എട്ടാം സെക്കൻഡിൽ ​ഗോൾ; ഫ്രഞ്ച് ലീ​ഗിൽ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഒരു മയവുമില്ലാതെ പിഎസ്ജി

കിക്കോഫിൽ നിന്ന് രണ്ട് പാസുകൾക്ക് ശേഷം മെസി നൽകിയ ലോങ് ബോൾ പിടിച്ചെടുത്ത് ​ഗോൾ കീപ്പറുടെ തലയ്ക്ക് മുകളിലൂടെ എംബാപ്പെ വലയിലിട്ടു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: വൻ മാർജിനിൽ വിജയം കൊയ്യുന്നത് ആവർത്തിച്ച് പിഎസ്ജി. ഫ്രഞ്ച് ലീ​ഗ് വണിൽ സീസണിലെ മറ്റൊരു വമ്പൻ ജയം സൂപ്പർ താരങ്ങളടങ്ങിയ ടീം സ്വന്തമാക്കി. ലില്ലിനെ ഒന്നിനെതിരെ ഏഴ് ​ഗോളുകൾക്കാണ് അവർ തകർത്തത്. കെയ്‌ലിയന്‍ എംബാപ്പെ ഹാട്രിക്കും നെയ്മർ ഇരട്ട ​ഗോളുകളും നേടിയപ്പോൾ മെസി അച്റഫ് ഹകിമി എന്നിവർ ഓരോ ​ഗോളും വലയിലാക്കി. ലില്ലിന്റെ ആശ്വാസ ​ഗോൾ ജൊനാഥൻ ബംബ നേടി. ഇരട്ട ​ഗോളിനൊപ്പം മൂന്ന് ​ഗോളിന് വഴിയൊരുക്കിയും നെയ്മർ തിളങ്ങി.

മത്സരം ആരംഭിച്ച് എട്ടാം സെക്കൻഡിൽ തന്നെ പിഎസ് ജി ലീഡ് എടുത്തു. കിക്കോഫിൽ നിന്ന് രണ്ട് പാസുകൾക്ക് ശേഷം മെസി നൽകിയ ലോങ് ബോൾ പിടിച്ചെടുത്ത് ​ഗോൾ കീപ്പറുടെ തലയ്ക്ക് മുകളിലൂടെ എംബാപ്പെ വലയിലിട്ടു. ഈ ​ഗോൾ ഫ്രഞ്ച് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന ഗോളായി മാറുകയും ചെയ്തു. 

തുടക്കത്തിലെ ലീഡിന് പിന്നാലെ പിഎസ്ജി അറ്റാക്ക് തുടർന്നു. 27ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്ന് മെൻഡസ് നൽകിയ പാസിൽ നിന്ന് മെസി പിഎസ്ജിയുടെ രണ്ടാം ഗോൾ നേടി. 39ാം മിനുട്ടിൽ ഹകീമിയിലൂടെയായിരുന്നു മൂന്നാം ഗോൾ. ഈ ഗോൾ ഒരുക്കിയത് നെയ്മർ ആയിരുന്നു. ആദ്യ പകുതി അവസാനിക്കും മുമ്പ് നെയ്മറും ​ഗോൾ നേടിയതോടെ നാല് ഗോൾ ലീഡുമായി അവർ കളംവിട്ടു. 

രണ്ടാം പകുതിയുടെ തുടക്കത്തിൽ നെയ്മർ വീണ്ടും ഗോൾ കണ്ടെത്തി. 66ാം മിനിറ്റിൽ എംബാപ്പെയും രണ്ടാം ഗോൾ നേടി. ഇതും നെയ്മറിന്റെ അസിസ്റ്റ് ആയിരുന്നു. 87ാം മിനിറ്റിൽ വീണ്ടും ഈ കൂട്ടുകെട്ടിൽ എംബാപ്പെയുടെ ഗോൾ വന്നു. ഇതോടെ പിഎസ്ജി 7-1 എന്ന നിലയിൽ മത്സരം പൂർത്തിയാക്കി. ലീഗിൽ മൂന്നിൽ മൂന്ന് മത്സരങ്ങളും ജയിച്ച പിഎസ്ജി മൂന്ന് മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ അടിച്ചു കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com