'കേരളത്തിലെ പിള്ളേർ ആറാടുകയാണ്'- രസകരമായ ട്വീറ്റുമായി മുംബൈ ഇന്ത്യൻസ്; 'തമ്പി അളിയാ'... എന്ന് വിളിച്ച് സഞ്ജു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2022 09:15 PM  |  

Last Updated: 31st March 2022 09:15 PM  |   A+A-   |  

sanju

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: ഐപിഎല്ലിലെ ആദ്യ പോരാട്ടത്തിൽ തന്നെ മലയാളി താരങ്ങളായ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബാറ്റിങിലും മുംബൈ ഇന്ത്യൻസിന്റെ ബേസിൽ തമ്പി ബൗളിങിലും മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ശനിയാഴ്ച ഇരു ടീമുകളും നേർക്കുനേർ വരികയാണ്. ഇതിന് മുന്നോടിയായി മലയാളി താരങ്ങളുടെ ചിത്രം ട്വീറ്റു ചെയ്തിരിക്കുകയാണ് മുംബൈ. രസകരമായ അടിക്കുറിപ്പുമായാണ് മുംബൈയുടെ ട്വീറ്റ്. 

'കേരളത്തിലെ പിള്ളേർ ആറാടുകയാണ്' സഞ്ജുവിനൊപ്പമുള്ള ബേസിലിന്റെ ചിത്രം ട്വീറ്റ് ചെയ്ത് മുംബൈ കുറിച്ചു. നിരവധി ആരാധകരാണ് ഈ ട്വീറ്റിന് കമന്റുമായെത്തിയത്. മലയാളത്തിലുള്ള മുംബൈയുടെ ട്വീറ്റ് കേരളത്തിലെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള ഈ പിള്ളേരുടെ മത്സരവീര്യത്തിനായി കാത്തിരിക്കുകയാണെന്നും മുംബൈ ട്വീറ്റിൽ പറയുന്നു.

പിന്നാലെ ഈ  ചിത്രം ഈ ചിത്രം സഞ്ജു ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. 'തമ്പി അളിയൻ' എന്ന തലക്കെട്ടോടെയാണ് സഞ്ജു ചിത്രം പോസ്റ്റ് ചെയ്തത്. എന്തായാലും മുംബൈ അഡ്മിനോട് ഇനിയും മലയാളത്തിൽ തന്നെ ട്വീറ്റുകൾ ഇടാൻ ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. 

സഞ്ജു സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 27 പന്തിൽ 55 റൺസടിച്ച താരം പ്ലെയർ ഓഫ് ദ മാച്ചുമായി. ടീമിലെ മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 73 റൺസ് കൂട്ടുകെട്ടുമുണ്ടാക്കി.

മുംബൈ ഇന്ത്യൻസിന്റെ പേസ് ബൗളറായ ബേസിൽ തമ്പി ഡൽഹി ക്യാപിറ്റൽസിനെതിരേ മികച്ച ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. നാല് ഓവറിൽ 35 റൺസ് വഴങ്ങി മലയാളി പേസർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ മുംബൈ നാല് വിക്കറ്റിന് തോറ്റെങ്കിലും ബേസിലിന്റെ പ്രകടനം ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചു.