വത്സലിനും സെഞ്ചുറി, രഞ്ജിയില്‍ ട്രിപ്പിളടിച്ച് കേരളം; കൂറ്റന്‍ ലീഡ്, 38-3ലേക്ക് വീണ് മേഘാലയ
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2022 11:42 AM |
Last Updated: 19th February 2022 11:42 AM | A+A A- |

ഫോട്ടോ: കെസിഎ, ട്വിറ്റര്‍
രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ യുവതാരം വത്സല്‍ ഗോവിന്ദിനും സെഞ്ചുറി. ആദ്യ ദിനം രോഹന്‍ കുന്നുമ്മലും രണ്ടാം ദിനം രാഹുല്‍ പിയും സെഞ്ചുറി നേടിയപ്പോള്‍ മൂന്നാം ദിനം വത്സലിന്റെ ദിനമായി. 505-9 എന്ന നിലയില്‍ കേരളം ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
കേരളം ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 193 പന്തില്‍ നിന്ന് 106 റണ്‍സോടെ വത്സല്‍ പുറത്താവാതെ നില്‍ക്കുന്നു. എട്ട് ഫോറും ഒരു സിക്‌സുമാണ് വത്സലിന്റെ ബാറ്റില്‍ നിന്ന് വന്നത്. മൂന്നാം ദിനം കേരളം ബാറ്റിങ് പുനരാരംഭിച്ചപ്പോള്‍ 76 റണ്‍സുമായാണ് വത്സല്‍ ക്രീസിലേക്ക് ഇറങ്ങിയത്. ഇവിടെ ശ്രീശാന്ത് മറുവശത്ത് പിടിച്ചു നിന്നതാണ് വത്സലിനെ സെഞ്ചുറിയിലേക്ക് എത്താന്‍ തുണച്ചത്.
38-3ലേക്ക് വീണ് മേഘാലയ
43 പന്തില്‍ നിന്ന് ശ്രീശാന്ത് 19 റണ്‍സ് നേടി. രണ്ട് ഫോറും ഒരു സിക്‌സും ശ്രീശാന്തിന്റെ ബാറ്റില്‍ നിന്ന് വന്നു. 357 റണ്‍സ് ലീഡാണ് കേരളത്തിന് ഒന്നാം ഇന്നിങ്‌സില്‍ ഉള്ളത്. ആദ്യ ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് രോഹന്‍ സെഞ്ചുറി കണ്ടെത്തിയത്. 97 പന്തില്‍ നിന്ന് രോഹന്‍ 107 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ പി 239 പന്തുകള്‍ നേരിട്ട് 147 റണ്‍സുമായി മടങ്ങി.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച മേഘാലയ്ക്ക് തുടക്കത്തില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ കിഷനെ നാല് പന്തില്‍ ഡക്കാക്കി മനു കൃഷ്ണ മടക്കി.പിന്നാലെ 38-3ലേക്ക് മേഘാലയ വീണു കഴിഞ്ഞു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 357 റണ്‍സ് എന്നത് മേഘാലയ്ക്ക് മുന്‍പില്‍ വലിയ വെല്ലുവിളിയാണ്. ഒന്നാം ഇന്നിങ്‌സില്‍ 40.4 ഓവറില്‍ 148 റണ്‍സിനാണ് മേഘാലയെ കേരളം ചുരുട്ടിക്കെട്ടിയത്.