നരെയ്ന്‍ ക്ലീന്‍ ബൗള്‍ഡാക്കി. ആദ്യ പത്തോവറില്‍ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സാണ് നേടിയത്.

വെടിക്കെട്ട് താരം ഷാരൂഖ് ഖാനും അധികം ആയുസുണ്ടായില്ല. അഞ്ച് പന്ത് നേരിട്ട് റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ ഷാരൂഖ് ടിം സൗത്തിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഷാരൂഖിന് പകരം ഒഡിയന്‍ സ്മിത്ത് ക്രീസിലെത്തി. 13.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. പിന്നാലെ ഹര്‍പ്രീത് ബ്രാറിനെ ക്ലീന്‍ ബൗള്‍ഡാക്കി ഉമേഷ് യാദവ് പഞ്ചാബിനെ തകര്‍ത്തു. 14 റണ്‍സാണ് താരം നേടിയത്. രാഹുല്‍ ചഹറിനെ അതേ ഓവറില്‍ തന്നെ മടക്കി ഇമേഷ് തന്റെ വിക്കറ്റ് നേട്ടം നാലില്‍ എത്തിച്ചു. 

പിന്നാലെ എത്തിയ റബാഡ അമ്പരപ്പിക്കുന്ന രീതിയില്‍ ബാറ്റ് വീശിയതോടെ പഞ്ചാബ് സ്‌കോറിന് ജീവന്‍വെച്ചു. 16 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 25 റണ്‍സാണ് റബാഡ നേടിയത്. എന്നാല്‍ റബാഡയെ റസ്സല്‍ സൗത്തിയുടെ കൈയിലെത്തിച്ചു. ടീം സ്‌കോര്‍ 137ല്‍ എത്തിച്ചാണ് റബാഡ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ അര്‍ഷ്ദീപ് റണ്‍ഔട്ട് ആയതോടെ പഞ്ചാബിന്റെ പോരാട്ടം 137 റണ്‍സില്‍ അവസാനിച്ചു.

ഉമേഷ് യാദവ് നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഒരു മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെയാണിത്. ടിം സൗത്തി രണ്ട് വിക്കറ്റെടുത്തു. ശിവം മവി, നരെയ്ന്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഒാരോ വിക്കറ്റും സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com