ദോഹ: അവേശം അതിന്റെ എല്ലാ സീമുകളും കടന്ന് നിറഞ്ഞു നിന്ന പോരാട്ടത്തിൽ സെർബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ലോകകപ്പ് പോരാട്ടത്തിന്റെ പ്രീ ക്വാർട്ടറിൽ. രണ്ടാം സ്ഥാനക്കാരായാണ് സ്വിസ് സംഘം അവസാന 16ലേക്ക് കടന്നത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡ് വിജയം പിടിച്ചത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളാലും മത്സരം അടിമുടി ത്രില്ലറായി മാറി.
സ്വിറ്റ്സർലൻഡിനായി ഷെർദാൻ ഷാഖിരി, ബ്രീൽ എംബോളോ, റെമോ ഫ്ര്യൂളർ എന്നിവർ വല ചലിപ്പിച്ചു. അലക്സാണ്ടർ മിത്രോവിച്, ഡുസൻ വ്ലഹോവിച് എന്നിവരാണ് സെർബിയക്കായി ഗോൾ മടക്കിയത്.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ബ്രസീലിനും ആറ് പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പട്ടികയില്‍ മുന്നിലെത്തി. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റോടെ പട്ടികയില്‍ അവസാന സ്ഥാനത്താണ് സെര്‍ബിയ. സെര്‍ബിയ ഒരു മത്സരം പോലും ജയിക്കാതെയാണ് ലോകകപ്പില്‍ നിന്ന് പുറത്തായത്.
മത്സരം ആരംഭിച്ച് 30 സെക്കന്റിനുള്ളില്‍ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയന്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഇരച്ചെത്തി. ഗ്രാനിറ്റ് ഷാക്ക, എംബോളോ എന്നിവരുടെ ഗോളെന്നുറപ്പിച്ച ഷോട്ടുകള്‍ സെര്‍ബിയന്‍ ഗോള്‍ കീപ്പര്‍ മിലിങ്കോവിച്ച് സാവിച് തടുത്തിട്ടു. പിന്നീട് സെര്‍ബിയ താളം കണ്ടെത്തി. മുന്നേറ്റങ്ങളുമായി നിരന്തരം സ്വിസ് ബോക്‌സില്‍ കയറിയിറങ്ങി.
20ാം മിനിറ്റില്‍ കിടിലന്‍ മുന്നേറ്റങ്ങള്‍ക്കൊടുക്കം സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. ഇടത് വിങ്ങില്‍ നിന്നുള്ള റികാര്‍ഡോ റോഡ്രിഗസിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ സെര്‍ബിയക്ക് പിഴച്ചു. പന്ത് കിട്ടിയ ജിബ്രില്‍ സൗ ഷാഖിരിക്ക് കൈമാറി. താരം അനായാസം പന്ത് വലയിലിട്ടു.
നിരന്തരം ആക്രമണങ്ങള്‍ തുടര്‍ന്ന സെര്‍ബിയ ആറ് മിനിറ്റിനുള്ളിൽ മറുപടി നൽകി. മിത്രോവിച്ചാണ് സെർബുകളെ ഒപ്പമെത്തിച്ചത്. ഇടത് വിങ്ങില്‍ നിന്ന് ഡുസാന്‍ ടാഡിക് നല്‍കിയ ക്രോസില്‍ നിന്ന് മികച്ചൊരു ഹെഡ്ഡറിലൂടെ മിത്രോവിച്ച് പന്ത് വലയിലാക്കി.
പത്ത് മിനിറ്റനുള്ള സ്വിസ് പടയെ സെര്‍ബിയ വീണ്ടും ഞെട്ടിച്ചു. ഇത്തവണ ഡൂസാന്‍ വ്ലഹോവിചാണ് ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്‌സില്‍ ഗംഭീരമായൊരു ഇടം കാലന്‍ ഷോട്ടിലൂടെയാണ് വ്ലഹോവിച് സെര്‍ബിയക്ക് ലീഡ് നല്‍കിയത്.
ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്വിറ്റ്‌സര്‍ലന്‍ഡ് സമനില പിടിച്ചു. സെര്‍ബിയന്‍ പ്രതിരോധത്തെ ഭേദിച്ച് വലത് വിങ്ങില്‍ നിന്ന് ലഭിച്ച ക്രോസ് സ്‌ട്രൈക്കര്‍ എംബോളോ അനായാസം ഗോളാക്കി മാറ്റി. ആദ്യ പകുതി ഇരു ടീമുകളും രണ്ട് വീതം ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. റെമോ ഫ്ര്യൂളറാണ് സ്വിസ് പടയെ മുന്നിലെത്തിച്ചത്. മധ്യനിരയില്‍ ഷാഖിരി ബോക്‌സിലേക്ക് നീട്ടിയ പന്ത് വര്‍ഗാസ് മനോഹരമായൊരു ബാക്ക്ഹീല്‍ പാസിലൂടെ മറിച്ചു. ഓടിവന്ന ഫ്ര്യൂളര്‍ ഉഗ്രന്‍ ഷോട്ടിലൂടെ പന്തിനെ വലയിലിട്ടു.
പിന്നീടങ്ങോട്ട് സമനില ഗോളിനായി സെര്‍ബിയ ആക്രമണങ്ങള്‍ തുടര്‍ന്നെങ്കിലും ഫലം കണ്ടില്ല. മറ്റൊരു ഗോൾ നേടി വിജയം ഉറപ്പിക്കാൻ സ്വിറ്റ്സർലൻഡും കിണഞ്ഞു ശ്രമിച്ചെങ്കിലും അതും ലക്ഷ്യത്തിലെത്തിയില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates