ഓപ്പണര്‍മാര്‍ മൂന്നായി, സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷന്‍ മാറും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2022 11:43 AM  |  

Last Updated: 13th February 2022 11:43 AM  |   A+A-   |  

sanju_samson_ipl

സഞ്ജു സാംസണ്‍/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ് ട്വിറ്റര്‍

 

ബെംഗളൂരു: ഐപിഎല്‍ താര ലേലത്തിലൂടെ മറ്റൊരു മലയാളി താരത്തെ കൂടി രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചു. 7.75 കോടി രൂപയ്ക്ക് ദേവ്ദത്ത് പടിക്കല്‍ ടീമിലേക്ക് എത്തിയതോടെ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷന്‍ മാറുമെന്നാണ് റോയല്‍സിന്റെ സഹ ഉടമ മനോജ് ബാദല്‍. 

ജോസ് ബട്ട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെയാണ് താര ലേലത്തിലേക്ക് വിടാതെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയത്. ഇരുവരും രാജസ്ഥാന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് മനോജ് ബാദല്‍ വ്യക്തമാക്കുന്നു. വണ്‍ ഡൗണ്‍ ആയിട്ടാവും ദേവ്ദത്തിനെ ഇറക്കുക. ഇതോടെ സഞ്ജുവിന്റെ സ്ഥാനം നാലാമതാവും. 

ഹെറ്റ്മയറേയും രാജസ്ഥാന്‍ സ്വന്തമാക്കി

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഓപ്പണറായാണ് ദേവ്ദത്ത് കളിച്ചു വന്നത്. രാജസ്ഥാനില്‍ സഞ്ജു കളിച്ചിരുന്നത് മൂന്നാം സ്ഥാനത്തും. താര ലേലത്തിലൂടെ വിന്‍ഡിസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെറ്റ്മയറേയും രാജസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ മധ്യനിര നിരാശപ്പെടുത്തിയത് രാജസ്ഥാനെ പിന്നോട്ടടിച്ചിരുന്നു. 

ഇത്തവണ താര ലേലത്തിന്റെ ആദ്യ ദിനം തന്നെ 11 കളിക്കാരെയാണ് രാജസ്ഥാന്‍ വാങ്ങിയത്. അശ്വിനേയും ചഹലിനേയും ടീമില്‍ എത്തിച്ച് രാജസ്ഥാന്‍ സ്പിന്‍ കരുത്ത് കൂട്ടുന്നു. സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയും പേസ് നിരയിലേക്ക് വരുന്നതോടെ രാജസ്ഥാന്‍ കരുത്ത് കൂട്ടുന്നു.