‘ടീം മോശമായി കളിച്ചാൽ കൊല്ലുമെന്ന് ഭീഷണി; ഭാര്യക്കും പെൺമക്കൾക്കും നേരെ ആക്രമണം‘- നാടുവിടുകയാണെന്ന് ബ്രസീൽ താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 01:43 PM  |  

Last Updated: 15th August 2022 01:43 PM  |   A+A-   |  

willian

ഫോട്ടോ: ട്വിറ്റർ

 

സാവോ പോളോ: ടീം മോശമായി കളിച്ചാലോ വ്യക്തി​ഗത പ്രകടനം മോശമായാലോ വധ ഭീഷണിയടക്കമുള്ളവ നിരന്തരം നേരിടേണ്ടി വരികയാണെന്നും അതിനാൽ നാടുവിടാൻ തീരുമാനിച്ചതായും ബ്രസീൽ ഫുട്ബോൾ താരം വില്ല്യൻ. മുൻ ആഴ്സണൽ, ചെൽസി താരമായ വില്ല്യൻ ബ്രസീൽ ക്ലബ് കൊറിന്ത്യൻസിലേക്ക് കഴിഞ്ഞ വർഷം മടങ്ങി എത്തിയിരുന്നു. 

തനിക്കും കുടുംബത്തിനും നാട്ടിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അതിനാൽ തിരികെ യൂറോപ്പിലേക്ക് മടങ്ങുകയാണെന്നും വില്ല്യൻ പറയുന്നു. ടീമുമായി കരാർ നിലനിൽക്കുന്നുണ്ടെങ്കിലും തുടരാൻ താത്പര്യമില്ലെന്ന് താരം ടീമിനെ അറിയിച്ചു കഴിഞ്ഞു. താരം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് തന്നെ മടങ്ങാനാണ് ഒരുങ്ങുന്നത്. 

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ഫുൾഹാമിലേക്കാണ് വില്ല്യൻ തിരിച്ചെത്തുന്നത് എന്നാണ് പുറത്തു വരുന്ന സൂചനകൾ. ബ്രസീലിനു വേണ്ടി 70 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് 34കാരനായ വില്ല്യൻ. 

‘ടീം മോശമായി കളിച്ചാലോ എന്റെ പ്രകടനം മോശമായാലോ എനിക്കു മാത്രമല്ല കുടുംബത്തിന് പോലും സമാധാനം കിട്ടാത്ത അവസ്ഥയാണ്. എന്റെ ഭാര്യ, പെൺമക്കൾ, പിതാവ്, സഹോദരി തുടങ്ങിയവരൊക്കെ സോഷ്യൽ മീഡിയയിൽ ആക്രമണം നേരിടുകയാണ്. വീട്ടിലേക്കു വധ ഭീഷണികളെത്തുന്നതും പതിവാണ്. ഞാനും കുടുംബവും ശാപ വാക്കുകൾ കേട്ടു മടുത്തു. ഇതിനു വേണ്ടിയല്ല ഞാൻ ബ്രസീലിലേക്കു തിരിച്ചുവന്നത്’- താരം പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ  

28 പന്തിൽ 74 റൺസ്! 20 ഫോർ അഞ്ച് സിക്സ്; വീണ്ടും സെഞ്ച്വറിയുമായി മാരക ഫോം തുടർന്ന് പൂജാര

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ