'ഐപിഎല്‍ ഒഴിവാക്കു, അല്‍പ്പം വിശ്രമിക്കു'- കോഹ്‌ലിയോട് രവി ശാസ്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 02:56 PM  |  

Last Updated: 10th November 2022 10:58 AM  |   A+A-   |  

kohli

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ്‌ലി സീസണിലെ ശേഷിക്കുന്ന ഐപിഎല്‍ പോരാട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഉപദേശിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. മുന്‍ നായകന്റെ ബാറ്റിങിലെ അസ്ഥിരത ചൂണ്ടിയാണ് ശാസ്ത്രിയുടെ ഉപദേശം. 

നടപ്പ് സീസണില്‍ കോഹ്‌ലി ബാറ്റിങില്‍ അമ്പേ പരാജയമാണ്. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 128 റണ്‍സാണ് സാമ്പാദ്യം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കെതിരെ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ കോഹ്‌ലി ഇന്നലെ രാജസ്ഥാനെതിരെ ഒന്‍പത് റണ്‍സിനും പുറത്തായി. 

പിന്നാലെയാണ് ശാസ്ത്രിയുടെ ഉപദേശം. കോഹ്‌ലി കുറച്ചു വിശ്രമിക്കുകയാണ് വേണ്ടതെന്ന് ശാസ്ത്രി പറയുന്നു. 

'കോഹ്‌ലി മത്സര രംഗത്ത് നിന്നു ഒരു ഇടവേള എടുക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. കുറച്ചു കാലമായി വിശ്രമമില്ലാതെ കളിക്കുകയാണ് അദ്ദേഹം. കരിയര്‍ ഒരു ആറ്- ഏഴ് വര്‍ത്തേക്ക് നീട്ടിക്കൊണ്ടു പോകാന്‍ ഇത്തരത്തിലും ഇടവേളകള്‍ ഗുണം ചെയ്യും. അദ്ദേഹത്തിനും അദ്ദേഹത്തെ മികവില്‍ ഇനിയും കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും കോഹ്‌ലി വിട്ടുനില്‍ക്കണം.' 

'14-15 വര്‍ഷമായി തുടര്‍ച്ചയായി കളിക്കുന്ന കോഹ്‌ലിയോട് മാത്രമല്ല, അത്തരത്തിലുള്ള ഏത് താരത്തോടും എനിക്ക് ഇത് തന്നെയാണ് പറയുനുണ്ടാകുക. ഇന്ത്യക്കായി ഇനിയും മികച്ച പ്രകടനം നടത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു ഇടവേള അത്യാവശ്യമാണ്. ഇന്ത്യന്‍ ടീമിന് മത്സരങ്ങളില്ലാത്ത സമയമാണ് അതിന് അനുയോജ്യം. ഐപിഎല്‍ നടക്കുമ്പോള്‍ ഇന്ത്യക്ക് മത്സരങ്ങളുണ്ടാകില്ല. അതുകൊണ്ടാണ് ഐപിഎല്ലില്‍ നിന്ന് കോഹ്‌ലി വിട്ടുനില്‍ക്കണമെന്ന് പറയുന്നത്.' 

'ഫ്രാഞ്ചൈസിയുമായി തീരുമാനിച്ച് പകുതി കളികള്‍ മാത്രമേ കളിക്കാന്‍ ഇറങ്ങു എന്നു വ്യക്തമായി പറയണം. അന്താരാഷ്ട്ര താരമായി നില്‍ക്കുമ്പോള്‍ ജീവിതത്തില്‍ ചിലപ്പോള്‍ ഇത്തരം കഠിന തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.'

'വിരാട് ഇപ്പോഴും ചെറുപ്പമാണ്. അദ്ദേഹത്തിന് ഇനിയും ആറ്- ഏഴ് വര്‍ഷങ്ങള്‍ കളിക്കാന്‍ സാധിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹം സ്വയം വിലയിരുത്തി നോക്കണം. പല മികച്ച താരങ്ങള്‍ക്കും കരിയറില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്'- ശാസ്ത്രി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കാം

'മണിക്കൂറില്‍ 150 കിമീ വേഗതയില്‍ എറിയും'; മുന്നറിയിപ്പുമായി കുല്‍ദീപ് സെന്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ