ആരും വാങ്ങിയില്ല, ലേലം കാണൽ നിർത്തി ഉറങ്ങാൻ പോയി; രാവിലെ ഉണർന്നപ്പോൾ രാജസ്ഥാൻ റോയൽസിൽ! 

ആരും വാങ്ങിയില്ല, ലേലം കാണൽ നിർത്തി ഉറങ്ങാൻ പോയി; രാവിലെ ഉണർന്നപ്പോൾ രാജസ്ഥാൻ റോയൽസിൽ! 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഓക്‌ലൻഡ്: ഐപിഎൽ താര ലേലം പലപ്പോഴും അമ്പരപ്പിക്കുന്നതായി മാറാറുണ്ട്. മികച്ച താരങ്ങളെന്ന് വിലയിരുത്തപ്പെടുന്ന പലരേയും ടീമുകൾ വാങ്ങാറില്ല. ചിലർക്ക് ലക്ഷങ്ങൾ മാത്രമായിരിക്കും അടിസ്ഥാന വില. എന്നാൽ ലേലം വിളിയിലൂടെ ചിലപ്പോൾ കോടികൾ തേടിയെത്തും. കോടിക്കിലുക്കവുമായി ടീമുകളിലെത്തുന്ന ചിലർ അടുത്ത സീസണിൽ ലക്ഷങ്ങൾ മാത്രം വിലയുള്ള താരമായും മാറും. 

അത്തരമൊരു അപ്രതീക്ഷിത കാര്യമാണ് ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിന് പറയാനുള്ളത്. ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ ആരും വാങ്ങിയില്ലെന്ന് കണ്ട് ലൈവായി ലേലം കണ്ടിരുന്ന താരം അതു മതിയാക്കി ഉറങ്ങാൻ പോയി. പിറ്റേ ദിവസം ഉണർന്നപ്പോൾ തന്നെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വിവരമാണ് അറിഞ്ഞത്! ആദ്യ ഘട്ടത്തിൽ ആരും വിളിക്കാതിരുന്ന ഡാരിൽ മിച്ചലിനെ, ലേലത്തിന്റെ അവസാന ഘട്ടത്തിലാണ് അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 

ആദ്യ ഘട്ടത്തിൽ ആരും വാങ്ങാതിരുന്നതോടെ ഇത്തവണയും ഐപിഎലിൽ കളിക്കാനാകില്ലെന്ന് ഉറപ്പിച്ചിരുന്നതായി മിച്ചൽ വെളിപ്പെടുത്തി. ന്യൂസിലൻഡ് ക്രിക്കറ്റ് പങ്കുവച്ച വീഡിയോയിലാണ് ആരും വാങ്ങില്ലെന്ന് ഉറപ്പിച്ചിടത്തു നിന്ന് രാജസ്ഥാൻ റോയൽസിന്റെ ഭാഗമായി മാറിയ കഥ താരം പങ്കുവച്ചത്.

‘ഇത്തവണ ഐപിഎലിന്റെ ഭാഗമാകാൻ അവസരം ലഭിച്ചത് തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. ഐപിഎൽ താര ലേലത്തിന് രജിസ്റ്റർ ചെയ്തിരുന്നതിനാൽ ലേല നടപടികളുടെ ലൈവ് ശ്രദ്ധിച്ചിരുന്നു. ഞാനും ഭാര്യയും കുറച്ചുനേരം ലേലം കാണുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ എന്റെ പേര് വിളിച്ചപ്പോൾ ആരും വാങ്ങിയില്ല. അതോടെ ഐപിഎൽ പ്രതീക്ഷ പൊലിഞ്ഞെന്ന് ഉറപ്പിച്ച് ഞങ്ങൾ ഉറങ്ങാൻ പോയി’.

‘പക്ഷേ രാവിലെ എഴുന്നേറ്റപ്പോൾ കേട്ട വാർത്ത തികച്ചും അപ്രതീക്ഷിതമായിരുന്നു. അപ്പോൾ മാത്രമാണ് എന്നെ രാജസ്ഥാൻ റോയൽസ് വാങ്ങിയ വിവരം അറിഞ്ഞത്. എന്തായാലും ഇത്തവണ ഐപിഎലിന്റെ ഭാഗമാകാൻ കാത്തിരിക്കുകയാണ് ഞാൻ. അത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടി20 ലീഗാണത്. അവിടെ ഒരുപിടി ലോകോത്തര താരങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ സാധിക്കുന്നത് വ്യക്തിപരമായി എന്റെ പ്രകടനവും മെച്ചപ്പെടുത്തുമെന്ന് ഉറപ്പുണ്ട്’ – മിച്ചൽ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com