‘സഞ്ജു ലോകകപ്പ് പദ്ധതികളുടെ ഭാ​ഗം; ഹർദികിനെ വെറുതെ വിടു‘ 

‘സഞ്ജു ലോകകപ്പ് പദ്ധതികളുടെ ഭാ​ഗം; ഹർദികിനെ വെറുതെ വിടു‘ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കുന്നതിന്റെ ഭാ​ഗമായാണ് സെലക്ടർമാർ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൻ വീണ്ടും ടീമിൽ ഇടംപിടിച്ചതോടെ അദ്ദേഹത്തിനും ആ പദ്ധതിയിൽ ഇടമുണ്ടെന്ന് വ്യക്തം. ഇക്കാര്യം വ്യക്തമാക്കിയാണ് മുഖ്യ സെലക്ടർ ചേതൻ ശർമ പ്രതികരിച്ചത്. 

ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ഇഷാൻ കിഷനൊപ്പം വിക്കറ്റ് കീപ്പറായി സഞ്ജുവും ടീമിൽ ഇടം കണ്ടത്. മികച്ച പ്രകടനം പുറത്തെടുത്താൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനും ഇടമുണ്ടാകുമെന്ന വ്യക്തമായ സന്ദേശമാണ് ടീം തിരഞ്ഞെടുപ്പിലൂടെ സെലക്ടർമാർ നൽകിയത്. 

സഞ്ജുവിന്റെ മികവു തിരിച്ചറിഞ്ഞ് എക്കാലവും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ആളാണ് രാഹുൽ ദ്രാവിഡ്. ദ്രാവിഡ് ഇന്ത്യൻ പരിശീലകനായതോടെ അദ്ദേഹത്തിന്റെ കീഴിൽ ഇത്തവണ സഞ്ജുവിന് തിളങ്ങാനാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

പരിക്കിന്റെ പിടിയിലായതിനെ തുടർന്ന് ഈ സീസണിൽ കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ മേഘാലയയ്‌ക്കെതിരെ സഞ്ജു കളിച്ചിരുന്നില്ല. എന്നാൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വച്ച് (എൻസിഎ) കഴിഞ്ഞ ദിവസം ഫിറ്റ്നസ് കടമ്പ കടക്കുകയും ചെയ്തു. ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ഫെബ്രുവരി 24ന് നടക്കുന്ന ഗുജറാത്തിനെതിരായ മത്സരത്തിലും സഞ്ജു കളിക്കില്ലെന്ന് ഉറപ്പായി. ഫെബ്രുവരി 24നു തന്നെയാണ് ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20 മത്സരം നടക്കുക.

പരിക്കേറ്റ് വിശ്രമിക്കുന്ന ഹാർദിക് പാണ്ഡ്യയെ ടീം തിരഞ്ഞെടുപ്പിൽ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നും ചേതൻ ശർമ വ്യക്തമാക്കി. ഫിറ്റ്നസ് ടെസ്റ്റ് പാസാകുന്ന പക്ഷം പാണ്ഡ്യയെ ദേശീയ ടീമിലേക്ക് പരിഗണിക്കും. മാധ്യമങ്ങൾ ഹാർദിക് പാണ്ഡ്യയുടെ പിന്നാലെ പോകുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിനായി ഒട്ടേറെ സംഭാവനകൾ നൽകിയ താരത്തിന് ഈ ഘട്ടത്തിൽ പിന്തുണ നൽകുകയാണ് വേണ്ടതെന്ന് ശർമ ചൂണ്ടിക്കാട്ടി.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം പിടിക്കാനായില്ലെങ്കിലും വെറ്ററൻ താരങ്ങളായ അജിൻക്യ രഹാനെയ്‌ക്കും ചേതേശ്വർ പൂജാരയ്ക്കും മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ തുറന്നുകിടക്കുകയാണെന്നും ശർമ വ്യക്തമാക്കി.

‘ഞങ്ങൾ രഹാനെയോടും പൂജാരയോടും സംസാരിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിലേക്ക് പരിഗണിക്കുന്നില്ലെന്ന് അവരെ നേരിട്ട് അറിയിച്ചു. തത്കാലം ഇരുവരും രഞ്ജി ട്രോഫിയിൽ കളിക്കട്ടെ. ദേശീയ ടീമിന്റെ വാതിലുകൾ അവർക്കായി തുറന്നു തന്നെ കിടക്കും’ – ശർമ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com