'ഒരു യുഗത്തിന്റെ അന്ത്യം'- റൂട്ട് ഇം​ഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2022 03:56 PM  |  

Last Updated: 15th April 2022 03:56 PM  |   A+A-   |  

root

ഫോട്ടോ: ട്വിറ്റർ

 

ലണ്ടന്‍: സമീപകാലത്തെ മോശം പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ജോ റൂട്ട് ഒഴിഞ്ഞു. റൂട്ട് ക്യാപ്റ്റന്‍സി ഒഴിയുന്ന വാര്‍ത്ത ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 'ഒരു യുഗത്തിന്റെ അന്ത്യം' എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്. 

കഴിഞ്ഞ കുറച്ച് പരമ്പരകളിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് 31 കാരനായ റൂട്ടിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. 4-0ത്തിന് ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയോടും പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പോയി അവരോട് 1-0ത്തിനും പരമ്പര അടിയറവ് വച്ചിരുന്നു. ഇതോടെയാണ് റൂട്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിന് ഇളക്കം സംഭവിച്ചത്. വിൻ‍ഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി.

'കരീബിയന്‍ പര്യടനത്തിന് പിന്നാലെ എനിക്ക് ചിന്തിക്കാന്‍ സമയം കിട്ടി. അങ്ങനെയാണ് ഞാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. നായക സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് റൂട്ട് വ്യക്തമാക്കി. തീരുമാനം എടുക്കല്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു. തീരുമാനം കുടുംബത്തോടും എന്നോട് ഏറ്റവും അടുത്തവരുമായും ഞാന്‍ സംസാരിച്ചു. പിന്നാലെയാണ് ഉചിതമായ സമയം ഇതാണെന്ന് മനസിലായത്.' 

'കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തെ നയിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റിനായി പ്രവൃത്തിക്കാന്‍ സാധിച്ചത് ബഹുമതിയാണ്'- റൂട്ട് വ്യക്തമാക്കി. 

2017ല്‍ അലസ്റ്റര്‍ കുക്ക് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് റൂട്ട് ഇം​ഗ്ലണ്ടിനെ നയിക്കാൻ നിയുക്തനാകുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത റൂട്ട് 64 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ 27 മത്സരങ്ങള്‍ വിജയിച്ച റൂട്ട് 26 എണ്ണത്തില്‍ തോല്‍വി ഏറ്റുവാങ്ങി. 42.18 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയ ശതമാനം.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ ജയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് റൂട്ടിന് സ്വന്തം. മൈക്കല്‍ വോനിനേക്കാളും ഒരു വിജയവും അലിസ്റ്റര്‍ കുക്ക്, ആന്‍ഡ്രൂ സ്‌ട്രോസ് എന്നിവരേക്കാള്‍ മൂന്ന് വിജയവും അധികം.

ഈ വാർത്ത വായിക്കാം

12 കാരന്‍ വല ചലിപ്പിച്ചു; ഷാക്തറിന് വിജയ ഗോള്‍ യുക്രൈന്‍ അഭയാര്‍ത്ഥി ബാലന്റെ ബൂട്ടില്‍ നിന്ന്; ഹൃ‌ദയം തൊടും വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ