കൊല്‍ക്കത്ത: ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയുടെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. തന്നോട് വിരമിക്കാന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെട്ടതായാണ് സാഹ വെളിപ്പെടുത്തിയത്. വിരമിക്കലിനെ കുറിച്ച് ചിന്തിക്കാന്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നോട് നിര്‍ദേശിച്ചുവെന്നും ഇനിയങ്ങോട്ട് സെലക്ഷനില്‍ തന്നെ പരിഗണിക്കില്ലെന്നും ദ്രാവിഡ് അറിയിച്ചു എന്നായിരുന്നു സാഹ വെളിപ്പെടുത്തിയത്. ഒന്നും പേടിക്കേണ്ടതില്ലെന്ന് ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി പറഞ്ഞുവെന്നും സാഹ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ടീമിന്റെ ഭാവി പദ്ധതികള്‍ താനില്ലെന്ന കാര്യം മനസിലാക്കിയെന്നുമായിരുന്നു സാഹ പറഞ്ഞത്.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ദ്രാവിഡ്. സാഹയുടെ പരാമര്‍ശം തന്നെ വേദനിപ്പിച്ചിട്ടില്ലെന്ന് ദ്രാവിഡ് പറയുന്നു. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്. അദ്ദേഹത്തോട് ഏറെ ബഹുമാനമുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.
'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി പദ്ധതികളില്‍ അദ്ദേഹം ഇല്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. സാഹ എന്നെ പരാമര്‍ശിച്ചതില്‍ എനിക്ക് ഒട്ടും വേദനയില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവകളോട് അങ്ങേയറ്റം ബഹുമാനവും എനിക്കുണ്ട്. പക്ഷേ കാര്യങ്ങള്‍ സത്യസന്ധമായും വ്യക്തതയോടെയും അദ്ദേഹം ഉള്‍ക്കൊള്ളണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആ അര്‍ത്ഥത്തിലാണ് അദ്ദേഹത്തോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പരിശീലകനെന്ന നിലയില്‍ എല്ലാ കളിക്കാരോടും ഇത്തരത്തില്‍ തന്നെയാണ് സംസാരിക്കാറുള്ളത്. അതുകൊണ്ടു തന്നെ ആ പറഞ്ഞതില്‍ എനിക്ക് വേദനയില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ കളിക്കാര്‍ ഇഷ്ടപ്പെടുമെന്നോ അംഗീകരിക്കുമെന്നോ ഞാന്‍ പ്രതീക്ഷിക്കുന്നില്ല.'
'താരങ്ങളോട് അപ്രിയമായ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. കേള്‍ക്കുന്ന താരങ്ങള്‍ ചിലപ്പോള്‍ യോജിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുന്ന ഘട്ടങ്ങളിലെല്ലാം ഇത്തരം സംഭാഷണങ്ങള്‍ വേണ്ടി വരും. രോഹിതും ഞാനുമൊക്കെ ഇങ്ങനെ താരങ്ങളോട് സംസാരിക്കാറുണ്ട്. സ്വാഭവികമായും താരങ്ങള്‍ക്ക് വേദനയുണ്ടാകും. അത്തരത്തില്‍ തന്നെയാണ് സാഹയോടും സംസാരിച്ചത്. കാര്യങ്ങള്‍ അദ്ദേഹം വ്യക്തമായി മനസിലാക്കേണ്ടതുണ്ട് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം ഞാന്‍ അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു.'
'ഋഷഭ് പന്താണ് ഇപ്പോള്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. പന്തിന് പകരം യുവ തലമുറയിലെ ഒരു വിക്കറ്റ് കീപ്പറെ വയ്ക്കാനാണ് ടീം പദ്ധതി ഇട്ടത്. ഇക്കാര്യമാണ് അദ്ദേഹത്തോട് ഞാന്‍ സൂചിപ്പിച്ചത്.
ഇക്കാര്യം പറയാതെ ഇരിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. പക്ഷേ വിഷയത്തില്‍ അദ്ദേഹം വ്യക്തത അര്‍ഹിക്കുന്നുണ്ടെന്ന് തോന്നിയതിനാലാണ് സാഹയോട് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത്. അതിനര്‍ത്ഥം അദ്ദേഹത്തോടുള്ള എന്റെ മനോഭാവം മാറി എന്നല്ല. അദ്ദേഹത്തോട് തികഞ്ഞ ബഹുമാനം മാത്രമാണ് ഉള്ളത്. ഏത് സന്ദര്‍ഭത്തിലാണ് ഞാന്‍ അങ്ങനെ സംസാരിച്ചത് എന്ന് മനസിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്'- ദ്രാവിഡ് വ്യക്തമാക്കി.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിന്റെ നായകനായി രോഹിത് ശര്‍മയെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വെറ്ററന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഇഷാന്ത് ശര്‍മ, വൃദ്ധിമാന്‍ സാഹ എന്നിവരെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് തന്റെ നിരാശ മറച്ചു വയ്ക്കാതെ സാഹ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates