പന്തെറിഞ്ഞത് രണ്ട് പേര്‍ മാത്രം! ബംഗ്ലാദേശ് വെറും 53 റണ്‍സില്‍ പുറത്ത്; കൂറ്റന്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 367 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 204 റണ്‍സുമാണ് എടുത്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഡര്‍ബന്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ വെറും 53 റണ്‍സില്‍ ഓള്‍ ഔട്ടാക്കി 220 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ആതിഥേയര്‍ പിടിച്ചെടുത്തത്. 

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 367 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 204 റണ്‍സുമാണ് എടുത്തത്. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 293 റണ്‍സ് കണ്ടെത്തി. 274 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സന്ദര്‍ശകരുടെ ചെറുത്തു നില്‍പ്പ് പക്ഷേ വെറും 53 റണ്‍സില്‍ അവസാനിച്ചു. 

രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ എഴ് വിക്കറ്റുകള്‍ പിഴുത കേശവ് മഹാരാജാണ് ബംഗ്ലാ ബാറ്റിങിനെ തകര്‍ത്തത്. ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ സിമോണ്‍ ഹാര്‍മറും സ്വന്തമാക്കി. വെറും 19 ഓവറില്‍ ബംഗ്ലാദേശ് ചെറുത്തുനില്‍പ്പ് അവസാനിച്ചു. കേശവ് മഹാരാജ് 10 ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങിയാണ് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത്. സിമോണ്‍ ഹാര്‍മര്‍ ഒന്‍പത് ഓവറില്‍ വെറും 21 റണ്‍സാണ് വിട്ടുകൊടുത്തത്. മൂന്ന് ഓവറുകള്‍ മെയ്ഡനായി. 

ബംഗ്ലാ നിരയില്‍ നജുമല്‍ ഹുസൈന്‍, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. നജുമല്‍ 26 റണ്‍സും ടസ്‌കിന്‍ 14ഉം റണ്‍സ് കണ്ടെത്തി. നാല് താരങ്ങള്‍ സംപൂജ്യരായി കൂടാരം കയറി. 

ഒന്നര ദിവസം മുന്നിലുണ്ടായിട്ടും ബംഗ്ലാ ബാറ്റര്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പോലും സാധിച്ചില്ല. നാലാം ദിനത്തില്‍ 11 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായാണ് ബംഗ്ലാദേശ് കളി അവസാനിപ്പിച്ചത്. ശേഷിച്ച ഏഴ് വിക്കറ്റുകള്‍ അഞ്ചാം ദിനത്തില്‍ ക്ഷണത്തില്‍ നിലംപൊത്തി. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നില്‍. 

ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റന്‍ ഡീല്‍ എല്‍ഗാര്‍ (67), ടെംബ ബവുമ (93), സറല്‍ എല്‍വി (41), സിമോണ്‍ ഹാര്‍മര്‍ (38) എന്നിവര്‍ തിളങ്ങി. ബംഗ്ലാദേശിനായി ഖലേദ് അഹമ്മദ് നാല് വിക്കറ്റുകള്‍ നേടി. മെഹദി ഹസന്‍ മൂന്ന് വിക്കറ്റുകളും എബ്ദോദ് ഹുസൈന്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. 

ഒന്നാം ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ ബാറ്റ് വീശാന്‍ ബംഗ്ലാ ബാറ്റര്‍മാര്‍ക്കായി. മുഹമ്മദുല്‍ ഹസന്‍ ടീമിനായി സെഞ്ച്വറി (137) നേടി. ലിറ്റന്‍ ദാസും (41) തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി സിമോണ്‍ ഹാര്‍മര്‍ നാല് വിക്കറ്റുകളും ലിസാദ് വില്ല്യംസ് മൂന്ന് വിക്കറ്റുകളും നേടി. ഡൗനെ ഒലിവിയര്‍, വിയാന്‍ മള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

രണ്ടാം ഇന്നിങ്‌സിലും ഡീന്‍ എല്‍ഗാര്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. താരം 64 റണ്‍സ് കണ്ടെത്തി. ബംഗ്ലാദേശിനായി എബ്ദോദ് ഹുസൈന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും നേടി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com