'കോഹ്‌ലി തളര്‍ന്നു, 6 മാസത്തെ ഇടവേള എടുക്കണം'; ഡക്കായതിന് പിന്നാലെ ശാസ്ത്രിയും പീറ്റേഴ്‌സനും 

മാനസികമായി കോഹ് ലിയെ അമിതമായി ഉപയോഗിച്ചു കഴിഞ്ഞതായാണ് രവി ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: വിരാട് കോഹ്‌ലി ഇടവേള എടുക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. മാനസികമായി കോഹ് ലിയെ അമിതമായി ഉപയോഗിച്ചു കഴിഞ്ഞതായാണ് രവി ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നത്. 

ആര്‍ക്കെങ്കിലും ഇടവേള വേണ്ടതായിട്ടുണ്ട് എങ്കില്‍ അത് കോഹ് ലിക്കാണ്. രണ്ട് മാസമോ ഒന്നര മാസമോ, ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പോ ശേഷമോ അത് വേണം. ഇനിയും ആറേഴ് വര്‍ഷം കളി തുടരാനുള്ള പ്രാപ്തി കോഹ് ലിക്കുണ്ട്. അതിനാലാണ് ഇടവേള എടുക്കണം എന്ന് പറയുന്നത്, ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എതിരെ കോഹ് ലി ഡക്കായി. ലോക ക്രിക്കറ്റില്‍ ഇതുപോലെ പ്രശ്‌നം നേരിടുന്ന ഒന്നോ രണ്ടോ താരങ്ങളെ ഉണ്ടാവു. ഇത് അഡ്രസ് ചെയ്യപ്പെടേണ്ട വിഷയമാണെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. രവി ശാസ്ത്രിയുടേതിന് സമാനമായ അഭിപ്രായമാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സനില്‍ നിന്നും വന്നത്. 

കോഹ്‌ലി ആറ് മാസത്തെ ഇടവേള എടുക്കണം

ക്രിക്കറ്റില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും കോഹ് ലി ഇടവേള എടുക്കണം. വിവാഹം മുതല്‍ കുഞ്ഞുണ്ടായത് വരെ, മാധ്യമങ്ങളുടെ സൂക്ഷ്മ നിരീക്ഷണം, സ്വകാര്യ ജീവിതം എന്നിലയെല്ലാം കോഹ് ലിക്ക് കൈകാര്യം ചെയ്യണം. ഷോയിലെ ബിഗ് സ്റ്റാറാണ് കോഹ് ലി. 

ആറ് മാസത്തേക്ക് ക്രിക്കറ്റ് ബൂട്ട്‌സിനോട് കോഹ് ലി പറയണം, പിന്നെ കാണാമെന്ന്. സ്റ്റേഡിയം വീണ്ടും നിറയുമ്പോള്‍, ടീമില്‍ അടുത്ത 12,21,36 മാസത്തേക്ക് നിങ്ങള്‍ അയാള്‍ക്ക് സ്ഥാനം ഉറപ്പ് നല്‍കണം. നിലവില്‍ ഇത്രയും ക്ഷീണിച്ചിരിക്കുന്ന അവസ്ഥയില്‍ തിരിച്ചു വരവ് കോഹ് ലിക്ക് ബുദ്ധിമുട്ടാണ്, പീറ്റേഴ്‌സന്‍ പറഞ്ഞു.

മൂന്ന് ഫോര്‍മാറ്റിലുമായി 100 മത്സരങ്ങള്‍ പിന്നിടുമ്പോഴും സെഞ്ചുറിയിലേക്ക് എത്താന്‍ കോഹ് ലിക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യയുടേയും ബാംഗ്ലൂരിന്റേയും ട്വന്റി20 നായക സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും കോഹ് ലിക്ക് നഷ്ടമായി. പിന്നാലെ റെഡ് ബോള്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍സിയും കോഹ് ലി രാജിവെച്ചു. 
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com