'ഗെര്‍ഡിയോള, ആന്‍സലോട്ടി, മൗറീഞ്ഞോ ഇവരില്‍ ഒരാള്‍ ബ്രസീലിനെ പരിശീലിപ്പിക്കണം'- ഇതിഹാസ താരം

പാളിപ്പോയ പ്രതിരോധമാണ് ബ്രസീലിന്റെ പുറത്താകലിലേക്ക് വഴി വച്ചതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു
മൗറീഞ്ഞോ, ഗെര്‍ഡിയോള, ആന്‍സലോട്ടി/ ട്വിറ്റർ
മൗറീഞ്ഞോ, ഗെര്‍ഡിയോള, ആന്‍സലോട്ടി/ ട്വിറ്റർ

റിയോ ഡി ജനീറോ: ഇത്തവണ ലോകകപ്പ് കിരീടം നേടുമെന്ന് പ്രവചിക്കപ്പെട്ട ടീമുകളില്‍ മുന്നില്‍ ബ്രസീലുമുണ്ടായിരുന്നു. മികച്ച രീതിയില്‍ തുടങ്ങിയിട്ടും പക്ഷേ അവര്‍ക്ക് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്ക് മുന്നില്‍ കാലിടറി. പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് ടിറ്റെ രാജി വയ്ക്കുകയും ചെയ്തു. ടിറ്റെയ്ക്ക് പകരക്കാരനെ തേടുകയാണ് ബ്രസീല്‍ ടീം. 

ബ്രസീലിന്റെ മുന്‍ താരങ്ങളോ ബ്രസീലുകാരന്‍ തന്നെയായ പരിശീലകരോ അല്ല ടീമിന് ആവശ്യമെന്ന മുറവിളിയാണ് ആരാധകര്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഉയര്‍ത്തിയത്. ഈ ആവശ്യത്തിന് പിന്തുണയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം റൊണാള്‍ഡോ. 

'ഞാന്‍ ആഗ്രഹിക്കുന്ന കാര്യം ഇതാണ്. പെപ് ഗെര്‍ഡിയോള, കാര്‍ലോ ആന്‍സലോട്ടി, ഹോസെ മൗറീഞ്ഞോ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ബ്രസീല്‍ ടീമിന്റെ പരിശീലകനാകണം. ഇതില്‍ ആര് വേണം എന്ന് ഞാന്‍ പറയുന്നില്ല. എന്തായാലും കാത്തിരുന്ന് കാണാം.'  

'ഒരു വിദേശ പരിശീലകന്‍ ബ്രസീല്‍ ടീമിന് തന്ത്രമോതാന്‍ എത്തുന്നതില്‍ പ്രശ്‌നങ്ങളൊന്നും ഞാന്‍ കാണുന്നില്ല. എങ്കിലും ഇക്കാര്യത്തില്‍ നിരന്തരം ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഈ മൂന്ന് പേരെയാണ് ഏറ്റവും അനുയോജ്യരായി ഞാന്‍ കാണുന്നത്'- റൊണാള്‍ഡോ പറഞ്ഞു. 

പാളിപ്പോയ പ്രതിരോധമാണ് ബ്രസീലിന്റെ പുറത്താകലിലേക്ക് വഴി വച്ചതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. 106ാം മിനിറ്റില്‍ ബ്രസീല്‍ മുന്നിലെത്തിയിരുന്നു. ഇത് പ്രതിരോധിക്കുന്നതില്‍ ടീം പരാജയപ്പെട്ടു. 116ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ക്രൊയേഷ്യ സമനില ഗോള്‍ കണ്ടെത്തി കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടി. 

നെയ്മര്‍ വിരമിക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകളോടുള്ള നിലപാടും അദ്ദേഹം തുറന്നു പറഞ്ഞു. പുറത്തായതിന്റെ അസ്വസ്ഥതയില്‍ ആ സമയത്തെ ചിന്ത അങ്ങനെയൊക്കെ തന്നെയായിരിക്കും. അദ്ദേഹം തീര്‍ച്ചയായും ശക്തമായി കളത്തിലേക്ക് തിരിച്ചെത്തും. ബ്രസീലിനായി വീണ്ടും കളിക്കുമെന്ന് വിശ്വസിക്കുന്നതായും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com