അസാധ്യ ഫോമില്‍ ബട്‌ലര്‍; കത്തിക്കയറി വീണ്ടും ശതകം; കൊല്‍ക്കത്തയ്ക്ക് മുന്നില്‍ 218 റണ്‍സ് ലക്ഷ്യം വച്ച് രാജസ്ഥാന്‍

61 പന്തുകള്‍ നേരിട്ട് ബട്‌ലര്‍ 103 റണ്‍സ് കണ്ടെത്തി. ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ബട്‌ലര്‍ കത്തിക്കയറിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: മാരക ഫോമില്‍ കളിക്കുന്ന ഇംഗ്ലീഷ് ബാറ്റര്‍ ജോസ് ബട്‌ലര്‍ സീസണിലെ രണ്ടാം സെഞ്ച്വറിയുമായി കളം നിറഞ്ഞ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ മികച്ച സ്‌കോര്‍ പടുത്തിയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് കണ്ടെത്തി. വിജയിക്കാന്‍ കൊല്‍ക്കത്തയ്ക്ക് 218 റണ്‍സ് വേണം. ടോസ് നേടി കൊല്‍ക്കത്ത രാജസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. 

61 പന്തുകള്‍ നേരിട്ട് ബട്‌ലര്‍ 103 റണ്‍സ് കണ്ടെത്തി. ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ബട്‌ലര്‍ കത്തിക്കയറിയത്. ഐപിഎല്ലിലെ ബട്‌ലറുടെ മൂന്നാം സെഞ്ച്വറി കൂടിയാണിത്.  

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 19 പന്തില്‍ 38 റണ്‍സുമായി ബട്‌ലറെ പിന്തുണച്ചു. രണ്ട് സിക്‌സും മൂന്ന് ഫോറും സഞ്ജു പറത്തി. 18 പന്തില്‍ 24 റണ്‍സുമായി ദേവ്ദത്ത് പടിക്കലും ബട്‌ലറെ പിന്തുണച്ചു. താരം മൂന്ന് ഫോറും ഒരു സിക്‌സും പറത്തി. 

ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 13 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 26 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിന്റെ മികവാണ് സ്‌കോര്‍ 200 കടത്തിയത്. ആര്‍ അശ്വിന്‍ രണ്ട് റണ്‍സുമായി ഹെറ്റ്മയര്‍ക്കൊപ്പം ക്രീസില്‍ തുടര്‍ന്നു. 

അഞ്ചാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി പരാജയമായി. താരം അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. പിന്നീട് ക്രീസിലെത്തിയ സീസണില്‍ ആദ്യമായി അന്തിമ ഇലവനില്‍ ഇടംപിടിച്ച കരുണ്‍ നായര്‍ക്ക് അവസരം മുതലെടുക്കാന്‍ സാധിച്ചില്ല. താരം മൂന്ന് റണ്‍സുമായി മടങ്ങി. 

കൊല്‍ക്കത്തയ്ക്കായി നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശിവം മവി, പാറ്റ് കമ്മിന്‍സ്, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റ് പിഴുതു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com