ഇനി മുന്‍പില്‍ ക്രിസ്റ്റ്യാനോ മാത്രം; റയലിന്റെ ഗോള്‍വേട്ടയില്‍ റൗളിനെ മറികടന്ന് ബെന്‍സെമ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2022 03:13 PM  |  

Last Updated: 11th August 2022 03:13 PM  |   A+A-   |  

karim_benzema

ഫ്രാങ്ക്ഫര്‍ട്ടിന് എതിരെ ബെന്‍സെമ/ഫോട്ടോ: എഎഫ്പി

 

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഗോള്‍വേട്ടക്കാരില്‍ ഇനി കരിം ബെന്‍സെമക്ക് മുന്‍പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം. യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിന് എതിരായ ഗോളോടെയാണ് റയലിന്റെ ഗോള്‍വേട്ടക്കാരില്‍ ബെന്‍സെമ രണ്ടാം സ്ഥാനത്ത് എത്തിയത്. 

എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ ഫ്രാങ്ക്ഫര്‍ട്ടിനെ വീഴ്ത്തി കിരീടം ചൂടിയത്. ഇതിഹാസ താരം റൗള്‍ ഗോണ്‍സാലെസിനെയാണ് ബെന്‍സെമ മറികടന്നത്. ഫ്രാങ്ക്ഫര്‍ട്ടിന് എതിരെ 65ാം മിനിറ്റില്‍ വല കുലുക്കിയതോടെ റയല്‍ ജഴ്‌സിയില്‍ ബെന്‍സെമയുടെ 324ാമത്തെ ഗോളായി അത് മാറി. 

323 ഗോളാണ് റൗള്‍ റയലിനായി നേടിയത്. 1994 മുതല്‍ 2010 റയല്‍ കുപ്പായം അണിഞ്ഞ റൗള്‍ 741 മത്സരങ്ങളാണ് കളിച്ചത്. 450 ഗോളോടെ ക്രിസ്റ്റിയാനോയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ക്രിസ്റ്റിയാനോയുടെ ഗോള്‍ ബെന്‍സെമ മറികടക്കാനുള്ള സാധ്യത വിരളമാണ്. 

2009ലാണ് ബെന്‍സെമ റയലിലേക്ക് വരുന്നത്. 606 മത്സരങ്ങളാണ് 324 ഗോളുകള്‍ നേടാന്‍ ബെന്‍സെമക്ക് വേണ്ടിവന്നത്. 308 ഗോളുകളുമായി ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ, 290 ഗോളുകളുമായി സാന്റില്ലാന, 242 ഗോളുമായി പുഷ്‌കാസ് എന്നിവരാണ് റയലിന്റെ ഗോള്‍വേട്ടക്കാരില്‍ ക്രിസ്റ്റിയാനോയ്ക്കും ബെന്‍സെമക്കും റൗളിനും പിന്നിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'അര്‍ജന്റീനക്കെതിരെ വീണ്ടും കളിക്കേണ്ട'; തടസപ്പെട്ട ലോകകപ്പ് യോഗ്യതാ മത്സരം ഒഴിവാക്കണമെന്ന് ബ്രസീല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ