ദുബെയുടെ 19ാം ഓവറില്‍ പിഴച്ചു, 211 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച് ലഖ്‌നൗ; അതിവേഗ അര്‍ധ ശതകവുമായി ലൂയിസ്‌

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 211 റണ്‍സ് വിജയ ലക്ഷ്യം ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ 19.3 ഓവറില്‍ ലഖ്‌നൗ മറികടന്നു
ബദോനി, ലൂയിസ്/ഫോട്ടോ: പിടിഐ
ബദോനി, ലൂയിസ്/ഫോട്ടോ: പിടിഐ

മുംബൈ: ഐപിഎല്ലിലെ തങ്ങളുടെ ആദ്യ ജയം കൂടുതല്‍ മധുരമുള്ളതാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 211 റണ്‍സ് വിജയ ലക്ഷ്യം ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ 19.3 ഓവറില്‍ ലഖ്‌നൗ മറികടന്നു. 

ഓപ്പണിങ്ങില്‍ കെഎല്‍ രാഹുലും ഡികോക്കും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിന് പിന്നാലെ അവസാന ഓവറുകളില്‍ ലെവിസിന്റെ തകര്‍പ്പനടിയാണ് ലഖ്‌നൗവിന് ജയം നേടിക്കൊടുത്തത്. 19ാം ഓവറില്‍ വന്ന ശിവം ദുബെയുടെ ഓവറാണ് കളി ചെന്നൈയുടെ കൈകളില്‍ നിന്ന് പൂര്‍ണമായും അകറ്റിയത്. 

അവസാന രണ്ട് ഓവറില്‍ ലഖ്‌നൗവിന് ജയിക്കാന്‍ 30 റണ്‍സിന് മുകളില്‍ വേണമായിരുന്നു. ദുബെയുടെ ഓവറില്‍ 25 റണ്‍സ് ആണ് ദുബെ വഴങ്ങിയത്. രണ്ട് വൈഡും ഈ ഓവറില്‍ ദുബെ എറിഞ്ഞു. ഇതോടെ അവസാന ഓവറില്‍ സമ്മര്‍ദമില്ലാതെ കളിക്കാന്‍ ലഖ്‌നൗവിന് കഴിഞ്ഞു. 

ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയുമായി ലൂയിസ്‌

ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറി കണ്ടെത്തിയാണ് ലൂയിസ്‌ തന്റെ ടീമിനെ ജയത്തിലേക്ക് എത്തിച്ചത്. 23 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി ലെവിസ് 55 റണ്‍സോടെ പുറത്താവാതെ നിന്നു. 

ഓപ്പണിങ്ങില്‍ കെഎല്‍ രാഹുലും ഡികോക്കും ചേര്‍ന്ന് 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 26 പന്തില്‍ നിന്നാണ് രാഹുല്‍ 40 റണ്‍സ് കണ്ടെത്തിയത്. ഡികോക്ക് 45 പന്തില്‍ നിന്ന് 61 റണ്‍സുമായി മടങ്ങി. ആയുഷ് ബദോനി 9 പന്തില്‍ രണ്ട് സിക്‌സോടെ 19 റണ്‍സുമായി പുറത്താവാതെ നിന്നു. 

തകര്‍പ്പന്‍ തുടക്കം നല്‍കി ഉത്തപ്പ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ചെന്നൈ മികച്ച സ്‌കോറിലെത്തിയത്. ശിവം ഡുബെ, മൊയിന്‍ അലി, അമ്പാട്ടി റായുഡു, ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ, മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി എന്നിവരുടെ വെടിക്കെട്ടും ടീം ടോട്ടല്‍ 200 കടത്തുന്നതില്‍ നിര്‍ണായകമായി.

ടോസ് നേടി ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തിരുമാനിക്കുകയായിരുന്നു. ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ആദ്യ ഓവര്‍ മുതല്‍ തകര്‍പ്പന്‍ അടികളുമായി ഉത്തപ്പ കളം പിടിച്ചു.

റുതുരാജ് റണ്ണൗട്ടാകുകയായിരുന്നു. പിന്നാലെ എത്തിയ മൊയിന്‍ അലി ഉത്തപ്പയ്ക്ക് കട്ട പിന്തുണ നല്‍കിയതോടെ സ്‌കോര്‍ കുതിച്ചു. ഉത്തപ്പ 27 പന്തുകള്‍ നേരിട്ട് എട്ട് ഫോറുകളും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്തു. മൊയിന്‍ അലി 22 പന്തുകള്‍ നേരിട്ട് നാല് ഫോറുകളും രണ്ട് സിക്‌സുകളും സഹിതം 35 റണ്‍സ് വാരി.

അടുത്ത ഊഴം ശിവം ഡുബെയുടേതായിരുന്നു. ഡുബെ 30 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകളും രണ്ട് സിക്‌സും സഹിതം 49 റണ്‍സ് അടിച്ചെടുത്തു. അമ്പാട്ടി റായുഡു 20 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 27 റണ്‍സ് കണ്ടെത്തി.

ജഡേജ ഒന്‍പത് പന്തില്‍ 17 റണ്‍സുമായി മടങ്ങി. ധോനി ആറ് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും തൂക്കി 16 റണ്‍സുമായി പുറത്താകാതെ നിന്നു. ഡ്വയ്ന്‍ പ്രിട്ടോറിയസ് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ബ്രാവോ ധോനിക്കൊപ്പം ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

ലഖ്‌നൗ ടീമിനായി രവി ബിഷ്‌ണോയി നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ആവേശ് ഖാന്‍, ആന്‍ഡ്രു ടൈ എന്നിവരും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com