ഹർദിക്, യു ബ്യൂട്ടി! അതേ വേദിയിൽ പകരം വീട്ടി ഇന്ത്യ; പാകിസ്ഥാനെ വീഴ്ത്തി ഏഷ്യാ കപ്പിൽ ത്രസിപ്പിക്കുന്ന തുടക്കം

ടോസ് നേടി ഇന്ത്യ ആദ്യം ബൗളിങിന് ഇറങ്ങുകയായിരുന്നു. നിശ്ചിത 19.5 ഓവറിൽ പാക് പോരാട്ടം 147 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ ബാറ്റെടുത്തത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ദുബായ്: കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ പാകിസ്ഥാനോടേറ്റ തോൽവിക്ക് അതേ വേദിയിൽ പകരം വീട്ടി ഇന്ത്യ. ആവേശം അവസാന ഓവർ വരെ നീണ്ട ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് തകർത്ത് ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. പാകിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയ ലക്ഷ്യം രണ്ട് പന്തുകൾ ശേഷിക്കേ ഇന്ത്യ മറികടന്നു. ബൗളിങിലും ബാറ്റിങിലും തിളങ്ങി ഹർദിക് പാണ്ഡ്യ ഇന്ത്യൻ ജയത്തിൽ നിർണായക സാന്നിധ്യമായി. 

ടോസ് നേടി ഇന്ത്യ ആദ്യം ബൗളിങിന് ഇറങ്ങുകയായിരുന്നു. നിശ്ചിത 19.5 ഓവറിൽ പാക് പോരാട്ടം 147 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ ബാറ്റെടുത്തത്. അവസാന ഓവറിൽ നാലാം പന്ത് സിക്‌സറിന് തൂക്കി ഹർദിക്കാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ദിനേഷ് കാർത്തിക് ഒരു റണ്ണുമായി  പുറത്താകാതെ നിന്നു.

തുടക്ക ഓവറുകളിലും മധ്യ ഓവറുകളിലു പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച രവീന്ദ്ര ജഡേജ - ഹർദിക് പാണ്ഡ്യ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്. 18-ാം ഓവറിൽ 11 റൺസും 19ാം ഓവറിൽ 14 റൺസും അടിച്ചെടുത്ത ഈ സഖ്യം പാകിസ്ഥാനിൽ നിന്നു വിജയം തട്ടിയെടുക്കുകയായിരുന്നു. ഇരുവരും ചേർന്നെടുത്ത 52 റൺസാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 

17 പന്തുകൾ നേരിട്ട ഹർദിക് ഒരു സിക്‌സും നാല് ഫോറുമടക്കം 33 റൺസോടെ പുറത്താകാതെ നിന്നു. ജഡേജ 29 പന്തിൽ രണ്ട് വീതം സിക്‌സും ഫോറുമടക്കം 35 റൺസെടുത്ത് അവസാന ഓവറിലെ ആദ്യ പന്തിൽ മടങ്ങി.

148 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ കെഎൽ രാഹുലിനെ (0) മടക്കി നസീം ഷാ ഞെട്ടിച്ചു. പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമയും 100ാം രാജ്യാന്തര ഏകദിനം കളിക്കുന്ന വിരാട് കോഹ്‌ലിയും ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ എട്ടാം ഓവറിൽ രോഹിത്തിനെയും (12), പിന്നാലെ കോഹ്‌ലിയേയും (35) മടക്കി മുഹമ്മദ് നവാസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി.

പിന്നീട് ക്രീസിൽ ഒന്നിച്ച രവീന്ദ്ര ജഡേജ - സൂര്യകുമാർ യാദവ് സഖ്യം സ്‌കോർ 89 വരെയെത്തിച്ചു. എന്നാൽ 18 റൺസെടുത്ത സൂര്യകുമാറിനെ 15ാം ഓവറിൽ നസീം ഷാ പുറത്താക്കി. തുടർന്നായിരുന്നു അഞ്ചാം വിക്കറ്റിൽ ജഡേജ - ഹർദിക് സഖ്യത്തിന്റെ രക്ഷാപ്രവർത്തനം. പാകിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് മൂന്നും നസീം ഷാ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ ഇന്ത്യൻ ബൗളർമാർ 19.5 ഓവറിൽ 147 റൺസിന് പുറത്താക്കുകയായിരുന്നു.

പവർപ്ലേ ഓവറുകളിൽ പരമാവധി പിടിച്ചു നിന്ന് അവസാനം സ്‌കോർ ഉയർത്താമെന്ന പാക് തന്ത്രത്തിന് ഭുവനേശ്വർ കുമാറും ഹർദിക് പാണ്ഡ്യയുമടക്കമുള്ള ഇന്ത്യൻ ബൗളർമാർ കടിഞ്ഞാണിട്ടതോടെയാണ് അവരുടെ സ്കോർ 147ൽ ഒതുങ്ങിയത്. നാല് ഓവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറും നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർദിക്കുമാണ് ഇന്ത്യയ്ക്കായി ബൗളിങ്ങിൽ തിളങ്ങിയത്. അർഷ്ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി.

42 പന്തിൽ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 43 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് പാക് നിരയിലെ ടോപ് സ്‌കോറർ. കൃത്യമായ ഇടവേളകളിൽ പാക് ബാറ്റർമാരെ ഡ്രസിങ് റൂമിലേക്കയച്ച ഇന്ത്യൻ ബൗളർമാർ അവർക്ക് കാര്യങ്ങൾ കടുപ്പമാക്കി.

റിസ്വാനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത പാക് ക്യാപ്റ്റൻ ബാബർ അസമിനെ (10) മൂന്നാം ഓവറിൽ മടക്കി ഭുവനേശ്വർ കുമാറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഫഖർ സമാനെ (10) ആവേശ് ഖാൻ, കാർത്തിക്കിന്റെ കൈയിലെത്തിച്ചു. മൂന്നാം ഓവറിൽ 45 റൺസ് ചേർത്ത റിസ്വാൻ - ഇഫ്തിഖർ അഹമ്മദ് സഖ്യമാണ് പാക് സ്‌കോർ 50 കടത്തിയത്. 

22 പന്തിൽ നിന്ന് 28 റൺസെടുത്ത ഇഫ്തിഖർ അഹമ്മദിനെ 13-ാം ഓവറിൽ മടക്കി ഹർദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ സ്‌കോർ ഉയർത്താനുള്ള സമ്മർദത്തിൽ റിസ്വാനും ഖുഷ്ദിൽ ഷായും (2) പുറത്തായതോടെ പാക് ടീം പ്രതിരോധത്തിലായി.

ആസിഫ് അലി (9), മുഹമ്മദ് നവാസ് (1), ഷദാബ് ഖാൻ (10), നസീം ഷാ (0) എന്നിവരാണ് പുറത്തായ മറ്റ് പാക് താരങ്ങൾ. അവസാന ഓവറുകളിൽ അപ്രതീക്ഷിതമായി റൺസ് സ്‌കോർ ചെയ്ത ഹാരിസ് റൗഫും (പുറത്താകാതെ 13), ഷാനവാസ് ദഹാനിയുമാണ് (ആറ് പന്തിൽ 16) പാക് സ്‌കോർ 140 കടത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com