പെനാൽറ്റി തുലച്ചത് മാത്രമല്ല, ആ നാണക്കേടിന്റെ റെക്കോർഡിൽ ഇനി മെസിയുടെ പേരും

പെനാൽറ്റി തുലച്ചത് മാത്രമല്ല, ആ നാണക്കേടിന്റെ റെക്കോർഡിൽ ഇനി മെസിയുടെ പേരും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: ചാമ്പ്യൻസ് ലീ​ഗ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കമായപ്പോൾ പിഎസ്ജി സ്വന്തം തട്ടകത്തിൽ മുൻ ചാമ്പ്യൻമാരായ റയൽ മാ‍ഡ്രിഡിനെ മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് വീഴ്ത്തി ആദ്യ പാദത്തിൽ വിജയം സ്വന്തമാക്കി മുന്നിലെത്തി. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസി പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോൾ കിലിയൻ എംബാപ്പെയുടെ മിന്നും ​ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. 

മത്സരത്തിൽ 61ാം മിനിറ്റിലാണ് മെസി പെനാൽറ്റി നഷ്ടപ്പെടുത്തിയത്. റയൽ താരം ഡാനി കാർവഹൽ എംബാപ്പെയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് മെസി തുലച്ചത്. പെനാൽറ്റി നഷ്ടപ്പെടുത്തിയതോടെ ചാമ്പ്യൻസ് ലീ​ഗ് ചരിത്രത്തിലെ ഒരു നാണക്കേടിന്റെ റെക്കോർഡിനൊപ്പവും അർജന്റീന സൂപ്പർ താരം എത്തി. 

ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവുമധികം പെനാൽറ്റി നഷ്ടപ്പെടുത്തിയ താരമെന്ന മോശം റെക്കോർഡിനൊപ്പമാണ് മെസി എത്തിയത്. മത്സരത്തിൽ മെസി മികച്ച പ്രകടനം നടത്തിയെങ്കിലും രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി റയൽ ഗോൾകീപ്പർ കോർട്ടുവ തട്ടിയകറ്റുകയായിരുന്നു. 

ഇതുവരെ ചാമ്പ്യൻസ് ലീഗിൽ 23 പെനാൽറ്റികൾ എടുത്തിട്ടുള്ള മെസി അഞ്ചാം പെനാൽറ്റിയാണ് നഷ്ടപ്പെടുത്തിയത്. മുൻ ആഴ്‌സണൽ താരമായ തിയറി ഹെൻറിയുടെ പേരിലുണ്ടായിരുന്ന മോശം റെക്കോർഡിനൊപ്പമാണ് മെസി എത്തിയത്. അതേസമയം ഇന്നലെ ലഭിച്ച പെനാൽറ്റി എടുത്തതോടെ റൊണാൾഡോയെ മറികടന്ന് ഏറ്റവുമധികം പെനാൽറ്റി കിക്കുകൾ എടുക്കുന്ന താരമായി മെസി മാറി.

മത്സരത്തിൽ പെനാൽറ്റി നഷ്‌ടപ്പെടുത്തിയത് മാറ്റി നിർത്തിയാൽ മെസിയുടെ പ്രകടനം മികച്ചതായിരുന്നു. ആദ്യ പകുതിയിൽ എംബാപ്പക്ക് ഒരു സുവർണാവസരം ഒരുക്കി നൽകിയ മെസി മത്സരത്തിലുടനീളം പിഎസ്‌ജി മുന്നേറ്റങ്ങളിൽ പ്രധാന പങ്കു വഹിച്ചു. നാല് കീ പാസുകൾ കളിയിൽ നൽകിയ മെസി നിർണായക ഘട്ടത്തിൽ പക്ഷെ പെനാൽറ്റി തുലച്ച് അതിന്റെ മേന്മ നഷ്ടപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com