'ഞാന്‍ കാന്‍സര്‍ രോഗിയാണ്'- വെളിപ്പെടുത്തി ഹോളണ്ട് കോച്ച് ലൂയീസ് വാന്‍ ഗാല്‍; ഞെട്ടി ഫുട്‌ബോള്‍ ലോകം

താന്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ ചികിത്സയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ആംസ്റ്റര്‍ഡാം: ഖത്തര്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ദേശീയ ടീമുകള്‍ തുടങ്ങിക്കഴിഞ്ഞു. മാസങ്ങള്‍ മാത്രം അവശേഷിക്കെ ലോകകപ്പിനുള്ള ഗ്രൂപ്പ് നിര്‍ണയവും ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇപ്പോഴിതാ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോളണ്ട് ദേശീയ ടീം പരിശീലകന്‍ ലൂയീസ് വാന്‍ ഗാല്‍. 

താനൊരു കാന്‍സര്‍ രോഗിയാണെന്ന് ലൂയീസ് വാന്‍ ഗാല്‍ വെളിപ്പെടുത്തി. താന്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ ചികിത്സയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ഡച്ച് ടോക്ക് ഷോയില്‍ സംസാരിക്കവേയാണ് 70കാരനായ പരിശീലകന്റെ വെളിപ്പെടുത്തല്‍. 

തന്റെ രോഗ വിവരം സംബന്ധിച്ച് ടീമിലെ കളിക്കാര്‍ക്ക് പോലും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെയായി 25 റേഡിയേഷന്‍ ചികിത്സകള്‍ നടത്തിയതായും അദ്ദേഹം പറയുന്നു. ചികിത്സയിലാണെങ്കിലും ഖത്തര്‍ ലോകകപ്പില്‍ ഹോളണ്ട് ടീമിന് തന്ത്രമോതാന്‍ താന്‍ ഡഗൗട്ടിലുണ്ടാകുമെന്നും വാന്‍ ഗാല്‍ പറഞ്ഞു. 

'എന്റെ രോഗത്തെക്കുറിച്ച് താരങ്ങള്‍ അറിയരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം അവരുടെ ഇഷ്ടങ്ങളേയും അവരുടെ കളിക്കാനുള്ള ഊര്‍ജ്ജത്തേയും അത് ഒരുപക്ഷേ സ്വാധീനിച്ചേക്കാം. അതുകൊണ്ട് തന്നെ അവര്‍ ഇക്കാര്യം അറിയേണ്ടതില്ലെന്ന് ഞാന്‍ കരുതി. കളിക്കാര്‍ അറിയാതെ വൈകീട്ടോ, രാത്രിയിലോ ആണ് ഞാന്‍ റേഡിയേഷന്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയിരുന്നത്.' 

'ഇത്തരം കാര്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. പ്രത്യേകിച്ച് എന്നെ സംബന്ധിച്ച്. എന്റ കുടുംബത്തില്‍, എന്റെ ഭാര്യയടക്കമുള്ളവരുടെ രോഗവും മരണവും ഒക്കെ ഞാന്‍ നേരിട്ടിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയില്‍ ജീവിതത്തിലെ ഇത്തരം അവസ്ഥകളെ നേരിട്ട ആള്‍ എന്ന നിലയില്‍ അനുഭവങ്ങളുടെ സമ്പത്തും എനിക്കുണ്ട്'- വാന്‍ ഗാല്‍ വ്യക്തമാക്കി. 

ഇത് മൂന്നാം തവണയാണ് അദ്ദേഹം ഡച്ച് ടീം പരിശീലകനാകുന്നത്. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴില്‍ ഹോളണ്ട് 2014ലെ ബ്രസീല്‍ ലോകകപ്പില്‍ സെമി ഫൈനല്‍ കളിച്ചിരുന്നു. 

ലോകത്തെ സൂപ്പര്‍ ക്ലബുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തും വാന്‍ ഗാലിന് സ്വന്തം. ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്ക്, അയാക്‌സ് ടീമുകളുടെ കോച്ചായിരുന്നു വാന്‍ ഗാല്‍. അയാക്‌സിനെ 1995ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കാനും വാന്‍ ഗാലിന്റെ തന്ത്രങ്ങള്‍ക്ക് സാധിച്ചു. 

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട തിരഞ്ഞെടുപ്പിന് അദ്ദേഹം എത്തിയിരുന്നില്ല. അതിഥേയരായ ഖത്തര്‍, സെനഗല്‍, ഇക്വഡോര്‍ ടീമുകള്‍ക്കൊപ്പമാണ് ഗ്രൂപ്പ് സ്റ്റേജില്‍ ഹോളണ്ടിന്റെ മത്സരങ്ങള്‍.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com