ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട് രോഹിത്; ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2022 10:18 AM |
Last Updated: 21st February 2022 10:18 AM | A+A A- |

ഫോട്ടോ: ട്വിറ്റർ
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20 പോരാട്ടവും ഇന്ത്യ തൂത്തുവാരി. ഒരു വിജയം പോലുമില്ലാതെ നിരാശയിലാണ് വിന്‍ഡീസ് നാട്ടിലേക്ക് മടങ്ങുന്നത്. പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടി20 റാങ്കില്‍ ഇന്ത്യ നേട്ടം സ്വന്തമാക്കിയപ്പോള്‍ ക്യാപ്റ്റന്‍സിയില്‍ രോഹിത് പുതിയ റെക്കോര്‍ഡും എഴുതി ചേര്‍ത്തത് ഇന്ത്യക്ക് ഇരട്ടി മധുരമായി മാറി.
അവസാന പോരാട്ടത്തില്‍ വിന്‍ഡീസിനെ കീഴടക്കിയതോടെ ഇന്ത്യ ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് എത്തി. ഇംഗ്ലണ്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടം. അവസാന ടി20 ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ടായിരുന്നു ഒന്നാം റാങ്കില്‍. അവസാന പോരാട്ടം വിജയിച്ചതോടെയാണ് 269 റേറ്റിങ് പോയിന്റുകളുമായി ഇന്ത്യ തലപ്പത്തെത്തിയത്.
ഇന്ത്യയുടെ സ്ഥിരം നായകനായി അരങ്ങേറിയതിന് പിന്നാലെ രോഹിത് ശര്‍മയും നേട്ടത്തിന്റെ തിളക്കത്തിലാണ്. മൂന്നോ അതിലധികമോ ടി20 പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യന്‍ നായകനായി ഇതോടെ രോഹിത് മാറി.
രോഹിതിന്റെ കീഴില്‍ ഇന്ത്യ നാലാം തവണയാണ് എതിരാളികളെ വൈറ്റ് വാഷ് ചെയ്ത് പരമ്പര തൂത്തുവാരുന്നത്. 2017ല്‍ ശ്രീലങ്കയേയും 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനേയും 2021ല്‍ ന്യൂസിലന്‍ഡിനേയും പിന്നാലെ ഇപ്പോള്‍ വീണ്ടും വിന്‍ഡീസിനേയുമാണ് രോഹിതിന്റെ കീഴില്‍ ഇന്ത്യ എല്ലാ മത്സരങ്ങളിലും കീഴടക്കുന്നത്.
ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് രോഹിത്. ബാബര്‍ അസം (അഞ്ച്), അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ (നാല്) എന്നിവരാണ് രോഹതിന് മുന്‍പ് ലോക ക്രിക്കറ്റില്‍ ഈ നേട്ടം തൊട്ട നായകന്‍മാര്‍.
പരമ്പരയില്‍ ബാറ്റിങിലും ബൗളിങിലും സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യയുടെ വിജയം. അവസാന ടി20യില്‍ 17 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങും 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലിന്റെ ഉജ്ജ്വല ബൗളിങുമാണ് ഇന്ത്യന്‍ ജയത്തിന്റെ കാതല്‍.