മിന്നിത്തിളങ്ങാനെടുത്തത് 4 വര്‍ഷം, പിന്നെ ആറാടല്‍; പൊള്ളാര്‍ഡ് കത്തിക്കയറിയ 5 കളികള്‍ 

അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം പൊള്ളാര്‍ഡില്‍ നിന്ന് വന്നപ്പോള്‍ ഗ്രൗണ്ടില്‍ വെടിക്കെട്ട് നടത്തിയ പൊള്ളാര്‍ഡ് ആണ് ആരാധകരുടെ ഓര്‍മകളില്‍...
കീരന്‍ പൊള്ളാര്‍ഡ്/ഇഎസ്പിന്‍ ട്വീറ്റ് ചെയ്ത ചിത്രം
കീരന്‍ പൊള്ളാര്‍ഡ്/ഇഎസ്പിന്‍ ട്വീറ്റ് ചെയ്ത ചിത്രം

മുംബൈ: ട്വന്റി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് വിന്‍ഡിസിന്റെ ട്വന്റി20 ക്യാപ്റ്റന്‍. 15 വര്‍ഷം നീണ്ട കരിയറിനാണ് പൊള്ളാര്‍ഡ് തിരശീലയിടുന്നത്. അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം പൊള്ളാര്‍ഡില്‍ നിന്ന് വന്നപ്പോള്‍ ഗ്രൗണ്ടില്‍ വെടിക്കെട്ട് നടത്തിയ പൊള്ളാര്‍ഡ് ആണ് ആരാധകരുടെ ഓര്‍മകളില്‍...

കൗമാരക്കാരനായി അരങ്ങേറ്റം, വരവറയിച്ചത് 4 വര്‍ഷത്തിന് ശേഷം

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് നാല് വര്‍ഷം പിന്നിട്ട ശേഷമാണ് പൊള്ളാര്‍ഡ് തന്റെ തനി സ്വരൂപം പുറത്തെടുക്കുന്നത്. 2007 ലോകകപ്പിലായിരുന്നു പൊള്ളാര്‍ഡ് എന്ന കൗമാരക്കാരന്റെ അരങ്ങേറ്റം. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ പൊള്ളാര്‍ഡ് ശ്രദ്ധപിടിക്കുന്നത് 2011 ലോകകപ്പില്‍. 

അയര്‍ലന്‍ഡിന് എതിരെ 55 പന്തില്‍ നിന്ന് 94 റണ്‍സ് ആണ് പൊള്ളാര്‍ഡ് അടിച്ചു കൂട്ടിയത്. എട്ട് ബൗണ്ടറിയും അഞ്ച് സിക്‌സുമാണ് അന്ന് മൊഹാലിയില്‍ വെച്ച് പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്ന് പറന്നത്. 

ഇന്ത്യയില്‍ പൊരുതി നിന്ന പൊള്ളാര്‍ഡ്‌

2011ന്റെ അവസാനം ഇന്ത്യയിലേക്ക് വിന്‍ഡിസ് പര്യടനം. മധ്യനിരയില്‍ പൂര്‍ണ ആത്മവിശ്വാസത്തോടെ പൊള്ളാര്‍ഡ് ബാറ്റ് വീശി. വിന്‍ഡിസിന്റെ പ്ലാനുകള്‍ ഫലം കണ്ടില്ലെങ്കിലും പൊള്ളാര്‍ഡ് തന്റെ ആദ്യ രാജ്യാന്തര സെഞ്ചുറി തൊട്ടു ഇവിടെ. ഇവിടെ വെടിക്കെട്ട് ബാറ്ററായ പൊള്ളാര്‍ഡിനെ അല്ല കണ്ടത്. സാഹചര്യത്തിന് ഇണങ്ങും വിധം നിന്ന് പൊള്ളാര്‍ഡ് ബാറ്റി വീശി. 

ഇന്ത്യ മുന്‍പില്‍ വെച്ച 267 റണ്‍സ് ചെയ്‌സ് ചെയ്യവെ വിന്‍ഡിസ് 36-4ലേക്ക് വീണു. ഇവിടെ റസലിനെ കൂട്ടുപിടിച്ച് പൊള്ളാര്‍ഡ് വിന്‍ഡിസിന് വിജയ പ്രതീക്ഷ നല്‍കി. 4 ഫോറും 10 സിക്‌സുമാണ് 119 റണ്‍സ് കണ്ടെത്തിയ പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്ന് ഇവിടെ കണ്ടത്. 

ഓസ്‌ട്രേലിയ വിറപ്പിച്ച ബാറ്റിങ്‌

ഷെയ്ന്‍ വാട്‌സന്‍ നയിച്ച വിന്‍ഡിസ് നിര. പേസ് നിരയില്‍ ബ്രെറ്റ് ലീയും സ്പിന്നറായി സേവിയര്‍ ഡോഹെര്‍ത്തിയും. കരുത്തുറ്റ ഓസ്‌ട്രേലിയന്‍ നിരക്ക് എതിരെ 70 പന്തില്‍ 102 റണ്‍സ് നേടിയാണ് പൊള്ളാര്‍ഡ് കരുത്ത് കാണിച്ചത്. അവസാന ഓവറില്‍ ലീയുടെ പന്തില്‍ പുറത്താകുമ്പോള്‍ വിന്‍ഡിസിന് സുരക്ഷിതമായി സ്‌കോര്‍ പൊള്ളാര്‍ഡ് നല്‍കിയിരുന്നു. കളി വിന്‍ഡിസ് ജയിക്കുകയും ചെയ്തു. 

ട്വന്റി20 ലോകകപ്പ് സെമിയിലെ നിറഞ്ഞാടല്‍

ട്വന്റി20 ലോകകപ്പിലെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ വീഴ്ത്താനും വന്നു പൊള്ളാര്‍ഡിന്റെ ഓള്‍റൗണ്ട് മികവ്. ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ 41 പന്തില്‍ നിന്ന് 75 റണ്‍സുമായി വിന്‍ഡിസിന് മികച്ച തുടക്കം നല്‍കിയിരുന്നു. മികച്ച തുടക്കം മുതലാക്കി പൊള്ളാര്‍ഡും തകര്‍ത്തടിച്ചു. 15 പന്തില്‍ നിന്ന് 38 റണ്‍സ് ആണ് പൊള്ളാര്‍ഡ് നേടിയത്. ഇതോടെ വിന്‍ഡിസ് സ്‌കോര്‍ 200 കടന്നു. ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയേയും കമിന്‍സിനേയും തുടരെയുള്ള ഡെലിവറികളിലും പൊള്ളാര്‍ഡ് മടക്കി. 

ആറില്‍ ആറും സിക്‌സ് 

കരിയറിന്റെ രണ്ടാം ഘട്ടം പരിക്കിന്റെ വലയിലായിരുന്നു. 2016 ട്വന്റി20 ലോകകപ്പില്‍ പൊള്ളാര്‍ഡിന് പുറത്തിരിക്കേണ്ടി വന്നു. എന്നാല്‍ തന്നിലെ ക്രിക്കറ്റ് അവസാനിച്ചിട്ടില്ലെന്ന് 2021ല്‍ പൊള്ളാര്‍ഡ് വ്യക്തമാക്കി, ഒരോവറില്‍ ആറ് സിക്‌സ് പറത്തി. ലെവിസ്, ക്രിസ് ഗെയ്ല്‍, പൂരന്‍ എന്നിവരെ മടക്കി ധനഞ്ജയ സില്‍വ ഹാട്രിക് നേടിയിരുന്നു. 

എന്നാല്‍ ആ ബഹുമാനമൊന്നും ധനജ്ഞയയോട് പൊള്ളാര്‍ഡ് കാണിച്ചില്ല. ആറ് പന്തില്‍ ആറും പൊള്ളാര്‍ഡ് സിക്‌സ് പറത്തി. ആറില്‍ ആറും സിക്‌സ് പറത്തി യുവരാജ് സിങ്ങിനും ഹെര്‍ഷല്‍ ഗിബ്‌സിനും ഒപ്പമാണ് ഇവിടെ പൊള്ളാര്‍ഡ് എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com