2 സെഞ്ച്വറികൾ, 2 അർധ സെഞ്ച്വറികൾ; എട്ടിന് 454; രഞ്ജിയിൽ മികച്ച ലീഡുമായി കേരളം

2 സെഞ്ച്വറികൾ, 2 അർധ സെഞ്ച്വറികൾ; എട്ടിന് 454; രഞ്ജിയിൽ മികച്ച ലീഡുമായി കേരളം
കേരള ഓപ്പണര്‍ രാഹുല്‍ പി
കേരള ഓപ്പണര്‍ രാഹുല്‍ പി

രാജ്കോട്ട്: മേഘാലയക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തിൽ കൂറ്റൻ ലീഡുമായി കേരളം. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മൽ, പി. രാഹുൽ എന്നിവരുടെ സെഞ്ച്വറിക്കു പിന്നാലെ ക്യാപ്റ്റൻ സച്ചിൻ ബേബിയും വത്സൽ ഗോവിന്ദും അർധ സെഞ്ച്വറികളുമായി തിളങ്ങിയതോടെ കേരളത്തിന്റെ ലീഡ് മുന്നൂറ് കടന്നു. 

രണ്ടാം ദിനം കളി നിർത്തുമ്പോൾ 125.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 454 റൺസ് എന്ന നിലയിലാണ് കേരളം. വത്സൽ ഗോവിന്ദ് 76 റൺസോടെ ക്രീസിൽ. മേഘാലയയുടെ ഒന്നാം ഇന്നിങ്സ് സ്കോർ 148 റൺസിൽ അവസാനിപ്പിച്ച കേരളത്തിന് ഇപ്പോൾ 306 റൺസിന്റെ ലീഡായി.

147 പന്തുകൾ നേരിട്ട വത്സൽ ഗോവിന്ദ് നാല് ഫോറും ഒരു സിക്സും സഹിതമാണ് 76 റൺസെടുത്തത്. 113 പന്തുകൾ നേരിട്ട ക്യാപ്റ്റൻ സച്ചിൻ ബേബി ആറ് ഫോറുകളോടെ 56 റൺസെടുത്ത് പുറത്തായി. ഇന്ന് ആദ്യ സെഷനിൽ സെഞ്ച്വറി തികച്ച ഓപ്പണർ പി രാഹുൽ 147 റൺസെടുത്തു. 239 പന്തിൽ 17 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്.

ജലജ് സക്സേന (15 പന്തിൽ 10), വിഷ്ണു വിനോദ് (17 പന്തിൽ നാല്), സിജോമോൻ ജോസഫ് (67 പന്തിൽ 21), മനു കൃഷ്ണൻ (28 പന്തിൽ 11), ബേസിൽ തമ്പി (33 പന്തിൽ എട്ട്) എന്നിവരാണ് ഇന്ന് പുറത്തായ മറ്റുള്ളവർ. സെഞ്ച്വറി നേടിയ ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ (97 പന്തിൽ 107) ആദ്യ ദിനം പുറത്തായിരുന്നു.

മേഘാലയയ്ക്കായി ചിരാഗ് ഖുറാന 37.5 ഓവറിൽ 106 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്യൻ, മുഹമ്മദ് നഫീസ് എന്നിവർ രണ്ട് വിക്കറ്റ് വീതം പിഴുതു. ഡിപ്പുവിനാണ് ഒരു വിക്കറ്റ്. നേരത്തെ, ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ മേഘാലയയെ കേരള ബൗളർമാർ 148 റൺസിൽ  ഒതുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com