ജോ റൂട്ടിനെ മറികടന്ന് ആര് നമ്പര്‍ 1 ടെസ്റ്റ് താരമാവും? ജയവര്‍ധനെയുടെ പ്രവചനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2022 02:38 PM  |  

Last Updated: 11th August 2022 02:41 PM  |   A+A-   |  

virat_kohli_babar_azam

ഫോട്ടോ: ട്വിറ്റർ

 

ദുബായ്: ടെസ്റ്റ് റാങ്കിങ്ങില്‍ ജോ റൂട്ടിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താന്‍ ബാബര്‍ അസമിന് സാധിക്കുമെന്ന് ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ. മൂന്ന് ഫോര്‍മാറ്റിലും ബാബര്‍ സ്ഥിരത പുലര്‍ത്തുന്നത് ചൂണ്ടിയാണ് ജയവര്‍ധനയുടെ പ്രതികരണം. 

ഒന്നാം സ്ഥാനത്ത് നിന്ന് റൂട്ടിനെ ആര് പുറത്താക്കും എന്ന ചോദ്യം മുന്‍പിലെത്തിയപ്പോള്‍ ഉത്തരം നല്‍കാന്‍ പ്രയാസം എന്നാണ് ജയവര്‍ധനെ പ്രതികരിച്ചത്. ബാബര്‍ അസമിന് മുന്‍പില്‍ അവസരമുണ്ടെന്ന് ഞാന്‍ പറയും. മൂന്ന് ഫോര്‍മാറ്റിലും സ്ഥിരത പുലര്‍ത്തുന്നു. ബാബറിന്റെ റാങ്കുകളിലും അത് പ്രകടമാണ്, ജയവര്‍ധനെ പറഞ്ഞു. 

എല്ലാ സാഹചര്യങ്ങളിലും ബാബര്‍ കളിക്കുന്നു. സാഹചര്യങ്ങളോട് ഇണങ്ങാന്‍ ബാബറിന്റെ ശൈലിക്ക് കഴിയുന്നു. എത്രമാത്രം ക്രിക്കറ്റ് കളിക്കുന്നു, ആരെല്ലാം കളിക്കുന്നു എന്നതെല്ലാം നോക്കണം ഒന്നാം റാങ്കിലേക്ക് ആര് എത്തുമെന്ന് പറയാന്‍. എന്നാല്‍ ബാബര്‍ റൂട്ടിനെ മറികടക്കാന്‍ സാധ്യതയുള്ള താരമാണ്, ലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ചൂണ്ടിക്കാണിച്ചു. 

ജൂണ്‍ മുതല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് റൂട്ട്

ജൂണ്‍ മുതല്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് റൂട്ട്. സഹതാരങ്ങള്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുമ്പോഴും റൂട്ട് റണ്‍സ് കണ്ടെത്തിക്കൊണ്ടേ ഇരുന്നിരുന്നു. ഈ ദശകം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ താരമാണ് റൂട്ട്. 2021ലെ ഐസിസി ടെസ്റ്റ് പ്ലേയറായും തെരഞ്ഞെടുക്കപ്പെട്ടത് റൂട്ട് ആണ്. 

എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും റാങ്കിങ്ങില്‍ ആദ്യ മൂന്നിലുള്ള താരമാണ് ബാബര്‍. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒന്നാം റാങ്കിലും ടെസ്റ്റില്‍ മൂന്നാമതും. ട്വന്റി20യിലും ഏകദിനത്തിലും റാങ്കിങ്ങില്‍ മുന്നില്‍ തുടരുക പ്രയാസമാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരു പരിധി വരെ എങ്കിലും ബാബറിന് മുന്‍പില്‍ നില്‍ക്കാനാവും. എന്നാല്‍ പല ക്വാളിറ്റി താരങ്ങളും ബാബറില്‍ സമ്മര്‍ദം തീര്‍ക്കുമെന്നും ജയവര്‍ധനെ പറഞ്ഞു.

ക്രീസില്‍ ബാബറിന് ലഭിക്കുന്ന കൂടുതല്‍ സമയമാണ് തന്നെ പാക് ക്യാപ്റ്റനില്‍ ഏറ്റവും കൂടുതല്‍ ആകര്‍ശിക്കുന്നതെന്നും ജയവര്‍ധനെ പറഞ്ഞു. ട്വന്റി20യിലും ഏകദിനത്തിലും ടെസ്റ്റിലുമെല്ലാം അതിശയിപ്പിക്കും വിധം ബാബര്‍ ഇണങ്ങും. ടെസ്റ്റില്‍ ജോ റൂട്ടും അതുപോലെയാണ്. എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ ബോധ്യം ഉണ്ടാവും. സാഹചര്യം എന്താണോ അതിന് അനുസരിച്ച് കളിക്കും, ജയവര്‍ധനെ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഓപ്പണറാവാനുള്ള പ്രാപ്തി ഋഷഭ് പന്തിനുണ്ട്'; ഇന്ത്യയുടെ പരീക്ഷണങ്ങളെ പിന്തുണച്ച് ജയവര്‍ധനെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ