'ലോകമേ... ഇതാ... കനക കിരീടത്തിൽ മിശിഹയുടെ കൈയൊപ്പ്'
ലോകമേ ഇതാ ലയണൽ മെസിയെന്ന വർത്തമാന ഫുട്ബോളിലെ മാന്ത്രിക മനുഷ്യൻ, ആരാധകരുടെ പ്രിയപ്പെട്ട മിശിഹ ലോക കിരീടമായ കനക ട്രോഫിയാൽ ജ്‍ഞാന സ്നാനം ചെയ്യപ്പെട്ടിരിക്കുന്നു. 16 വർഷം നീണ്ട, നാല് ലോകകപ്പുകളിൽ തലകുനിച്ച് മടങ്ങിയ ഇതിഹാസ താരം ഒടുവിൽ ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ആ കുറവും നികത്തി പ്രപഞ്ചത്തിന്റെ നെറുകെയിൽ ചവിട്ടി തലയുയർത്തി നിൽക്കുന്നു.
മറഡോണയെന്ന ദൈവം അവസാനമായി അർജന്റീനയിലേക്ക് എത്തിച്ച കിരീടം 36 വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയുടെ, ഫുട്ബോളിലെ ദൈവ പുത്രന്റെ കൈകളിലൂടെ ഇതാ ആ മണ്ണിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. എന്തൊരു കാവ്യ നീതിയാണ് 35ാം വയസിൽ കാലം റൊസാരിയോയിൽ പിറന്നു വീണ മെസിയെന്ന കുഞ്ഞു മനുഷ്യന് മുന്നിൽ കാത്തു വച്ചത്.
ഇപ്പോഴില്ലെങ്കിൽ ഇനിയില്ലെന്ന് മറ്റാരേക്കാളും നിശ്ചയം മെസിക്കുണ്ടായിരുന്നു. ആദ്യ കളിയിൽ സൗദി അറേബ്യക്ക് മുന്നിൽ വീണു പോയിട്ടും ലോകം മുഴുവൻ പരിഹാസത്തോടെ നോക്കിയപ്പോഴും അക്ഷോഭ്യനായി അയാൾ നിന്നത് ഈയൊരു നിമിഷത്തിന് വേണ്ടിയായിരുന്നു. ഇനി പറയൂ, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരം മെസിയെന്ന മജീഷ്യനല്ലാതെ മറ്റാരാണ്.
സൗദിയോടേറ്റ തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ ടീമിന് ഊർജം പകർന്ന്, ഗോളടിച്ചും അതിലും മനോഹര ഗോളവസരങ്ങൾ സൃഷ്ടിച്ചും കളിയുടെ കാവ്യാത്മക ഭാവങ്ങൾ മുഴുവൻ കെട്ടഴിച്ചു വിട്ട് മെസി ഖത്തറിലെ മൈതാനങ്ങളിൽ തന്റെ മികവിന്റെ ഔന്നത്യങ്ങൾ മുഴുവൻ എടുത്തു പുറത്തിട്ടു. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം പിന്നീട് ലോകം കണ്ടത് വിസ്മയത്തിന്റെ വർണപ്പകിട്ടുകളായിരുന്നു. ഒരിടത്തു പോലും തന്റെ ടീം വീണ് പോകുന്നില്ലെന്നു അയാൾ ഓരോ കളിക്കു ശേഷവും അടിവരയിട്ടു.
നാല് ലോകകപ്പുകൾ. അതിൽ ഒരു ഫൈനൽ തോൽവി. രണ്ട് കോപ്പ അമേരിക്ക ഫൈനൽ പരാജയം തുടങ്ങി ക്ലബിനായി മികച്ച നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും രാജ്യത്തിനായി ഒന്നും ചെയ്യാത്തവൻ എന്ന പഴി അദ്ദേഹം നിരന്തരം കേട്ടു. ഒരിക്കൽ രാജ്യത്തിനായി ഇനി കളിക്കാനില്ലെന്നും അയാൾക്ക് പറയേണ്ടി വന്നു. പക്ഷേ കാലം അതിലും വലിയ മറ്റൊരു നിമിഷം അദ്ദേഹത്തിന് കാത്ത് വച്ചിട്ടുണ്ടെന്ന് അയാളുടെ ഉള്ളിൽ നിന്ന് മറ്റൊരു മെസി പറഞ്ഞിട്ടുണ്ടാകാം. അതിനെല്ലാം ഉത്തരം അയാൾ കളിച്ചു തന്നെ ഇതാ നൽകിയിരിക്കുന്നു.
2014ൽ ജർമനിയെന്ന മഹാമേരുവിന് മുന്നിൽ അവസാന ഘട്ടത്തിൽ ലോക കിരീടമെന്ന ആ സ്വപ്നം തകർന്നു. 2015ൽ ചിലിക്ക് മുന്നിൽ കോപ്പ കിരീടമെന്ന ആശയും വീണുടഞ്ഞു. തൊട്ടു പിന്നാലെ ശതാബ്ദി കോപ്പയിലും ചിലിക്ക് മുന്നിൽ ഫൈനൽ തോൽവി ആവർത്തിച്ചു. 2018ൽ റഷ്യൻ ലോകകപ്പിന് അർജന്റീന ഉണ്ടാവില്ലെന്ന് എല്ലാവരും ഉറപ്പിച്ച ഘട്ടത്തിൽ മെസി തന്റെ വിശ്വ രൂപം പുറത്തെടുത്തു. യോഗ്യതാ പോരിൽ ഇക്വഡോറിനെതിരെ ഹാട്രിക്ക് ഗോളുമായി അയാൾ ടീമിനെ ലോകകപ്പിനെത്തിച്ചു. പക്ഷേ അവിടെയും കാലം അയാളോട് കനിവ് കാട്ടിയില്ല.
പിന്നീടാണ് അർജന്റീനയുടെ ഉയിർപ്പ് ഫുട്ബോൾ ലോകം കൺ നിറയെ കണ്ടത്. ബ്രസീലിനെ അവരുടെ വിഖ്യാത സ്റ്റേഡിയമായ മാരക്കാനയിൽ വീഴ്ത്തി കോപ്പ കിരീടം ഉയർത്തി പുതിയ ചരിത്രപ്പിറവിക്കായി മെസിയും സംഘവും നാന്ദി കുറിച്ചു. പിന്നാലെ ഇറ്റലിയെന്ന യൂറോപ്യൻ ചാമ്പ്യൻമാരെ വീഴ്ത്തി ഫൈനൽസിമ കിരീടത്തിലൂടെ തങ്ങളുടെ മുന്നേറ്റം അവർ ഉറപ്പാക്കി. തുടർച്ചയായി 36 ജയവുമായി ഒടുവിൽ ദോഹയിൽ പറന്നെത്തി.
സൗദിക്ക് മുന്നിൽ വീണിടത്തു നിന്ന് പിന്നീട് അവിശ്വസനീയ മുന്നേറ്റം. മെക്സിക്കോ, പോളണ്ട്, ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ ആറ് തുടര്‍ ജയങ്ങളുമായി കലാശപ്പോരിലേക്ക്. ഫൈനലിൽ ഫ്രാൻസിന്റെ തന്ത്രങ്ങളെ ചിതറിത്തെറിപ്പിച്ച് മുന്നേറ്റം. പെനാൽറ്റിയിലൂടെ ടീമിന് ലീഡ് സമ്മാനിച്ച് തുടക്കം. പിന്നാലെ രണ്ടാം ഗോളിന് വഴിയൊരുക്കിയുള്ള പന്ത് മറിക്കൽ. രണ്ട് ഗോൾ മടക്കിയ ഫ്രാൻസിന് മുന്നിൽ എക്സ്ട്രാ ടൈമിൽ ഗോൾ നേടി പ്രതീക്ഷ വീണ്ടും നൽകി തിരിച്ചു വരാനുള്ള ഊർജം പകരൽ. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലെ ആദ്യ ഗോൾ വലയിലെത്തിച്ച് പൂർണത.
3- 3ന് നിശ്ചിത സമയവും അധിക സമയവും അവസാനിച്ചപ്പോൾ, പെനാൽറ്റി ഷൂട്ടൗട്ടിൽ 4- 2ന്റെ കത്തുന്ന ജയം. ആവേശവും നാടകീയതകളും കണ്ട ബ്ലോക്ക് ബസ്റ്റർ പോരിനൊടുവിൽ അയാളും കോടി കണക്കിന് വരുന്ന ആരാധകരും കാത്തു കാത്തിരുന്ന നിമിഷം വന്നെത്തി. സംഭവിച്ചതെല്ലാം കാലത്തിന്റെ മായാത്ത ഏടുകളിലേക്ക് എഴുതി ചേർത്ത് മെസിയും സംഘവും അർജന്റീനയിലേക്ക് മടങ്ങുന്നു. കിരീട വരൾച്ചയ്ക്ക് വിരാമം കുറിച്ച്.
കാത്തിരിപ്പിന്റെ, കണ്ണീരിന്റെ, വീണുടഞ്ഞ കിനാവുകളുടെ, ഒറ്റ നിമിഷം കൊണ്ട് അകന്നു പോയ അമൂല്യ നിമിഷങ്ങളുടെ... നിരാശയുടെ ഒട്ടനവധി മുഹൂർത്തങ്ങൾ ആ മനുഷ്യൻ താണ്ടി.
കോപ്പ കിരീടവും ഫൈനൽസിമ ജേതാക്കള്‍ക്കുള്ള കപ്പും ഒടുവിൽ ലോക ഫുട്‌ബോളിലെ രാജാക്കന്‍മാര്‍ക്കുള്ള സുവർണക്കപ്പും കരിയറിന്റെ അവസാന ലാപ്പില്‍ മെസി ഇതാ സ്വന്തം പേരിലാക്കിയിരിക്കുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മൂന്ന് കിരീട നേട്ടങ്ങളിലൂടെ മെസി തന്റെ കരിയറിന്റെ അന്ത്യത്തിൽ സമ്പൂർണതയുടെ കൈയൊപ്പ് ചാർത്തി ലോകത്തിന് മാജിക്കൽ നിമിഷങ്ങൾ സമ്മാനിച്ച്, തന്നെ സ്വയം അടയാളപ്പെടുത്തി മടങ്ങുന്നു.
ഒരു പക്ഷേ, ഇന്നലെ ഡീഗോ മറഡോണയെന്ന നക്ഷത്രം കണ്ടു നിന്നിട്ടുണ്ടാകാം... അർജന്റീനയുടെ ഇളം നീല പടർന്ന ആകാശത്തിൽ തലയുയർത്തി മെസി നിൽക്കുന്ന മനോഹര കാഴ്ച!
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
