സെന​ഗൽ ആഫ്രിക്കൻ രാജാക്കൻമാർ; സലയുടെ ഈജിപ്തിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി മാനെയും സംഘവും; കന്നിക്കിരീടം

സെന​ഗൽ ആഫ്രിക്കൻ രാജാക്കൻമാർ; സലയുടെ ഈജിപ്തിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി മാനെയും സംഘവും; കന്നിക്കിരീടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

യാവോൺഡെ: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കി സെന​ഗൽ. ഏഴ് വട്ടം ചാമ്പ്യൻമാരായ ഈജിപ്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ചരിത്രത്തിൽ ആദ്യമായി സെന​ഗൽ ആഫ്രിക്കൻ കപ്പ് സ്വന്തമാക്കിയത്. മത്സരത്തിന്റെ നിശ്ചിത സമയത്ത് ​ഗോൾ പിറക്കാഞ്ഞതോടെ പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് സെന​ഗൽ ഈജിപ്തിനെ വീഴ്ത്തിയത്. 

ലിവർപൂളിൽ ഒന്നിച്ചു കളിക്കുന്ന സൂപ്പർ താരങ്ങളായ സാദിയോ മാനേയും മുഹമ്മദ് സലയും നേർക്കുനേർ വന്ന പോരാട്ടമെന്ന സവിശേഷതയും ഫൈനലിനുണ്ടായിരുന്നു. ഫൈനലിൽ പക്ഷേ ഇരുവർക്കും തിളങ്ങാൻ സാധിച്ചില്ല.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയ മാനെ ഒടുവിൽ ഷൂട്ടൗട്ടിൽ പന്ത് വലയിലെത്തിച്ച് സെനഗലിനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. ഏഴാം മിനിറ്റിൽ മാനെ എടുത്ത പെനാൽറ്റി കിക്ക് ഈജിപ്ത് ഗോൾകീപ്പർ മുഹമ്മദ് അബു ഗബാൽ തടുത്തിട്ടു. 

പ്രീ ക്വാർട്ടറിൽ ഐവറികോസ്റ്റിനെതിരെയും ക്വാർട്ടറിൽ മൊറോക്കോയ്‌ക്കെതിരെയും സെമിയിൽ കാമറൂണിനെതിരെയും അധിക സമയത്തേക്ക് നീണ്ട മത്സരങ്ങൾ കളിച്ചെത്തിയ ഈജിപ്ത് താരങ്ങൾക്ക് ഫൈനലിൽ മികവ് പുറത്തെടുക്കാനായില്ല.

ഷൂട്ടൗട്ടിൽ സെനഗലിനായി കാലിഡൗ കൗലിബലി, അബു ഡിയാല്ലോ, ബാംബ ഡിയെങ്, സാദിയോ മാനെ എന്നിവർ സ്‌കോർ ചെയ്തപ്പോൾ ബൗന സാർ കിക്ക് നനഷ്ടപ്പെടുത്തി. ഈജിപ്ത് നിരയിൽ അഹമ്മദ് സയ്ദ്, മർവാൻ ഹംദി എന്നിവർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. മുഹമ്മദ് അബ്ദൽ മോനെം, മൊഹനാദ് ലഷീൻ എന്നിവരുടെ കിക്ക് പാഴായി. നിർണായക കിക്കുകൾ തടുത്ത് സെന​ഗലിന്റെ ചെൽസി ​ഗോൾ കീപ്പർ എഡ്വേർഡ് മെൻഡി ഫൈനലിലെ മിന്നും താരമായി മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com