ദ്രാവിഡിനും വിശ്രമം; സിംബാബ്‌വെക്കെതിരെ ലക്ഷ്മൺ പരിശീലിപ്പിക്കും; ഒപ്പം സായ്‌രാജ് ബഹുതുലെ, ഋഷികേശ് കനിത്കർ

ദ്രാവിഡിന് പുറമെ ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡിനും ബൗളിങ് പരിശീലകനായ പരസ് മാംബ്രെക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വിശ്രമം അനുവദിച്ച് ബിസിസിഐ. ഏഷ്യാ കപ്പിന് മുന്നോടിയായി കോച്ചിന് വിശ്രമം നൽകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസം നടക്കാനിരിക്കുന്ന സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ പരിശീലകനായി വിവിഎസ് ലക്ഷ്മണ്‍ എത്തും. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനാണ് ലക്ഷ്മണ്‍ നേരത്തെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും ഇന്ത്യയുടെ പരിശീലകനായിരുന്നു.

ദ്രാവിഡിന് പുറമെ ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡിനും ബൗളിങ് പരിശീലകനായ പരസ് മാംബ്രെക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇരുവർക്കും പകരം മുന്‍ താരങ്ങളായ സായ്‌രാജ് ബഹുതുലെ, ഋഷികേശ് കനിത്കറുമാകും ടീമിനൊപ്പം ചേരുക. 

ദ്രാവിഡിന് കുറച്ചു ദിവസത്തെ വിശ്രമം അനുവദിക്കുകയാണെന്നും ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിനൊപ്പം സിംബാബ്‌വെയിലേക്ക് പോകുമെന്നും ജയ് ഷാ വ്യക്തമാക്കി. സിംബാബ്‌വെ പര്യടനത്തിന് പോയാല്‍ 20ന് ഏഷ്യാ കപ്പിനായി യുഎഇയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പോകാന്‍ ദ്രാവിഡിന് കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഇതുകൂടി മുന്നിൽ കണ്ടാണ് വിശ്രമം നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

പരിശീലകനെന്ന നിലയിൽ ദ്രാവിഡിന് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ എന്നിവയില്‍ ദ്രാവിഡ് ഭാഗമായി. 

ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീമും സപ്പോര്‍ട്ട് സ്റ്റാഫും ഈ മാസം 20നാണ് യുഎഇയിലേക്ക് പോകുക. 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28ന് പാകിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം 18, 20, 22 തീയതികളിലാണ് സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര. ഏകദിന ടീമിന്‍റെ നായകനായ കെഎല്‍ രാഹുല്‍, ഏഷ്യാ കപ്പ് ടീമിലുള്ള ദീപക് ഹൂഡ, ആവേശ് ഖാന്‍ എന്നിവര്‍ പരമ്പര പൂര്‍ത്തിയായ ശേഷം യുഎഇയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com