മലപ്പുറം: സന്തോഷ് ട്രോഫി മത്സരത്തില്‍ ഗോള്‍ നേട്ടത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ടികെ ജെസിന്‍. ജെസിന്റെ മിന്നുന്ന പ്രകടനമാണ് ഒരിക്കല്‍ കൂടി കേരളത്തെ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തിച്ചത്. കര്‍ണാടകത്തിനെതിരായ സെമിഫൈനലില്‍ മലപ്പുറം സ്വദേശിയായ ജെസിന്‍ അടിച്ചുകൂട്ടിയത് 5 ഗോളുകളാണ്.
നേരത്തെ കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ ഒരു മത്സരത്തില്‍ ഏറ്റവും അധികം ഗോളുകള്‍ നേടിയത് ആസിഫ് സഫീറാണ്. സഫീറിന്റെ റെക്കോര്‍ഡാണ് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി സ്വന്തം മണ്ണില്‍ ജെസിന്‍ പഴങ്കഥയാക്കിയത്. ആസീഫ് സഫീര്‍ നാലുഗോളുകളാണ് നേടിയത്.
30ാം മിനിറ്റില്‍ പകരക്കാരനായാണ് ജെസിന്‍ കളത്തിലിറങ്ങിയത്. ജെസിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു ആ മണ്ണും അവിടെ കൂടിയ മനുഷ്യരും. അവരുടെ സ്വപ്‌നങ്ങള്‍ ഹൃദയത്തിലേറ്റിയാണ് ആ മാന്ത്രികക്കാലുകള്‍ അഞ്ച് തവണ ലക്ഷ്യം കണ്ടത്.
35ാം മിനിറ്റില്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് കേരളത്തിന്റെ ആദ്യ ഗോളെത്തി. ബോക്‌സിലേക്ക് വന്ന പാസ് കര്‍ണാടക ഡിഫന്‍ഡറെയും ഗോള്‍കീപ്പറെയും മറികടന്ന് ജെസിന്‍ വലയിലെത്തിക്കുകയായിരുന്നു. ജെസിന്‍ എത്തിയതോടെ കേരള ആക്രമണങ്ങള്‍ക്ക് ജീവന്‍ വെച്ചു. 42-ാം മിനിറ്റില്‍ ജെസിന്‍ കേരളത്തിന്റെ രണ്ടാം ഗോളും നേടി. ഇത്തവണയും ജെസിന്റെ ഒറ്റയാള്‍ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. പിന്നാലെ 44-ാം മിനിറ്റില്‍ ജെസിന്‍ ഹാട്രിക്ക് തികച്ചു. ഇടതു വിങ്ങില്‍ നിന്ന് നിജോ ഗില്‍ബര്‍ട്ടിന്റെ ഷോട്ട് കീപ്പര്‍ തട്ടിയകറ്റി. ബോക്‌സിന് തൊട്ടുമുന്നിലുണ്ടായിരുന്ന ജെസിന്‍ പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ഷിഗില്‍ കേരളത്തിന്റെ ഗോള്‍ നേട്ടം നാലാക്കി ഉയര്‍ത്തി. വലതുവിങ്ങിലൂടെയുള്ള നിജോയുടെ മുന്നേറ്റമാണ് ഈ ഗോളിനും വഴിവെച്ചത്. കര്‍ണാടക കീപ്പര്‍ തട്ടിയകറ്റിയ പന്ത് ഷിഗില്‍ വെട്ടിത്തിരിഞ്ഞൊരു ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലും കേരളത്തിന് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 54-ാം മിനിറ്റില്‍ കമലേഷ് മികച്ചൊരു ലോങ് റേഞ്ചറിലൂടെ കര്‍ണാടകയുടെ രണ്ടാം ഗോള്‍ നേടി. മൈതാന മധ്യത്തു നിന്ന് കമലേഷ് അടിച്ച പന്ത് കേരള ഗോള്‍കീപ്പര്‍ മിഥുനെ മറികടന്ന് വലയിലെത്തുകയായിരുന്നു. പിന്നാലെ 56-ാം മിനിറ്റില്‍ ജെസിന്‍ കേരളത്തിനായി വീണ്ടും വലകുലുക്കി. കര്‍ണാടക ഡിഫന്‍ഡറില്‍ നിന്നും പന്ത് റാഞ്ചി ഒറ്റയ്ക്ക് മുന്നേറിയ ജെസിന്‍ ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും കൊടുക്കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ ജെസിന്റെ നാലാം ഗോളായിരുന്നു ഇത്.
62-ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജ് കേരളത്തിന്റെ ആറാം ഗോള്‍ കണ്ടെത്തി. പോസ്റ്റിന്റെ വലത് ഭാഗത്തുനിന്ന് അര്‍ജുന്‍ അടിച്ച പന്ത് കര്‍ണാടക ഡിഫന്‍ഡറുടെ കാലില്‍ തട്ടി ഗതിമാറി ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തുകയായിരുന്നു.
72-ാം മിനിറ്റില്‍ സൊലെയ്മലെയ് ബോക്‌സിന് പുറത്തു നിന്ന് കിടിലനൊരു ഷോട്ടിലൂടെ കര്‍ണാടകയുടെ ഗോള്‍നേട്ടം മൂന്നാക്കി. തൊട്ടുപിന്നാലെ 74-ാം മിനിറ്റില്‍ ജെസിന്‍ കളിയിലെ തന്റെ അഞ്ചാമത്തെയും കേരളത്തിന്റെ ഏഴാമത്തെയും ഗോള്‍ സ്വന്തമാക്കി. നൗഫല്‍ നല്‍കിയ കിറുകൃത്യം പാസ് ജെസിന്‍ അനായാസം വലയിലെത്തിച്ചു. ഇതോടെ ടൂര്‍ണമെന്റില്‍ ആറു ഗോളുമായി ജെസിന്‍ ഗോള്‍വേട്ടക്കാരില്‍ മുന്നിലെത്തി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates