അങ്ങനെ ബ്രസീലും വീണു; ഇഞ്ച്വറി ടൈമിലെ ​ഗോളിൽ അട്ടിമറിച്ച് കാമറൂൺ

കാമറൂൺ സൂപ്പർ താരം വിൻസെന്റ് അബൗബക്കറിന്റെ ​ഗോളാണ് ബ്രസീലിനെ അട്ടിമറി തോൽവിയിലേക്ക് തള്ളിയിട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
2 min read

ദോഹ: ലോകകപ്പിലെ അവസാന ​ഗ്രൂപ്പ് പോരാട്ടത്തിൽ ബ്രസീലും അട്ടിമറി തോൽവി രുചിച്ചു. ഈ ലോകകപ്പിൽ വമ്പൻമാരുടെയെല്ലാം ചിറകരിഞ്ഞ് കുഞ്ഞൻ ടീമുകൾ കരുത്ത് കട്ടിയപ്പോൾ കാമറൂണാണ് ഇഞ്ച്വറി ടൈമിൽ കാനറികളുടെ ചിറകരിഞ്ഞത്. തോറ്റെങ്കിലും ​ഗ്രൂപ്പ് ചാമ്പ്യൻമാരായി ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. ആദ്യ രണ്ട് മത്സരങ്ങളിൽ നേടിയ വിജയത്തിന്റെ ബലത്തിലാണ് ബ്രസീലിന്റെ മുന്നേറ്റം. 

കാമറൂൺ സൂപ്പർ താരം വിൻസെന്റ് അബൗബക്കറിന്റെ ​ഗോളാണ് ബ്രസീലിനെ അട്ടിമറി തോൽവിയിലേക്ക് തള്ളിയിട്ടത്. ​ഗോൾ നേടിയതിന് പിന്നാലെ അബൗബക്കർ ചുവപ്പ് കാർഡ് വാങ്ങി പുറത്താകുകയും ചെയ്തു. ജഴ്‌സിയൂരി ആഹ്ലാദം പ്രകടിപ്പിച്ച അബൗബക്കര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പു കാര്‍ഡ് വാങ്ങി പുറത്താകുകയായിരുന്നു. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡും രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് സ്വിസ് വിജയം. 

പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന് ദക്ഷിണ കൊറിയയാണ് എതിരാളികള്‍. സ്വിറ്റ്‌സര്‍ലന്‍ഡ് പോര്‍ച്ചുഗലിനെ നേരിടും. സ്വിറ്റ്‌സര്‍ലന്‍ഡിനും ബ്രസീലിനും ആറ് പോയന്റ് വീതമാണെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ ബ്രസീല്‍ ഒന്നാമതെത്തി.

രണ്ട് മത്സരങ്ങൾ വിജയിച്ച് അവസാന 16ൽ എത്തിയതിനാൽ സുപ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചാണ് ടിറ്റെ ബ്രസീലിനെ കളത്തിലിറക്കിയത്. എന്നിട്ടും മികച്ച പ്രകടനം പുറത്തെടുത്ത സെലക്കാവോകൾ അവരുടെ ബെഞ്ചിന്റെ കരുത്ത് കാണിച്ചു. പക്ഷേ രണ്ടാം നിരയിലെ മികച്ചവർ കളത്തിലെത്തിയിട്ടും അതിനൊത്ത ഒത്തൊരുമ അവർ പ്രകടിപ്പിച്ചില്ല. കാമറൂൺ ​ഗോൾ കീപ്പർ ഡേവിഡ് എപ്പാസിയുടെ ​ഗംഭീര സേവുകളും അവർക്ക് വിലങ്ങായി നിന്നു. 

ആദ്യ മിനിറ്റ് തൊട്ട് ബ്രസീല്‍ ആക്രമിച്ച് കളിച്ചു. കാമറൂണും ആക്രമണങ്ങളില്‍ ഒട്ടും പിറകിലല്ലായിരുന്നു. 22ാം മിനിറ്റില്‍ ഫ്രെഡിന് ബോക്‌സിനുള്ളില്‍ വെച്ച് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 

ബ്രസീല്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും കാമറൂണ്‍ പ്രതിരോധം അതിനെ സമര്‍ത്ഥമായി തന്നെ നേരിട്ടു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ മാര്‍ട്ടിനെല്ലിയുടെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍ കീപ്പര്‍ എപ്പാസി ഒരുവിധം തട്ടിയകറ്റി. പിന്നാലെ കാമറൂണ്‍ വല കുലുക്കിയെന്ന് തോന്നിച്ചെങ്കിലും ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ തകര്‍പ്പന്‍ സേവിലൂടെ രക്ഷകനായി. 

രണ്ടാം പകുതിയുടെ തുടക്കം കാമറൂണ്‍ ബ്രസീലിനെ ഞെട്ടിച്ചു കൊണ്ട് ആക്രമണം അഴിച്ചു വിട്ടു. 50 മിനിറ്റില്‍ സൂപ്പര്‍താരം അബൗബക്കറുടെ ഉഗ്രന്‍ ഷോട്ട് ബ്രസീല്‍ ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 56-ാം മിനിറ്റില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മാര്‍ട്ടിനെല്ലി ഉഗ്രന്‍ ഷോട്ട് പോസ്റ്റിലേക്കുതിര്‍ത്തെങ്കിലും അവിശ്വസനീയമായി എപ്പാസി അത് തട്ടിയകറ്റി. പിന്നാലെ മിലിറ്റാവോയ്ക്കും മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിനും ലക്ഷ്യം കാണാനായില്ല. പിന്നാലെ ആന്റണിയും ഒരു ശ്രമം നടത്തിയെങ്കിലും അതും പാളി. 

ആക്രമണവും പ്രത്യാക്രമണവുമായി ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. 85ാം മിനിറ്റില്‍ റാഫീന്യയുടെ ക്രോസില്‍ ബ്രൂണോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. 89-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം പെഡ്രോയും പാഴാക്കി.

ഒടുവിൽ ബ്രസീലിനെ ഞെട്ടിച്ചു കൊണ്ട് കാമറൂണ്‍ ഗോളടിച്ചു. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സൂപ്പര്‍ താരം വിന്‍സെന്റ് അബൗബക്കറാണ് കാമറൂണിനായി വല കുലുക്കിയത്. എന്‍ഗോം എംബെക്കെല്ലിയുടെ തകര്‍പ്പന്‍ ക്രോസിന് മനോഹരമായി തലവെച്ചു പന്ത് വലയിലിട്ട് അബൗബക്കര്‍ കാമറൂണിന് ചരിത്ര വിജയം സമ്മാനിച്ചു. ബ്രസീലിനെ അട്ടിമറിച്ചെന്ന തലയെടുപ്പോടെ കാമറൂണിന്റെ മടക്കം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com