1978ല്‍ കെംപെസും 1986ല്‍ മറഡോണയും പെനാല്‍റ്റി നഷ്ടപ്പെടുത്തി, പിന്നാലെ കിരീടവും ചൂടി; മെസിയും അതേ വഴിയിലെന്ന് ആരാധകര്‍

2022 ലോകകപ്പില്‍ മെസിക്കും പെനാല്‍റ്റി നഷ്ടപ്പെട്ടത് കിരീടത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയാണോ എന്നാണ് ആരാധകരുടെ ചോദ്യം
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ഖത്തര്‍ ലോകകപ്പിലെ തന്റെ രണ്ടാമത്തെ പെനാല്‍റ്റി സേവിലേക്ക് പോളണ്ട് ഗോള്‍ കീപ്പര്‍ ഷെസ്‌നിയെത്തിയപ്പോള്‍ അര്‍ജന്റൈന്‍ ആരാധകര്‍ നിരാശയോടെ തലതാഴ്ത്തി. പെനാല്‍റ്റി കിക്ക് വലയിലെത്തിക്കാന്‍ മെസിക്കായില്ലെങ്കിലും തുടരെ നടത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ രണ്ട് വട്ടം വല ഷെസ്‌നിയെ അര്‍ജന്റീന കാഴ്ച്ചക്കാരനാക്കി. ഇവിടെ മെസിയുടെ പെനാല്‍റ്റി നഷ്ടം ആരാധകര്‍ക്ക് മറ്റൊരു പ്രതീക്ഷ കൂടി നല്‍കുകയാണ്...

1978ലെ ലോകകപ്പില്‍ അര്‍ജന്റീനയുടെ ഗ്രൂപ്പിലെ മൂന്നാമത്തെ മത്സരത്തില്‍ മരിയോ കെംപെസ് പെനാല്‍റ്റി നഷ്ടപ്പെടുത്തി. 1986 ലോകകപ്പില്‍ അര്‍ജന്റീനയുടെ മൂന്നാമത്തെ മത്സരത്തില്‍ മറഡോണയും പെനാല്‍റ്റി നഷ്ടപ്പെടുത്തി. ഈ രണ്ട് വട്ടവും അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടിരുന്നു. ഇതുപോലെ 2022 ലോകകപ്പില്‍ മെസിക്കും പെനാല്‍റ്റി നഷ്ടപ്പെട്ടത് കിരീടത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

അര്‍ജന്റീനയുടെ കുപ്പായത്തില്‍ നാല് പെനാല്‍റ്റികളാണ് മെസിക്ക് നഷ്ടമായത്. ക്ലബിനും രാജ്യത്തിനും വേണ്ടി നഷ്ടമായ പെനാല്‍റ്റികള്‍ 31 ആണ്. ജര്‍മനിക്ക് എതിരെ അര്‍ജന്റീന 3-1ന് ജയിച്ച് കളിയിലാണ് മെസി ആദ്യമായി പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്. 2018 ലോകകപ്പില്‍ ഐസ്‌ലന്‍ഡ് ഗോള്‍കീപ്പറും മെസിയുടെ പെനാല്‍റ്റി തടഞ്ഞിട്ടിരുന്നു. 

അര്‍ജന്റീനക്ക് വേണ്ടി ഏഴ് പെനാല്‍റ്റി ഷൂട്ടൗട്ടുകളിലും മെസി കിക്ക് എടുത്തു. എന്നാല്‍ മെസിക്ക് വലകുലുക്കാന്‍ കഴിയാതിരുന്നത് ഒരിക്കല്‍ മാത്രം, 2016 കോപ്പ അമേരിക്ക ഫൈനലില്‍ ചിലിക്കെതിരെ. 

ബോക്‌സിനുള്ളിലേക്ക് എത്തിയ ക്രോസില്‍ മെസി ഹെഡ്ഡറിന് ശ്രമിക്കവെ ഷെസ്‌നിയുടെ കൈകള്‍ മെസിയുടെ മുഖത്ത് കൊണ്ടതിനാണ് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. വാര്‍ പരിശോധനയ്ക്ക് ശേഷമായിരുന്നു ഇത്. എന്നാല്‍ പോളണ്ടിന്റെ യുവന്റ്‌സ് ഗോള്‍കീപ്പര്‍ തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈ കൊണ്ട് പന്ത് തട്ടിയകറ്റി. ഒരു ലോകകപ്പ് എഡിഷനില്‍ രണ്ട് സേവുകള്‍ നടത്തുന്ന മൂന്നാമത്തെ മാത്രം ഗോള്‍കീപ്പറുമായി ഷെസ്‌നി.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com