പറത്തിയത് ഏഴ് സിക്‌സുകള്‍; കത്തിക്കയറി സൂര്യകുമാര്‍ യാദവ്; വിന്‍ഡീസിന് മുന്നില്‍ 185 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

പറത്തിയത് ഏഴ് സിക്‌സുകള്‍; കത്തിക്കയറി സൂര്യകുമാര്‍ യാദവ്; വിന്‍ഡീസിന് മുന്നില്‍ 185 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ 185 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

ഒരിക്കല്‍ കൂടി വെങ്കടേഷ് അയ്യര്‍- സൂര്യകുമാര്‍ യാദവ് സഖ്യമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് വിന്‍ഡീസ് ബൗളര്‍മാരെ തല്ലി വശംകെടുത്തി. 93 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ഈ നിലയിലെത്തിച്ചത് ഇരുവരും ചേര്‍ന്ന കൂട്ടുകെട്ടാണ്. 

സൂര്യകുമാര്‍ യാദവാണ് കത്തിക്കയറിയത്. താരം 31 പന്തില്‍ ഏഴ് കൂറ്റന്‍ സിക്‌സുകളും ഒരു ഫോറും സഹിതം 65 റണ്‍സ് വാരി. അവസാന ഓവറിന്റെ അവസാന പന്തിലാണ് സൂര്യകുമാര്‍ പുറത്തായത്. താരത്തെ റൊമാരിയോ ഷെഫേര്‍ഡിന്റെ പന്തില്‍ പവല്‍ പിടിച്ച് പുറത്താക്കി. വെങ്കടേഷ് അയ്യര്‍ 19 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്‌സും സഹിതം 35 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ് (നാല്), ഇഷാന്‍ കിഷാന്‍ (34), ശ്രേയസ് അയ്യര്‍ (25), രോഹിത് ശര്‍മ (ഏഴ്) എന്നിവരാണ് പുറത്തായത്. റുതുരാജിനെ ജാസന്‍ ഹോള്‍ഡര്‍ കെയ്ല്‍ മേയേഴ്‌സിന്റെ കൈകളില്‍ എത്തിച്ചു. ഇഷാന്‍ കിഷനെ റോസ്റ്റന്‍ ചെയ്‌സ് ക്ലീന്‍ ബൗള്‍ഡാക്കി. ശ്രേയസിന്റെ വിക്കറ്റ് ഹെയ്ഡന്‍ വാല്‍ഷിനാണ്. താരത്തെ ഹോള്‍ഡര്‍ പിടിച്ച് പുറത്താക്കി. രോഹിതിനെ ഡൊമിനിക്ക് ഡ്രാക്‌സ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com