ജോക്കോവിച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിക്കും? ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ പ്രചോദനമായി, വെളിപ്പെടുത്തല്‍

സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നോവാക് ജോക്കോവിച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് സൂചന
ജോക്കോവിച്ച് /ഫയല്‍ ചിത്രം
ജോക്കോവിച്ച് /ഫയല്‍ ചിത്രം

ബെല്‍ഗ്രേഡ്: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നോവാക് ജോക്കോവിച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് സൂചന. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലെ നിലപാട് ജോക്കോവിച്ച് മാറ്റുന്നതായി അദ്ദേഹത്തിന്റെ ബയോഗ്രഫി എഴുതുന്ന വ്യക്തിയാണ് വെളിപ്പെടുത്തുന്നത്. 

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജോക്കോവിച്ചിന് നഷ്ടമായിരുന്നു. മെല്‍ബണ്‍ വിമാനത്താവളത്തില്‍ എത്തിയ ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ റദ്ദാക്കി. എന്നാല്‍ കോടതി ഇടപെടലിലൂടെ ജോക്കോവിച്ച് തിരിച്ചടിച്ചു. പക്ഷേ ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് ഓസ്‌ട്രേലിയ വീണ്ടും ജോക്കോവിച്ചിന്റെ വിസ റദ്ദാക്കി. ഈ നടപടി റദ്ദാക്കാന്‍ കോടതിയും തയ്യാറാവാതിരുന്നതോടെ ജോക്കോവിച്ച് നാട്ടിലേക്ക് മടങ്ങി. 

ഓസ്‌ട്രേലിയന്‍ ഓപ്പണിനുള്ള ഡ്രോയില്‍ ജോക്കോവിച്ച് ഒന്നാം സീഡായി ഉള്‍പ്പെട്ടിരുന്നു. ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നഷ്ടമായപ്പോള്‍ മറുവശത്ത് 21ാം ഗ്രാന്‍ഡ്സ്ലാമിലേക്ക് എത്തുന്ന ആദ്യ താരമായി റാഫേല്‍ നദാല്‍ ചരിത്രമെഴുതി. 

ഇനി ജോക്കോവിച്ചിന്റെ  മുന്‍പില്‍ ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്

ജോക്കോവിച്ചിന്റെ ബയോഗ്രഫര്‍ ഡാനിയല്‍ മുക്ച് ആണ് ഇപ്പോള്‍ ജോക്കോവിച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നു എന്ന വെളിപ്പെടുത്തലുമായി എത്തുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലും തീരുമാനം മാറ്റാന്‍ ജോക്കോവിച്ചിനെ പ്രചോദിപ്പിച്ചതായി അദ്ദേഹം പറയുന്നു. 

ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ആണ് ഇനി ജോക്കോവിച്ചിന്റെ മുന്‍പിലുള്ളത്. ഫെബ്രുവരി 21നാണ് ഇത് ആരംഭിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വാക്‌സിന്‍ എടുത്തിരിക്കണം എന്ന മാനദണ്ഡം ഇല്ല. അതിനാല്‍ യുഎഇയില്‍ എത്തുമ്പോള്‍ ജോക്കോവിച്ചിന് മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായേക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com