ദുരിതം തീരുന്നില്ല; ക്രിസ് കെയ്ന്‍സിന് അര്‍ബുദം സ്ഥിരീകരിച്ചു 

ന്യുസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സിനെ വിടാതെ പിന്തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍
ഫോട്ടോ: ഇന്‍സ്റ്റഗ്രാം
ഫോട്ടോ: ഇന്‍സ്റ്റഗ്രാം

കാന്‍ബറ: ന്യുസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സിനെ വിടാതെ പിന്തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍. കുടലില്‍ അര്‍ബുദം ബാധിച്ചതായാണ് കെയ്ന്‍സ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 

അഞ്ച് മാസം മാത്രം മുന്‍പാണ് കെയ്ന്‍സ് മരണത്തെ മുഖാമുഖം കണ്ട് തിരികെ വന്നത്. ഹൃദയ ധമനികള്‍ പൊട്ടിയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയക്ക് കെയ്ന്‍സ് വിധേയനായി. ശസ്ത്രക്രിയക്ക് ശേഷം കെയ്ന്‍സിന്റെ രണ്ട് കാലുകളുടേയും ചലനശേഷി നഷ്ടപ്പെട്ടു. ഒരാഴ്ച മുന്‍പ് മാത്രമാണ് കെയ്ന്‍സ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. 

വലിയ ഞെട്ടലാണ് ഇത് ഉണ്ടാക്കിയത്

എനിക്ക് കുടലില്‍ കാന്‍സര്‍ ആണെന്ന് ഡോക്ടര്‍മാര്‍ എന്നോട് ഇന്നലെ പറഞ്ഞു. വലിയ ഞെട്ടലാണ് ഇത് ഉണ്ടാക്കിയത്. ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല. സര്‍ജന്മാരുമായും സ്‌പെഷ്യലിസ്റ്റുകളായും സംസാരിക്കാന്‍ ഒരുങ്ങുകയാണ്. കാന്‍സറിന്റെ ആദ്യ ഘട്ടമാണ്, കെയ്ന്‍സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

ടെസ്റ്റില്‍ 200 വിക്കറ്റും 3000 റണ്‍സും നേടുന്ന ആറാമത്തെ താരം

62 ടെസ്റ്റുകള്‍ ന്യുസിലന്‍ഡിന് വേണ്ടി കളിച്ച താരമാണ് കെയ്ന്‍സ്. 1989-2004 കാലയളവില്‍ കെയ്ന്‍സ് കിവീസിന്റെ കുപ്പായം അണിഞ്ഞു. കെയ്ന്‍സിന്റെ ടെസ്റ്റിലെ 87 സിക്‌സുകള്‍ എന്നത് ഒരുവേള ലോക റെക്കോര്‍ഡ് ആയിരുന്നു. ടെസ്റ്റില്‍ 200 വിക്കറ്റും 3000 റണ്‍സും നേടുന്ന ആറാമത്തെ താരമാണ് കെയ്ന്‍സ്. 

ന്യൂസിലന്‍ഡിനായി 215 ഏകദിനങ്ങളില്‍ നിന്ന് 4950 റണ്‍സും 201 വിക്കറ്റും നേടി. 2000ല്‍ വിസ്ഡന്റെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ മാച്ച് ഫിക്‌സിങ് ആരോപണങ്ങള്‍ കെയ്ന്‍സിന്റെ നേട്ടങ്ങളുടെ ശോഭ കെടുത്തി എത്തി. എന്നാല്‍ കോടതിയില്‍ സത്യം തെളിയിച്ചാണ് കെയ്ന്‍സ് തിരിച്ചെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com