'നിര്‍ദ്ദേശങ്ങള്‍ തരു, എനിക്ക് പുതിയ റീലുകള്‍ ചെയ്യണം'- ഡല്‍ഹിയിലേക്കുള്ള മടങ്ങി വരവ്; രസകരമായ പോസ്റ്റുമായി വാര്‍ണര്‍

'നിര്‍ദ്ദേശങ്ങള്‍ തരു, എനിക്ക് പുതിയ റീലുകള്‍ ചെയ്യണം'- ഡല്‍ഹിയിലേക്കുള്ള മടങ്ങി വരവ്; രസകരമായ പോസ്റ്റുമായി വാര്‍ണര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരവും ഓപ്പണിങ് ബാറ്ററുമായ ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലിലെ തിളങ്ങുന്ന താരങ്ങളില്‍ ഒരാളാണ്. 6.25 കോടി രൂപയ്ക്ക് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സാണ് താരത്തെ സ്വന്തമാക്കിയത്. ഏഴ് വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന വാര്‍ണര്‍ ഒരു തവണ അവരെ കിരീട നേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂടിയാണ്. 

എന്നാല്‍ കഴിഞ്ഞ സീസണില്‍ താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നു മാറ്റിയതടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവങ്ങളായിരുന്നു. ഡല്‍ഹിയിലേക്കുള്ള വരവ് വാര്‍ണര്‍ സംബന്ധിച്ച് മടങ്ങി വരവാണ്. 2009ല്‍ വാര്‍ണര്‍ ആദ്യമായി ഐപിഎല്‍ കളിക്കാനിറങ്ങിയത് ഡല്‍ഹിക്ക് വേണ്ടിയായിരുന്നു. അന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേരിലായിരുന്നു ടീം. 

ഇപ്പോഴിതാ ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി ടീമില്‍ തിരിച്ചെത്തുന്നതിന്റെ ആകാംക്ഷ രസകരമായ പോസ്റ്റിലൂടെ പറയുകയാണ് വാര്‍ണര്‍. ഇന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമാ പാട്ടുകള്‍ക്കൊപ്പം നൃത്തം ചെയ്ത് വാര്‍ണറും അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും കൗതുകം ജനിപ്പിക്കാറുള്ള വ്യക്തിത്വങ്ങള്‍ കൂടിയാണ്. ഡല്‍ഹിയിലേക്കുള്ള മടങ്ങി വരവ് അത്തരത്തില്‍ തന്നെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വാര്‍ണര്‍. ഇതിനായി ആരാധകരുടെ അഭിപ്രായവും താരം തേടുന്നു. 

'എല്ലാം ആരംഭിച്ച സ്ഥലത്തേക്ക് തന്നെ ഞാന്‍ മടങ്ങിയെത്തിയിരിക്കുന്നു. എന്റെ പുതിയ ടീം അംഗങ്ങള്‍, ഉടമകള്‍, കോച്ചിങ് സ്റ്റാഫുകള്‍ എന്നിവരെ കാണാനുള്ള ആകംക്ഷയിലാണ്. പഴയതും പുതിയതുമായി ഡല്‍ഹി ആരാധകരേയും പരിചയപ്പെടുന്നതില്‍ സന്തോഷം. എന്റോ ഫോട്ടോ ഷോപ്പുകള്‍ ഇഷ്ടപ്പെടുന്ന ആരാധകര്‍ എനിക്ക് പുതിയ റീലുകള്‍ ചെയ്യാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണം'- വാര്‍ണര്‍ രസകരമായി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. 

ലേലത്തിന്റെ ആദ്യ ദിവസം തുടക്കത്തില്‍ തന്നെ ഡല്‍ഹി വാര്‍ണറെ തങ്ങളുടെ പാളയത്തിലെത്തിച്ചിരുന്നു. യുവ താരം പൃഥ്വി ഷായും വാര്‍ണറും ചേര്‍ന്നായിരിക്കും ഇത്തവണ ഡല്‍ഹിയുടെ ബാറ്റിങിന് തുടക്കമിടുക. വാര്‍ണര്‍ക്കൊപ്പം മിച്ചല്‍ മാര്‍ഷ്, ചേതന്‍ സക്കരിയ, കുല്‍ദീപ് യാദവ്, മുസ്താഫിസുര്‍ റഹ്മാന്‍, ലുംഗി എന്‍ഗിഡി, റോവ്മന്‍ പവല്‍, സര്‍ഫ്രാസ് ഖാന്‍ തുടങ്ങി ശ്രദ്ധേയ താരങ്ങളെ ഡല്‍ഹി പാളയത്തിലെത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com