'അര്‍ജന്റീനക്കെതിരെ വീണ്ടും കളിക്കേണ്ട'; തടസപ്പെട്ട ലോകകപ്പ് യോഗ്യതാ മത്സരം ഒഴിവാക്കണമെന്ന് ബ്രസീല്‍

നാല് അര്‍ജന്റൈന്‍ താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രാജ്യത്തേക്ക് എത്തി എന്നതായിരുന്നു കാരണം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

റിയോ ഡി ജനീറോ: തടസപ്പെട്ട അര്‍ജന്റീനക്കെതിരായ യോഗ്യതാ മത്സരം ഇനി കളിക്കാന്‍ താത്പര്യം ഇല്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. അര്‍ജന്റൈന്‍ താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ച് ബ്രസീല്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് കഴിഞ്ഞ വര്‍ഷം മത്സരം തടസപ്പെടുത്തിയത്. 

മത്സരം ആരംഭിച്ച് ആറ് മിനിറ്റ് പിന്നിട്ടപ്പോഴേക്കും കളി തടസപ്പെടുകയായിരുന്നു. നാല് അര്‍ജന്റൈന്‍ താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രാജ്യത്തേക്ക് എത്തി എന്നതായിരുന്നു കാരണം. ബ്രസീല്‍, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് ഫിഫ പിഴ ചുമത്തുകയും, മത്സരം മറ്റൊരവസരത്തില്‍ നടത്തണം എന്നും നിര്‍ദേശിച്ചു. 

നിലവില്‍ രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയിലാണ് കേസ്. ഓഗസ്റ്റില്‍ കേസില്‍ വിധി പറയും. സെപ്തംബറില്‍ മത്സരം നടത്തും എന്നാണ് സൂചന. എന്നാല്‍ ഈ ലോകകപ്പ് യോഗ്യതാ മത്സരം വീണ്ടും നടത്തുന്നതിന് എതിരെ ബ്രസീല്‍ പരിശീലകന്‍ ടിറ്റേ ഉള്‍പ്പെടെയുള്ളവര്‍ നിലപാടെടുക്കുന്നു. 

കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനും സസ്‌പെന്‍ഷന് ഇടയാക്കാനും എല്ലാമുള്ള സാധ്യത ചൂണ്ടിയാണ് ടിറ്റേ ഈ മത്സരം ഒഴിവാക്കണം എന്ന നിലപാടെടുക്കുന്നത്. ഇതോടെ ഈ മത്സരം ഒഴിവാക്കണം എന്ന് ഫിഫയോട് ആവശ്യപ്പെടും എന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു. 

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍. സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിലെ ബ്രസീലിന്റെ എതിരാളികള്‍. ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നിവര്‍ അര്‍ജന്റീനയുടെ എതിരാളികളാവും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com