വാസ്‌കോ: ആദ്യ നാലില്‍ സ്ഥാനം ഉറപ്പിക്കുക ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ശക്തരായ എടികെ മോഹന്‍ ബഗാനെ നേരിടും. ഉദ്ഘാടന മത്സരത്തില്‍ എടികെയോട് 4-2ന് തോറ്റതിന്റെ കണക്ക് തീര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എടികെയോട് ആദ്യ മത്സരത്തില്‍ തോറ്റ് മടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് അല്ല ഇപ്പോഴത്തേത്. എല്ലാ മേഖലയിലും കരുത്ത് കാണിച്ച് വമ്പന്മാര്‍ പലരേയും മലര്‍ത്തിയടിച്ചാണ് വരുന്നത്. എന്നാല്‍ തങ്ങളുടെ പ്രധാന താരമായ റോയ് കൃഷ്ണയുടെ അഭാവത്തിലും തുടര്‍ ജയങ്ങള്‍ കണ്ടെത്തി മുന്നേറുന്ന എടികെ മോഹന്‍ ബഗാനെ കീഴ്‌പ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സ് വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് വ്യക്തം.
ലെസ്‌കോവിച്ചും ഖബ്രയും മടങ്ങിയെത്തും
പരിക്കില്‍ നിന്ന് മുക്തനായെത്തുന്ന കെപി രാഹുലിനെ എടികെയ്ക്ക് എതിരെ വുകോമനോവിച്ച് ഇറക്കിയേക്കും. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന ഖബ്രയും ലെസ്‌കോവിച്ചും സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം നേടും. ഈസ്റ്റ് ബംഗാളിന് എതിരെ കേരളത്തിന്റെ കളി മികച്ചതായിരുന്നില്ല.
പ്ലേഓഫ് ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന് മികച്ച മത്സര ഫലങ്ങള്‍ ലഭിക്കണം. ഏഴ് ജയവും അഞ്ച് തോല്‍വിയുമായി നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഹൈദരാബാദ് ആണ് എടികെയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍പിലെത്തുന്ന മറ്റൊരു വമ്പന്‍. പിന്നാലെ ചെന്നൈ, മുംബൈ, ഗോവ എന്നീ ടീമുകളെയാണ് ബ്ലാസ്റ്റേഴ്‌സിന് നേരിടേണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ