ചറ പറ ഗോളുകള്‍; ഖത്തർ ലോകകപ്പിൽ ​ഗോളടി മേളം; സർവകാല റെക്കോർഡ്

16 ഗോളുകള്‍ നേടി ഫ്രാന്‍സാണ് ഇത്തവണ ഏറ്റവും കൂടുതല്‍ ഗോള്‍ വലയിലിട്ട സംഘം
എംബാപ്പെയുടെ പെനാൽറ്റി അർജന്റീന വലയിൽ/ പിടിഐ
എംബാപ്പെയുടെ പെനാൽറ്റി അർജന്റീന വലയിൽ/ പിടിഐ

ദോഹ: ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ടൂര്‍ണമെന്റ് എന്ന റെക്കോര്‍ഡ് ഇനി ഖത്തര്‍ ലോകകപ്പിന്. 1998, 2014 വര്‍ഷങ്ങളില്‍ ടൂര്‍ണമെന്റില്‍ ആകെ ടീമുകള്‍ അടിച്ച ഗോളുകളുടെ എണ്ണമാണ് ഇത്തവണ തിരുത്തപ്പെട്ടത്. ഫൈനലില്‍ ആറ് ഗോളുകള്‍ ഉള്‍പ്പെടെയാണ് പുതിയ റെക്കോര്‍ഡ്. 

ഖത്തറില്‍ ആകെ 172 ഗോളുകളാണ് വലയില്‍ നിക്ഷേപിക്കപ്പെട്ടത്. 1998ലും 2014ലും 171 ഗോളുകളാണ് പിറന്നത്. 1998ല്‍ ഫ്രാന്‍സില്‍ അരങ്ങേറിയ ലോകകപ്പാണ് 32 ടീമുകളെന്ന ഫോര്‍മാറ്റില്‍ ആദ്യമായി നടന്നത്. 64 മത്സരങ്ങളാണ് ഫൈനലടക്കം ഉണ്ടായത്. 

16 ഗോളുകള്‍ നേടി ഫ്രാന്‍സാണ് ഇത്തവണ ഏറ്റവും കൂടുതല്‍ ഗോള്‍ വലയിലിട്ട സംഘം. കിരീട ജേതാക്കളായ അര്‍ജന്റീന തൊട്ടുപിന്നില്‍ 15 ഗോളുകളുമായി നില്‍ക്കുന്നു. ഇംഗ്ലണ്ട് 13 ഗോളുകളും പോര്‍ച്ചുഗല്‍ 12 ഗോളുകളും നെതര്‍ലന്‍ഡ്‌സ് 10 ഗോളുകളും സ്‌കോര്‍ ചെയ്തു. സ്‌പെയിന്‍, ബ്രസീല്‍ ടീമുകള്‍ ഒന്‍പത് തവണ വല ചലിപ്പിച്ചു. 

ഇത്തവണ ലോകകപ്പില്‍ കളിച്ച 32 ടീമുകളും എതിര്‍ വലയില്‍ പന്തെത്തിച്ചു. അതില്‍ ഖത്തര്‍, ബെല്‍ജിയം, ഡെന്‍മാര്‍ക്, ടുണീഷ്യ, വെയ്ല്‍സ് ടീമുകള്‍ ഒറ്റ തവണ മാത്രമാണ് വല ചലിപ്പിച്ചത്. 

അതേസമയം ഖത്തറിലെ ഓരോ കളിയിലും ശരാശരി 2.63 ഗോളുകളാണ് വന്നത്. 1954-ലെ സ്വിറ്റ്‌സർലൻഡിൽ നടന്ന ലോകകപ്പിൽ ശരാശരി ​ഗോളുകളുടെ എണ്ണം 5.38 എന്നായിരുന്നു. ഈ റെക്കോർഡിനേക്കാൾ കുറവാണ് ഖത്തറിൽ. 

അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തില്‍ ആറ് ഗോളുകള്‍ വന്നതോടെയാണ്  172 എന്ന റെക്കോര്‍ഡ് സംഖയിലേക്ക് ഇത്തവണ ഗോളടി എത്തിയതച്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫൈനല്‍ പോരില്‍ ആറ് ഗോള്‍ പിറക്കുന്നത്. കഴിഞ്ഞ തവണ ഫ്രാന്‍സ് 4-2ന് ക്രൊയേഷ്യയെ വീഴ്ത്തിയാണ് ലോക കിരീടം സ്വന്തമാക്കിയത്.

2026ലെ അടുത്ത ലോകകപ്പ് അധ്യായത്തില്‍ ഈ റെക്കോര്‍ഡും പഴങ്കഥയായേക്കും. കാരണം അടുത്ത എഡിഷന്‍ മുതല്‍ 32ല്‍ നിന്ന് ടീമുകളുടെ എണ്ണം 48 ആയി മാറും. ഫൈനലടക്കം 80 കളികളും ഉണ്ടാകും

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com