ലക്ഷ്യം 45,000 കോടി രൂപ, ഐപിഎല്‍ സംപ്രേഷണാവകാശത്തിലൂടെ പണം വാരാന്‍ ബിസിസിഐ

സോണി സ്‌പോര്‍ട്‌സ്, ഡിസ്‌നി സ്റ്റാര്‍, റിലയന്‍സ്, ആമസോണ്‍ എന്നിവരാണ് ഐപിഎല്‍ മീഡിയ റൈറ്റ്‌സിനായി പോരിനുള്ള വമ്പന്മാര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഐപിഎല്‍ മീഡിയ റൈറ്റ്‌സ് വില്‍ക്കുന്നതിലൂടെ കോടികള്‍ മുന്‍പില്‍ കണ്ട് ബിസിസിഐ. സോണി സ്‌പോര്‍ട്‌സ്, ഡിസ്‌നി സ്റ്റാര്‍, റിലയന്‍സ്, ആമസോണ്‍ എന്നിവരാണ് ഐപിഎല്‍ മീഡിയ റൈറ്റ്‌സിനായി പോരിനുള്ള വമ്പന്മാര്‍. 

നാല് വര്‍ഷത്തേക്കാണ് ഐപിഎല്‍ ടെലിവിഷന്‍-ഡിജിറ്റല്‍ ടെലികാസ്റ്റ് അവകാശം ബിസിസിഐ വില്‍ക്കുന്നത്. 2023 മുതല്‍ 2027 വരെയാവും കാലാവധി. മാര്‍ച്ച് അവസാനത്തോടെ ഇതിനായി ഓണ്‍ലൈന്‍ വഴി ലേലം നടക്കും. ടെന്‍ഡറിനുള്ള ക്ഷണപത്രം ഫെബ്രുവരി 10ഓടെ ഇറക്കുമെന്നാണ് സൂചന. 

2018-2022 കാലയളവില്‍ ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി തുകയാണ് ഇത്തവണ ബിസിസിഐ പ്രതീക്ഷിക്കുന്നത്. 2018-22 വര്‍ഷത്തേക്ക് 16,347 കോടി രൂപയ്ക്കാണ് സംപ്രേഷണ അവകാശം വിറ്റുപോയത്. സ്റ്റാര്‍ ഇന്ത്യക്ക് മുന്‍പ് സോണി പിക്ടേഴ്‌സ് നെറ്റ്‌വര്‍ക്ക് 8,200 കോടി രൂപയ്ക്കാണ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 

ഗാംഗുലിയുടെ പ്രവചനത്തേയും കടത്തി വെട്ടും

2023-27 വര്‍ഷത്തേക്ക് 40,000 കോടി മുതല്‍ 45,000 കോടി വരെ സംപ്രേഷണാവകാശ തുക ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 35,000 കോടി രൂപയാണ് ഐപിഎല്‍ മീഡിയ റൈറ്റ്‌സിലൂടെ പ്രതീക്ഷിക്കുന്നത് എന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നത്. എന്നാല്‍ ഗാംഗുലിയുടെ പ്രവചനത്തേയും തുക കടത്തി വെട്ടുമെന്നാണ് സൂചന. 

ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം ആരംഭിച്ച ആമസോണിന് ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കാനായാല്‍ വലിയ മുന്നേറ്റം നടത്താം. സീയുമായി ചേര്‍ന്നതിന് ശേഷമുള്ള സോണി നെറ്റ് വര്‍ക്കിനും ഐപിഎല്‍ മീഡിയ റൈറ്റ്‌സ് ലഭിച്ചാല്‍ ഗുണം ചെയ്യും. റിലയന്‍സ് വിയാകോം ആണ് മീഡിയ റൈറ്റ്‌സിന് വേണ്ടി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു കമ്പനി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com