ദോഹ: കരിയറിന്റെ സായാഹ്നത്തിലൂടെ സഞ്ചരിക്കുന്ന രണ്ട് ഇതിഹാസ താരങ്ങള്‍. ഫൈനലിലെത്തിയിട്ടും സുവര്‍ണ കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍. ഇന്ന് ലോകകപ്പ് സെമി ഫൈനല്‍ പോരിനിറങ്ങുമ്പോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയും ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിചും തുല്ല്യ ദുഃഖിതരാണ്. രണ്ടില്‍ ഒരാള്‍ക്ക് ഒരു പക്ഷേ ഇത്തവണ ആഗ്രഹം സഫലമാക്കാം. അതാരായിരിക്കും എന്നതിന് ഇന്ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഉത്തരം കിട്ടും.
അര്‍ജന്റീനയും ക്രൊയേഷ്യയും ഇന്ന് സെമിയില്‍ നേര്‍ക്കുനേര്‍ വരും. കഴിഞ്ഞ ലോകകപ്പില്‍ ഒരേ ഗ്രൂപ്പിലായിരുന്നു ഇരുവരും. അന്ന് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന ക്രോട്ടുകളോട് പരാജയപ്പെട്ടത്. ആ കണക്കും തീര്‍ത്ത് ഫൈനലിലേക്ക് മുന്നേറുകയാണ് സ്‌കലോണിയും സംഘവും ലക്ഷ്യം വയ്ക്കുന്നത്.
മെസിയും മോഡ്രിചും
അര്‍ജന്റീനയുടെ നട്ടെല്ല് ലയണല്‍ മെസിയാണ്. ക്രൊയേഷ്യയുടെ സര്‍വസ്വവും ലൂക്ക മോഡ്രിചും. ഇരുവരുമാണ് ടീമിന്റെ ഗതി നിര്‍ണയിക്കുന്ന ചാലക ശക്തികള്‍. ഗോള്‍ വഴിയൊരുക്കിയും ഗോളടിച്ചും മെസി മികവ് കാണിക്കുമ്പോള്‍ മധ്യനിരയില്‍ കളി മെനഞ്ഞ് കളം നിറയുകയാണ് മോഡ്രിച്.
ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരായ പോരില്‍ നിര്‍ണായക സമനില ഗോളിന് വഴിയൊരുക്കിയ കൗണ്ടര്‍ അറ്റാക്കിന് ബുദ്ധിപരമായി തുടക്കമിട്ട മോഡ്രിചിന്റെ മികവ് മാത്രം മതി കളിക്കുന്ന 90 മിനിറ്റുകളില്‍ താരം കളത്തില്‍ തീര്‍ക്കുന്ന സ്വാധീനം മനസിലാക്കാന്‍. വീണു പോയെന്ന് തോന്നിച്ച ഓരോ ഘട്ടത്തിലും ഗോള്‍ നേടിയോ അല്ലെങ്കില്‍ ഗോള്‍ വഴി തുറന്നോ മെസിയും കരിയറിലെ ഏറ്റവും സമ്മോഹന ഫോമിലാണ് പന്ത് തട്ടുന്നത്. നെതല്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടറില്‍ 35ാം മിനിറ്റില്‍ മൊളിനയ്ക്ക് ഗോളിലേക്ക് വഴി വെട്ടിക്കൊടുത്ത ആ സുന്ദരന്‍ പാസ് മാത്രം മതി മെസിയിലെ ജീനിയസിനെ അടയാളപ്പെടുത്താന്‍.
മെസിയെ മാന്‍ മാര്‍ക് ചെയ്യാന്‍ തങ്ങള്‍ ആലോചിക്കുന്നില്ലെന്ന് ക്രൊയേഷ്യ വ്യക്തമാക്കി കഴിഞ്ഞു. മെസി മാത്രമല്ല അര്‍ജന്റൈന്‍ ടീമിനെ മൊത്തത്തിലാണ് തങ്ങള്‍ നേരിടുന്നതെന്ന് അവര്‍ പറയുന്നു.
കളത്തില്‍ മെസിയെ പിന്തുടരുക മോഡ്രിച് തന്നെയായിരിക്കും എന്നതില്‍ തര്‍ക്കമില്ല. ലാ ലിഗയില്‍ മെസി ബാഴ്‌സലോണയ്ക്കായി പന്ത് തട്ടുന്ന കാലത്ത് മോഡ്രിച് റയലിന്റെ അച്ചുതണ്ടായി ടീമിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കൊണ്ടും കൊടുത്തും ഇരുവര്‍ക്കും നേരത്തെ തന്നെ പരിചയമുണ്ട്.
ജൂലിയന്‍ ആല്‍വരെസ്- ജോസ്‌കോ ഗ്വാഡ്രിയോള്‍
അര്‍ജന്റീനയുടെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ആല്‍വരെസ്. ഹെര്‍ന്നന്‍ ക്രെസ്‌പോയ്ക്ക് ശേഷം കന്നി ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സ്‌കോര്‍ ചെയ്യുന്ന അര്‍ജന്റീന താരം കൂടിയാണ് ഈ 22കാരന്‍. പ്രതിരോധ പൂട്ട് എളുപ്പം പൊളിച്ച് ഗോള്‍ കണ്ടെത്താനുള്ള മികവാണ് താരത്തെ അപകടകാരിയാക്കുന്നത്.
ഈ മുന്നേറ്റം തകര്‍ക്കാന്‍ ക്രോട്ടുകളുടെ കൈയിലെ ആയുധമാണ് ഗ്വാഡ്രിയോള്‍. മുഖത്ത് മാസ്‌കും വച്ച് പ്രതിരോധ കോട്ട കാക്കുന്ന താരത്തിന്റെ കത്രിക പൂട്ട് അര്‍ജന്റൈന്‍ താരങ്ങള്‍ പ്രത്യേകിച്ച് ആല്‍വരെസ് പൊളിക്കുമോ എന്നതാണ് ഇന്നത്തെ കൗതുകം.
ഡൊമിനിക് ലിവാകോവിച്- റോഡ്രിഗോ ഡി പോള്‍
ക്രൊയേഷ്യയുടെ സെമിയിലേക്കുള്ള വരവില്‍ നിര്‍ണായകമായി നിന്ന താരമാണ് അവരുടെ ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്. പെനാല്‍റ്റി തടയുന്നതില്‍ സവിശേഷ സാമര്‍ഥ്യം പ്രകടിപ്പിക്കുന്ന താരം ക്വാര്‍ട്ടറില്‍ നെയ്മറുടേയും പക്വേറ്റയുടേയും നിര്‍ണായക ഗോള്‍ ശ്രമങ്ങള്‍ അവിശ്വസനീയമാം വിധം തട്ടിയകറ്റിയും ശ്രദ്ധേയനായി. അര്‍ജന്റീന പക്ഷേ ലിവകോവിചിന് വ്യത്യസ്ത വെല്ലുവിളിയായിരിക്കും തീര്‍ക്കുക.
ബോക്‌സില്‍ ക്രൊയേഷ്യക്ക് വെല്ലുവിളി തീര്‍ക്കാന്‍ അര്‍ജന്റീനയ്ക്ക് റോഡ്രിഗോ ഡി പോളും ഒപ്പം അലക്‌സിസ് മാക്ക് അലിസ്റ്ററുമുണ്ട്. ലോങ് റേഞ്ച് ഷോട്ടുകളുമായി ഇരുവരും കളം വാഴുന്നത് ക്രൊയേഷ്യക്ക് ആശങ്ക ഉണ്ടാക്കാന്‍ പര്യാപ്തമാണ്.
ടഗ്ലിയാഫിക്കോ, ക്രമാറിച്
അര്‍ജന്റീനയുടെ നിര്‍ണായക താരം മാര്‍ക്കോസ് അക്യുനക്ക് ഇന്ന് കളിക്കാന്‍ സാധിക്കില്ല. നിക്കോളാസ് ടഗ്ലിയാഫിക്കോയാണ് പകരക്കാരന്‍. ടഗ്ലിയാഫിക്കോ അടക്കമുള്ള പ്രതിരോധ നിരയ്ക്ക് തലവേദനയുണ്ടാക്കാന്‍ പോകുന്ന താരം ആന്ദ്ര ക്രെമാറിചായിരിക്കും. താരത്തിന്റെ ബോക്‌സ് ടു ബോക്‌സ് എബിലിറ്റിയെ തടയുക അര്‍ജന്റീന പ്രതിരോധ നിരയ്ക്ക് വലിയ അധ്വാനമാകും നല്‍കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
