5 നോക്കൗട്ട് മത്സരങ്ങളില്‍ നാലും അധിക സമയത്തേക്ക് നീട്ടിയ ക്രൊയേഷ്യ; ഡാലിക്കിന്റെ തന്ത്രം പൊളിക്കാന്‍ ബ്രസീല്‍ 

രണ്ട് സമനിലയും ഒരു ജയവുമായാണ് ക്രൊയേഷ്യ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് പ്രീക്വാര്‍ട്ടറിലെത്തിയത്
ബ്രസീല്‍ ടീം പരിശീലനത്തിന് ഇടയില്‍/ഫോട്ടോ: എഎഫ്പി
ബ്രസീല്‍ ടീം പരിശീലനത്തിന് ഇടയില്‍/ഫോട്ടോ: എഎഫ്പി

ദോഹ: കപ്പുയര്‍ത്താന്‍ വേണ്ടത് മൂന്ന് ജയങ്ങള്‍ കൂടി മാത്രം. ആ മൂന്ന് ജയങ്ങള്‍ തൊടുന്ന ടീം ഏതാവും എന്ന കാത്തിരിപ്പിലാണ് ലോകം. ആ കാത്തിരിപ്പിന്റെ ആവേശം നിറച്ച് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആറാം കിരീടം ലക്ഷ്യമിട്ട് വരുന്ന ബ്രസീലിനെ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പുകളായ ക്രൊയേഷ്യ നേരിടുന്നതോടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ അറിയാം. 

രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയെ നെതര്‍ലന്‍ഡ്‌സ് നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ക്രൊയേഷ്യ-ബ്രസീല്‍ മത്സരം. രണ്ട് സമനിലയും ഒരു ജയവുമായാണ് ക്രൊയേഷ്യ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് പ്രീക്വാര്‍ട്ടറിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ക്വാര്‍ട്ടറിലേക്കും. 

അധിക സമയത്തേക്ക് കളി എത്തിക്കുന്ന ക്രൊയേഷ്യന്‍ തന്ത്രം

നോക്കൗട്ട് മത്സരങ്ങളില്‍ അധിക സമയത്തേക്ക് കളി എത്തിക്കുന്ന പതിവ് ക്വാര്‍ട്ടറിലും തുടരുകയാവും ക്രൊയേഷ്യയുടെ തന്ത്രം. ക്രൊയേഷ്യയുടെ കഴിഞ്ഞ 5 നോക്കൗട്ട് മത്സരങ്ങളില്‍ നാലും അധിക സമയത്തേക്ക് നീണ്ടിരുന്നു. അതില്‍ മൂന്ന് വട്ടവും പെനാല്‍റ്റിയിലൂടെ ക്രൊയേഷ്യ ജയം പിടിച്ചു. തോറ്റത് 2018 ഫൈനലില്‍ ഫ്രാന്‍സിന് എതിരെ. 

2020 യൂറോയ്ക്ക് ശേഷം ഒരുവട്ടം മാത്രമാണ് ക്രൊയേഷ്യ തോല്‍വി അറിഞ്ഞത്. എന്നാല്‍ ദക്ഷിണ കൊറിയക്കെതിരെ ആദ്യ പകുതിയില്‍ തന്നെ നാല് ഗോളടിച്ച് വരുന്ന ബ്രസീലിനെ നേരിടുക എന്നത് ക്രൊയേഷ്യക്ക് എളുപ്പമാവില്ല. എന്നാല്‍ കഴിഞ്ഞ നാല് ലോകകപ്പുകളില്‍ മൂന്ന് വട്ടവും ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീലിന് ഇത്തവണ അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണം. 

ടൂര്‍ണമെന്റിലെ ഗോളായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള ഷോട്ടുമായി നില്‍ക്കുന്ന റിച്ചാര്‍ലിസന്‍ തന്നെയാവും ക്രൊയേഷ്യക്കെതിരേയും ബ്രസീലിന്റെ കുന്തമുന. ക്രൊയേഷ്യക്കെതിരായ മത്സരത്തോടെ പെലെയുടെ റെക്കോര്‍ഡ് നെയ്മര്‍ മറികടക്കുമോ എന്നറിയാനുള്ള ആകാംക്ഷയില്‍ കൂടിയാണ് ആരാധകര്‍. ബ്രസീലിനായി 76 ഗോളുകളാണ് നെയ്മര്‍ ഇതുവരെ നേടിയത്. പെലെയുടെ റെക്കോര്‍ഡ് 77 ഗോളുകളും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com