ദുരന്ത നായകനായി ഹാരി കെയ്ന്‍; ഫ്രാന്‍സ് സെമിയില്‍ 

മത്സരത്തിലെ ഇംഗ്ലണ്ടിന്റെ രണ്ടാം പെനാല്‍റ്റി കിക്ക് എടുക്കാന്‍ നായകന്‍ തന്നെ വീണ്ടും എത്തിയെങ്കിലും ഹാരി കെയ്‌നിന് പിഴച്ചു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ഫ്രാന്‍സിനെതിരെ സമനില പിടിക്കാന്‍ 81ാം മിനിറ്റില്‍ മുന്‍പിലെത്തിയ സുവര്‍ണാവസരം. എന്നാല്‍ ഒരിക്കല്‍ കൂടി ഇംഗ്ലീഷ് പടയെ കാത്തിരുന്നത് പെനാല്‍റ്റി ദുരന്തം. മത്സരത്തിലെ ഇംഗ്ലണ്ടിന്റെ രണ്ടാം പെനാല്‍റ്റി കിക്ക് എടുക്കാന്‍ നായകന്‍ തന്നെ വീണ്ടും എത്തിയെങ്കിലും ഹാരി കെയ്‌നിന് പിഴച്ചു. 2-1 ജയം പിടിച്ച് ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈനലില്‍. 

മേസന്‍ മൗണ്ടിന് എതിരായ ഹെര്‍നാണ്ടസിന്റെ ഫൗളിനാണ് വാര്‍ പരിശോധനയ്‌ക്കൊടുവില്‍ പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍ ഹാരി കെയ്ന്‍ പന്ത് ക്രോസ് ബാറിന് മുകളിലൂടെ അടിച്ചു കളഞ്ഞു. അതോടെ നിലവിലെ ചാമ്പ്യന്മാര്‍ ഏഴാം വട്ടം ലോകകപ്പ് സെമി ഫൈനല്‍ കളിക്കുന്ന ടീമായി. ബുധനാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ചരിത്രമെഴുതി എത്തുന്ന മൊറോക്കോയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

17ാം മിനിറ്റില്‍ ഓറീലയന്‍ ചൗമേനിയും 78ാം മിനിറ്റില്‍ ജിറൂദുമാണ് ഫ്രാന്‍സിനായി വല കുലുക്കിയത്. എംബാപ്പെയാണ് ഫ്രാന്‍സിന്റെ ആദ്യ ഗോളിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. പന്തുമായി കുതിച്ച എംബാപ്പെ വലത് വിങ്ങില്‍ ഡെംബലെയ്ക്ക് പാസ് നല്‍കി. ഡെംബെലെയില്‍ നിന്ന് ഗ്രീസ്മാനിലേക്ക്. ബോക്‌സിന് പുറത്ത് നില്‍ക്കുകയായിരുന്ന ചൗമേനിയിലേക്ക് ഗ്രീസ്മാന്‍ പന്ത് എത്തിച്ചു. ഗോള്‍ വല ലക്ഷ്യമിട്ട് ചൗമേനി പായിച്ച ഷോട്ട് തടയാന്‍ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫഡ് ഡൈവ് ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. 

ഗോള്‍ വീണതോടെ സമനില പിടിക്കാനുള്ള ശ്രമങ്ങള്‍ ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നും വന്നു. 29ാം മിനിറ്റില്‍ ഹാരി കെയ്‌നിന്റെ ലോങ് റേഞ്ച് ഷോട്ട് ഡിഫ്‌ളക്ഷനോടെ എത്തിയെങ്കിലും ലോറിയസ് തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് സേവ് ചെയ്തു. ആദ്യ പകുതിയില്‍ സമനില വഴങ്ങാതെ ഫ്രാന്‍സ് പിടിച്ചു നിന്നെങ്കിലും രണ്ടാം പകുതിയിലേക്ക് വന്നപ്പോള്‍ 47ാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് അവസരം സൃഷ്ടിച്ചു. 

ഫോഡന്റെ കോര്‍ണര്‍ ക്ലിയര്‍ ചെയ്‌തെങ്കിലും ബെല്ലിങ്ഹാമില്‍ നിന്ന് ഹാഫ് വോളി എത്തി. എന്നാല്‍ അത് വലയിലെത്തുന്നില്ലെന്ന് ലോറിസ് ഉറപ്പാക്കി. ഇംഗ്ലണ്ടിന്റെ ആക്രമണ ശ്രമങ്ങള്‍ക്കൊടുവില്‍ 52ാം മിനിറ്റിലാണ് പെനാല്‍റ്റി. സാകയെ ഫൗള്‍ ചെയ്തതിനായിരുന്നു ഇത്. പെനാല്‍റ്റി വലയിലാക്കി ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി സമനില പിടിച്ചു. 

ഇംഗ്ലണ്ട് സമനില പിടിച്ചതിന് പിന്നാലെ വന്ന റാബിയോട്ടിന്റെ ഷോട്ട് ഫ്രാന്‍സ് ഗോള്‍കീപ്പര്‍ തടഞ്ഞു. 60ാം മിനിറ്റില്‍ ഡ്രിബിള്‍ ചെയ്ത് വന്ന് സാക ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോള്‍ വല കുലുക്കാന്‍ മാത്രം പവര്‍ ഷോട്ടിനുണ്ടായില്ല. 62ാം മിനിറ്റില്‍ ഇടത് നിന്ന് കട്ട് ചെയ്ത് എത്തി ഹാരി കെയ്ന്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും ലോറിസിന്റേ സേവ്. 

70ാം മിനിറ്റില്‍ കോര്‍ണറില്‍ മഗ്വെയറിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ വന്നെങ്കിലും പോസ്റ്റിനെ തൊട്ടിയുരുമി പോയി. തൊട്ടുപിന്നാലെ സാകയുടെ ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിയില്ല. 78ാം മിനിറ്റിലാണ് ഫ്രാന്‍സ് സമനില പൊളിച്ചത്. കോര്‍ണറില്‍ ജിറൗദിന്റെ ഹെഡ്ഡറിലൂടെയായിരുന്നു ഫ്രാന്‍സിന്റെ വിജയ ഗോള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com